തിരുവനന്തപുരം ∙ അണുബാധയെത്തുടർന്ന് എസ്എടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ കരിക്കകം സ്വദേശി ജെ.ആർ.ശിവപ്രിയ (26) മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന നാലംഗ സമിതി ഭർത്താവ് എം.മനുവിന്റെയും എസ്എടി, മെഡിക്കൽ കോളജ് ആശുപത്രികളിലെ ഡോക്ടർമാരുടെയും മൊഴി രേഖപ്പെടുത്തി. കൃത്യമായ ചികിത്സ നൽകിയെന്നും എസ്എടിയിൽ വച്ചല്ല അണുബാധ ഉണ്ടായതെന്നുമാണ് ഡോക്ടർമാരുടെ നിലപാട്. മനുവിനൊപ്പം ശിവപ്രിയയുടെ സഹോദരൻ ജെ.ആർ.ശിവപ്രസാദ്, ബന്ധു ആർ.അനന്തു എന്നിവരാണു ഹാജരായത്.
ഗുരുതരമായ ചികിത്സപ്പിഴവു സംഭവിച്ചെന്നും ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്നും മനു ആവശ്യപ്പെട്ടു. കഴിഞ്ഞ 22നായിരുന്നു ശിവപ്രിയയുടെ പ്രസവം. 24ന് എസ്എടിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
വീട്ടിൽ എത്തിയശേഷം കടുത്ത പനി ആയിരുന്നു. 26നു ശിവപ്രിയയെ തിരികെ എസ്എടിയിൽ പ്രവേശിപ്പിച്ചു.
വീട്ടിൽ കഴിഞ്ഞ 2 ദിവസം കൊണ്ടാണ് അണുബാധ ഉണ്ടായതെന്ന ഡോക്ടർമാരുടെ വാദം തെറ്റാണെന്നു മനുവും ബന്ധുക്കളും അറിയിച്ചു. പ്രസവത്തിനും പിന്നീടും ശിവപ്രിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ വാർഡിലും ഐസിയുവിലും ജോലി ചെയ്തിരുന്ന നഴ്സുമാരെയും നഴ്സിങ് അസിസ്റ്റന്റുമാരെയും സമിതി വിളിച്ചു വരുത്തി.
ഒപ്പം എസ്എടിയിലെയും മെഡിക്കൽ കോളജിലെയും കേസ് ഷീറ്റുകളുടെ പകർപ്പുകളും അവർ ശേഖരിച്ചു. അന്വേഷണ റിപ്പോർട്ട് ഇന്നു നൽകണമെന്നാണു മന്ത്രി വീണാ ജോർജിന്റെ നിർദേശം. ആലപ്പുഴ ഗവ.മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ.സംഗീത മേനോനാണ് സമിതി അധ്യക്ഷ. ആലപ്പുഴ മെഡിക്കൽ കോളജിലെ ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ.ലത, സർജറി വിഭാഗം മേധാവി എൻ.എസ്.സജി കുമാർ, കോട്ടയം ഗവ.മെഡിക്കൽ കോളജിലെ ഇൻഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ.ജൂബി ജോൺ എന്നിവരാണ് അംഗങ്ങൾ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

