കേരളത്തിലെ ഏറ്റവും ജനകീയനായ രാഷ്ട്രീയ നേതാവ് കൂടെയില്ലാത്തതിന്റെ നഷ്ടബോധമാണു രണ്ടു വർഷമായി യുഡിഎഫും കോൺഗ്രസും അനുഭവിക്കുന്നത്. ഉമ്മൻ ചാണ്ടിക്കു ജനങ്ങളുമായുള്ള സ്നേഹബന്ധം കോൺഗ്രസിന്റെ ഏറ്റവും വലിയ ആസ്തികളിലൊന്നായിരുന്നു.
ബാക്കിയുള്ളവരുടെ വിഹിതങ്ങളെല്ലാം കൂട്ടിയാലും പകരം വയ്ക്കാനാകാത്ത സ്വത്ത്.ജീവിച്ചിരുന്ന ഉമ്മൻ ചാണ്ടിയെ കണ്ടാലറിയാത്ത കുഞ്ഞുങ്ങൾ പോലും കേരളത്തിൽ ഉണ്ടാവില്ല. തിരിച്ച്, ഓരോ പഞ്ചായത്തിലും ഉമ്മൻ ചാണ്ടിക്കു പേരുവിളിക്കാമായിരുന്ന നൂറുപേരെങ്കിലും ഉണ്ടാകും.
ജനസഹസ്രങ്ങളുമായി പാർട്ടിയെ ബന്ധിപ്പിച്ചു നിർത്തിയ നേതാവ് ഇല്ലാതായതിന്റെ ശൂന്യത പല സന്ദർഭങ്ങളിൽ കോൺഗ്രസുകാർ തിരിച്ചറിയുന്നു. നിസ്സാരമെന്നു രാഷ്ട്രീയക്കാർക്കു തോന്നുന്ന പല പ്രശ്നങ്ങളും ഉമ്മൻ ചാണ്ടിക്കു ഗൗരവമുള്ളതായിരുന്നു.
മനുഷ്യരുടെ വിഷമങ്ങളിൽ അവർക്കൊപ്പംനിന്നു സഹായിക്കുക രാഷ്ട്രീയദൗത്യം കൂടെയാണെന്ന പാഠമാണു സ്വജീവിതത്തിലൂടെ അദ്ദേഹം പകർന്നുകൊടുത്തത്. ജീവകാരുണ്യ പ്രവർത്തനം രാഷ്ട്രീയ പ്രവർത്തനത്തിന്റെ അവിഭാജ്യഘടകമായി സമീപകാലത്തു മാറിയതിൽ ഉമ്മൻ ചാണ്ടിയിലെ കാരുണ്യവാൻ വഹിച്ച പങ്കു ചെറുതല്ല.ഏതു പ്രശ്നത്തിന്റെയും കുരുക്കഴിക്കാനുള്ള വൈഭവം മാത്രമല്ല, കുറിപ്പടിയും അദ്ദേഹത്തിന്റെ പക്കലുണ്ടാകുമായിരുന്നു.
സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന ഒരു പ്രശ്നത്തെക്കുറിച്ചു യുഡിഎഫ് യോഗത്തിൽ നടക്കുന്ന ചർച്ചയ്ക്ക് ഒന്ന്, രണ്ട്, മൂന്ന് എന്ന് അക്കമിട്ട് അദ്ദേഹം നൽകുന്ന മറുപടിയോടെ പിന്നെ ചോദ്യം വേണ്ടിവന്നിരുന്നില്ല. ‘അവ്യക്തത’ എന്ന വാക്ക് അദ്ദേഹത്തിന്റെ നിഘണ്ടുവിൽ ഉണ്ടായിരുന്നില്ല. നിമിഷപ്രിയയുടെ മോചനത്തിനായി കേരളം ഒത്തൊരുമിക്കുമ്പോൾ ഉമ്മൻ ചാണ്ടി നടത്തിയ ശ്രമങ്ങൾ ഊർജവും പ്രചോദനവുമാകുന്നു.
വിഴിഞ്ഞം തുറമുഖം കുതിക്കുമ്പോൾ കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിന് ആദ്യം ദഹിക്കാതിരുന്ന ആ തീരുമാനമെടുത്ത അന്നത്തെ മുഖ്യമന്ത്രിയുടെ ദൃഢനിശ്ചയത്തിനു കയ്യടി ഉയരുന്നു.
പുതുപ്പള്ളിയിൽനിന്നു തിരുവനന്തപുരത്തെ ‘പുതുപ്പള്ളി ഹൗസിലേ’ക്കുള്ള ഉമ്മൻ ചാണ്ടിയുടെ പ്രയാണം വിദ്യാർഥിനേതാവിൽനിന്നു തലപ്പൊക്കമുള്ള നേതാവിലേക്കുള്ള വളർച്ചയും ഈ കാലഘട്ടത്തിന്റെ രാഷ്ട്രീയചരിത്രവുമാണ്. കോൺഗ്രസിന്റെ കയിറ്റിറക്കങ്ങളിൽ ഉമ്മൻ ചാണ്ടി എന്ന നേതാവിന്റെ കയ്യടയാളമുണ്ട്.
പൊടുന്നനെ അനാഥരായിപ്പോയെന്ന സങ്കടമാണു കൂടെ ഉണ്ടായിരുന്നവർക്ക്. എതിരാളികളെ നിഷ്പ്രഭമാക്കുന്ന പാർലമെന്ററി വൈഭവത്തിന്റെ ഉടമയായിരുന്ന നേതാവിന്റെ അസാന്നിധ്യം അരനൂറ്റാണ്ട് അദ്ദേഹം നിറഞ്ഞുനിന്ന കേരള നിയമസഭയും അറിയുന്നു.
ഇല്ലാത്ത ആരോപണങ്ങളുടെ പേരിൽ അദ്ദേഹത്തെ വേട്ടയാടിയവരും അതിൽ വ്യസനിക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

