തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് ഒരു കാലത്ത് പ്രൗഢിയോടെ നിലകൊണ്ടിരുന്ന കരമനയിലെ കൂടത്തിൽ തറവാടിന്റെ ഭൂതകാലം വലിയൊരു ചരിത്രമാണ്. മുറ്റത്ത് കാളവണ്ടികളും ഒട്ടേറെ പരിചാരകരും എപ്പോഴും തേങ്ങയുടെ കൂമ്പാരവുമായിരുന്നു അക്കാലത്തെ കാഴ്ച.
മുണ്ടും ബുഷ്കോട്ടും ധരിച്ച് തറവാടിന്റെ കാരണവരായി ഗോപിനാഥൻ നായർ നിറഞ്ഞുനിന്നിരുന്നു. മദ്രാസ് യൂനിവേഴ്സിറ്റിയിലെ പഠനകാലത്ത് മുൻ രാജ്യാന്തര താരം രാമനാഥൻ കൃഷ്ണനൊപ്പം ടെന്നിസ് റാക്കറ്റുമേന്തി അദ്ദേഹം നിൽക്കുന്ന ചിത്രം ഉമ്മറത്തെ ചുവരിൽ ഉണ്ടായിരുന്നതായി പഴയകാല ഓർമകൾ വ്യക്തമാക്കുന്നു.
സഹോദരങ്ങളായ നാരായണപിള്ളയുടെയും വേലുപ്പിള്ളയുടെയും കുടുംബങ്ങൾക്കൊപ്പമാണ് ഗോപിനാഥൻ നായർ കൂടത്തിൽ ‘ഉമാമന്ദിര’ത്തിൽ താമസിച്ചിരുന്നത്. ഏക്കറുകണക്കിനു ഭൂമിയുണ്ടായിരുന്ന കുടുംബത്തിൽ തേങ്ങ ഇടാനായി മാത്രം ഒട്ടേറെ ജോലിക്കാരുണ്ടായിരുന്നു.
വൈകുന്നേരങ്ങളിൽ കാളവണ്ടി നിറയെ തേങ്ങ എത്തിക്കുന്നത് എഴുപതുകളിലെ സ്ഥിരം കാഴ്ചയായിരുന്നെന്ന് മുൻ എസ്പി കെ.കെ.ജയമോഹൻ പറഞ്ഞു. വേലുപ്പിള്ളയുടെ മകൾ മഹേശ്വരിഅമ്മ ചെറുപ്രായത്തിൽ മരിച്ചത് കുടുംബത്തിന് വലിയ ആഘാതമായി.
മകൾ ജയശ്രീയുടെ ആത്മഹത്യ ഗോപിനാഥൻ നായരെയും തളർത്തി. പിന്നീട് തുടർച്ചയായ മരണങ്ങൾ കുടുംബത്തിന്റെ താളം തെറ്റിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടത്തിൽ വകയായിരുന്നത് നഗരത്തിൽ 18 ഏക്കർ ഭൂമി കരമനയിലെ കൂടത്തിൽ കുടുംബത്തിന്റെ കൈവശമുണ്ടായിരുന്നത് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 18 ഏക്കറോളം ഭൂമിയെന്നാണ് റവന്യൂ വകുപ്പിന്റെ സമാന്തര അന്വേഷണത്തിൽ വ്യക്തമായത്. കുടുംബത്തിലെ ദുരൂഹമരണങ്ങൾ സംബന്ധിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ആസ്തികളുടെ വിവരങ്ങൾ പുറത്തുവന്നത്.
പിന്നീട് സ്വത്തുക്കളിൽ ഒരു ഭാഗം പല വ്യക്തികളുടെ പേരിലേക്ക് മാറ്റുകയും ചിലതു വിൽക്കുകയും ചെയ്തു. കാരയ്ക്കാമണ്ഡപത്തിനു സമീപത്തെ ഭൂമിയിൽ 7 സെന്റ് കേരള പൊലീസിലെ ഉന്നതനാണു വാങ്ങിയതെന്നു സൂചനയുണ്ട്.
കൂടത്തിൽ തറവാടിനോടു ചേർന്നുള്ള 8 സെന്റ് സ്ഥലം ദേശീയരാഷ്ട്രീയത്തിൽ നിർണായകമായ ഒരു സംഘടനയുടെ സംസ്ഥാന കാര്യാലയത്തിന്റെ പേരിലും വാങ്ങി. ഇതെല്ലാം അറസ്റ്റിലായ രവീന്ദ്രൻ നായരുടെ ഇടപെടലിലാണെന്നാണ് പൊലീസ് നിഗമനം.
അന്വേഷണത്തിൽ കണ്ടെത്തിയ ഭൂമിയുടെ ഏകദേശ വിവരം:
∙ കാലടി കുളത്തറയിലെ കൂടത്തിൽ തറവാട് (ഉമാ മന്ദിരം) 1.90 ഏക്കർ (ഇവിടെ ഇപ്പോഴുള്ളത് 22 സെന്റ് മാത്രമെന്ന് പൊലീസ്)
∙ ചെറുപഴഞ്ഞി ദേവീക്ഷേത്രത്തിന് സമീപത്തെ തെങ്ങിൻതോപ്പ് 1.5 ഏക്കർ
∙ കാലടി താമരത്തെ ഭൂമി 2.5 ഏക്കർ
∙ കാവാലി ജംക്ഷനു സമീപം രണ്ടു സ്ഥലങ്ങളിലായി ഒരു ഏക്കർ
∙ കാലടി ഇളംതെങ്ങ് ജംക്ഷനു 80 സെന്റ്
∙ കാലടി തൈവിള റോഡ് 6 ഏക്കർ
∙ കുളത്തറയിലെ പാലിയം ഭാഗത്ത് 1.5 ഏക്കർ
∙ കാലടി ഹോമിയോ ആശുപത്രിക്കു സമീപം 18 സെന്റ്
∙ പാളയംകുളങ്ങര ദേവീക്ഷേത്രത്തിനു സമീപം 30 സെന്റ്
∙ ചെങ്കൽച്ചൂള ഗവ. പ്രസിനു സമീപം 50 സെന്റ്
∙ നേമം കാരയ്ക്കാമണ്ഡപത്തിനു സമീപം തെങ്ങിൻതോപ്പ് 2 ഏക്കർ
തെളിവു നശിപ്പിക്കാൻ ശ്രമം; മൊഴിവൈരുധ്യം വഴിമാറി
2017 ഏപ്രിൽ 2ന് വീട്ടിൽ കട്ടിലിൽനിന്നു താഴെ വീണുകിടന്ന കരമന കൂടത്തിൽ തറവാട്ടിലെ ജയമാധവൻ നായരെ ഓട്ടോയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെന്നാണു പ്രതി രവീന്ദ്രൻ മൊഴി നൽകിയിരുന്നത്.
എന്നാൽ ഈ മൊഴി പരിശോധിച്ച് തുടരന്വേഷണം നടത്തുന്നതിൽ കരമന ലോക്കൽ പൊലീസും പിന്നീട് വന്ന അന്വേഷണ ഉദ്യോഗസ്ഥരും വീഴ്ചവരുത്തിയെന്ന ആരോപണം ഉയർന്നിരുന്നു. ഇപ്പോഴത്തെ അന്വേഷണസംഘം ഈ മൊഴി കള്ളമാണെന്നു തെളിയിച്ചിട്ടും അതു നിഷേധിക്കുകയാണു രവീന്ദ്രൻ ചെയ്തത്.
കേസിലെ മറ്റൊരു പ്രതിയായ അനിൽകുമാറിന്റെ കാറിലാണ് ജയമാധവനെ രവീന്ദ്രൻ ആശുപത്രിയിൽ എത്തിച്ചത്. ജയമാധവന്റെ രക്തം കാറിൽ കണ്ടെത്തിയിരുന്നു.
ഓട്ടോയിലാണ് കൊണ്ടുപോയതെന്നു മൊഴിനൽകിയാൽ 5 ലക്ഷം രൂപ നൽകാമെന്ന് ഓട്ടോ ഡ്രൈവറോട് രവീന്ദ്രൻ പറഞ്ഞെന്ന വിവരവും പുറത്തുവന്നു. ഫൊറൻസിക് പരിശോധനയിൽ കട്ടിലിൽ രക്തക്കറ കണ്ടെത്തിയത് കൊലപാതകത്തിന്റെ സൂചനകൾ നൽകി.
ബന്ധുവിന്റെ രക്തസാംപിളുമായി താരതമ്യം ചെയ്ത് അതു ജയമാധവന്റേതാണെന്ന് ഉറപ്പിച്ചു. തലയ്ക്കേറ്റ പരുക്കാണു മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി.
മരണത്തിനു തൊടുമുൻപ് ജയമാധവനെ ശ്വാസംമുട്ടിച്ചതായും കണ്ടെത്തി. തുടർന്ന് കോഴിക്കോട് എൻഐടി ബയോമെക്കാനിക്സ് വിഭാഗത്തിൽ നടത്തിയ വിശദപരിശോധനയിൽ കട്ടിലിൽനിന്നു വീണല്ല തലയ്ക്കു പരുക്കേറ്റതെന്നു സ്ഥിരീകരിച്ചു.
ഇതിനിടെ, രക്തം പുരണ്ട തടിക്കഷണം വീട്ടിൽനിന്നു കണ്ടെടുത്തതോടെ കരുതിക്കൂട്ടിയുള്ള കൊലപാതകമെന്ന് അന്വേഷണസംഘം ഉറപ്പിച്ചു.
മെഡിക്കൽ റിപ്പോർട്ടുകൾ, മൊഴികൾ, ഫൊറൻസിക് പരിശോധനാഫലം എന്നിവയെല്ലാം പരിഗണിച്ചപ്പോൾ രവീന്ദ്രന്റെ പങ്ക് വ്യക്തമായി. എന്നാൽ, എല്ലാ കുറ്റങ്ങളും രവീന്ദ്രൻ നിഷേധിച്ചതോടെയാണ് ബ്രെയിൻ ഇലക്ട്രിക്കൽ ഓസിലേഷൻ സിഗ്നേച്ചർ പ്രൊഫൈലിങ് നടത്താൻ തീരുമാനിച്ചത്.
ജയമാധവന്റെ സ്വത്തുക്കൾ തട്ടിയെടുക്കാൻ രവീന്ദ്രൻ വ്യാജ വിൽപത്രം തയാറാക്കിയതായി കണ്ടെത്തിയത് അന്വേഷണത്തിൽ വഴിതിരിവായി. ആദ്യം സംശയിച്ചില്ല, പിന്നീട് പരാതി നൽകി: പ്രസന്നകുമാരി ജയമാധവൻ നായർ ഉൾപ്പെടെ കൂടത്തിൽ ഉമാമന്ദിരത്തിലെ കുടുംബാംഗങ്ങളുടെ മരണത്തിൽ ആ സമയങ്ങളിലൊന്നും സംശയമുണ്ടായിരുന്നില്ലെന്ന് കൂടത്തിൽ തറവാട്ടിലെ വേലുപ്പിളളയുടെ മകൻ ഉണ്ണിക്കൃഷ്ണൻ നായരുടെ ഭാര്യ പ്രസന്നകുമാരി പറഞ്ഞു.
ദുരൂഹമരണങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രസന്നകുമാരിയും പരാതി നൽകിയിരുന്നു. കാലടി അനിലിന്റെ പരാതിയെ കുറിച്ച് അന്വേഷിക്കാൻ പൊലീസ് നിരന്തരം വീട്ടിൽ വരുമായിരുന്നു.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് അന്നു സംശയം പ്രകടിപ്പിച്ചു. ഇതാണു പരാതി നൽകാൻ കാരണമെന്നും അവർ വ്യക്തമാക്കി.
പ്രതി ജോലി ചെയ്തത് പൊലീസിലും കോടതിയിലും ജലവിഭവ വകുപ്പിലും ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്ത രവീന്ദ്രൻനായർ ഔദ്യോഗിക ജീവിതം തുടങ്ങിയത് ജലവിഭവ വകുപ്പിലാണ്. പിന്നീട് പൊലീസ് വകുപ്പിലേക്ക് മാറി.
ഇതും ഉപേക്ഷിച്ച് കോടതിയിൽ പ്യൂണായി. നെയ്യാറ്റിൻകര, വഞ്ചിയൂർ കോടതികളിൽ സീനിയർ സൂപ്രണ്ടായി സേവനമനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം വിരമിച്ചത്.
ഇതിനു ശേഷം രവീന്ദ്രൻ നായരുടെ ആസ്തിയിലുണ്ടായ വളർച്ചയാണു നാട്ടുകാരിൽ സംശയം ജനിപ്പിച്ചത്. കോടികളുടെ ആസ്തി ഉണ്ടായിരുന്ന കൂടത്തിൽ തറവാട്ടിലെ ജോലിക്കാരി ആയിരുന്നു രവീന്ദ്രൻ നായരുടെ അമ്മ.
കൂടത്തിൽ തറവാട്ടിലെ ഗോപിനാഥൻ നായരുടെയും സുമുഖിഅമ്മയുടെയും മകൻ ജയപ്രകാശിന്റെ മരണശേഷം ഗോപിനാഥൻ നായരുടെ സഹോദരൻ നാരായണ പിള്ളയുടെ മകൻ ജയമാധവൻ നായർ മാത്രമാണ് അവിടെ താമസിച്ചിരുന്നത്. ഈ സമയത്താണു രവീന്ദ്രൻനായർ ജയമാധവനുമായി വീണ്ടും സൗഹൃദം സ്ഥാപിച്ചത്.
കോടികളുടെ ആസ്തിയുണ്ടായിട്ടും കൈകാര്യം ചെയ്യാനുള്ള പ്രാപ്തി ജയമാധവന് ഉണ്ടായിരുന്നില്ല. ലഹരിയും അദ്ദേഹത്തെ കീഴടക്കിയതായി നാട്ടുകാർ പറഞ്ഞു.
ജയമാധവൻ ഒറ്റയ്ക്കായപ്പോൾ രവീന്ദ്രൻ നായർ ഉമാ മന്ദിരത്തിലെ നിത്യസന്ദർശകനായി. വ്യാജ വിൽപത്രം തയാറാക്കിയതിനു പിന്നാലെ ഉമാ മന്ദിരത്തിനു സമീപത്തായി രവീന്ദ്രൻനായർ ഇരുനില വീട് പണിയുകയും സമീപത്തെ വസ്തുക്കൾ വാങ്ങിക്കൂട്ടുകയും ചെയ്തുവെന്നാണ് നാട്ടുകാരുടെ ആരോപണം.
നിഗൂഢതയുടെ നാൾവഴി:
∙ 1991: തിരുവനന്തപുരം കാലടി കുളത്തറ കൂടത്തിൽ തറവാട്ടിലെ ഉമാമന്ദിരം വീട്ടിൽ ഗോപിനാഥൻ നായരുടെയും സുമുഖിയമ്മയുടെയും മകൾ ജയശ്രീയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അവിവാഹിതയായിരുന്നു (പ്രായം മുപ്പതിൽ താഴെ, കേസില്ല).
∙ 1993: ഗോപിനാഥൻ നായരുടെ ജ്യേഷ്ഠൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണിക്കൃഷ്ണൻ നായരുടെ മരണം (പ്രായം നാൽപതുകളിൽ, കാരണം വ്യക്തമല്ല, കേസില്ല).
∙ 1998: ഗോപിനാഥൻ നായരുടെ മരണം (പ്രായം എഴുപതിനു മുകളിൽ, കാരണം വ്യക്തമല്ല, കേസില്ല).
∙ 2002: ഗോപിനാഥൻ നായരുടെ മകൻ ജയബാലകൃഷ്ണന്റെ മരണം (അവിവാഹിതൻ, പ്രായം നാൽപതുകളിൽ, കേസില്ല).
∙ 2008: ഗോപിനാഥൻ നായരുടെ ഭാര്യ സുമുഖിയമ്മയുടെ മരണം (പ്രായം എഴുപതിനു മുകളിൽ).
∙ 2012 സെപ്റ്റംബർ 17: കുടുംബത്തിലെ 4 പേരുടെ മരണത്തിനു ശേഷം സ്വത്തുവകകളുടെ ഏക അവകാശിയായിരുന്ന ജയപ്രകാശ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു (അവിവാഹിതനായിരുന്നു).
∙ 2017 ഏപ്രിൽ 2: ഗോപിനാഥൻ നായരുടെ മറ്റൊരു ജ്യേഷ്ഠൻ നാരായണപിള്ളയുടെ മകൻ ജയമാധവൻ നായർ വീട്ടിലെ കട്ടിളപ്പടിയിൽ തട്ടിവീണു മരിച്ച നിലയിൽ കണ്ടെത്തി.
ദുരൂഹത സംശയിച്ച് പൊലീസ് പോസ്റ്റ്മോർട്ടം നടത്തി, കരമന പൊലീസ് കേസെടുത്തു.
∙ 2017 ഒക്ടോബർ: സ്വത്തുകൈമാറ്റം സംബന്ധിച്ച ആരോപണത്തിൽ കാര്യസ്ഥൻ രവീന്ദ്രൻ നായർ, മകൻ അനിൽ കുമാർ, മറ്റൊരു കാര്യസ്ഥൻ സഹദേവൻ ഉൾപ്പെടെ 12 പേർക്കെതിരെ കരമന പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.
∙ 2018: കൂടത്തിൽ കുടുംബത്തിൽ മരിച്ചവരുടെ ബന്ധുക്കൾ വിശദമായ അന്വേഷണം ആവശ്യപ്പെട്ടു.
∙ 2019 ഒക്ടോബർ: കേസ് അന്വേഷിക്കാൻ പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചു. രവീന്ദ്രൻ നായരുടെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചു.
∙ 2021 ഫെബ്രുവരി: ഫൊറൻസിക് കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ജയമാധവൻ നായരുടെ മരണത്തിൽ കൊലപാതകക്കുറ്റം ചേർത്തു.
∙ 2021 ഓഗസ്റ്റ്: വിൽപത്രം ഫൊറൻസിക് പരിശോധനയ്ക്കു കൈമാറാൻ കോടതി ഉത്തരവ്.
∙ 2022 ഏപ്രിൽ: കേസന്വേഷണം സിബിഐക്കു കൈമാറണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
∙ 2023 ഫെബ്രുവരി: കുറ്റം നടന്ന സ്ഥലത്ത്, വിരമിച്ച പൊലീസ് സർജന്റെ നേതൃത്വത്തിൽ പുനഃപരിശോധന.
∙ 2026 ഒക്ടോബർ 13: കൊലപാതകക്കുറ്റത്തിന് കാര്യസ്ഥൻ രവീന്ദ്രൻ നായർ അറസ്റ്റിലായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

