നാഗർകോവിൽ∙ വിളവെടുപ്പ് ഉത്സവമായ തൈപ്പൊങ്കൽ 15നു ആഘോഷിക്കും. വിളവെടുപ്പിന്റെ സമൃദ്ധി നൽകിയതിനു സൂര്യദേവനു നന്ദി പറയുന്ന ആചാര മായാണ് ഇതു കൊണ്ടാടുന്നത്.
ബോഗി പൊങ്കൽ, തൈപ്പൊങ്കൽ, മാട്ടുപ്പൊങ്കൽ, കാണുംപൊങ്കൽ എന്നിവയാണ് പൊങ്കലിനോടനുബന്ധിച്ചുള്ള പ്രധാന ആഘോഷദിവസങ്ങൾ. 14നാണ് ബോഗി പൊങ്കൽ ആഘോഷിക്കുന്നത്.
പഴയ സാധനങ്ങളൊക്കെ കത്തിച്ചു കളഞ്ഞു പുതുമയെ വരവേൽക്കുകയാണ് ബോഗി പൊങ്കലിന്റെ സങ്കൽപം. വീടുകൾ ശുദ്ധിയും വൃത്തിയുമാക്കി കോലമിട്ടു അലങ്കരിക്കും. 15നു തൈപ്പൊങ്കൽ ദിവസമാണ് മൺകലത്തിൽ പൊങ്കൽ നിവേദ്യം അർപ്പിക്കുക.
പൊങ്കൽ അടുപ്പിനു സമീപത്തായി കരിമ്പ്, മഞ്ഞൾക്കുല, വിവിധയിനം കിഴങ്ങുവർഗങ്ങൾ, പച്ചക്കറികൾ എന്നിവയും സമർപ്പിക്കും.
മാട്ടുപ്പൊങ്കൽ ദിനമായ 16നു കാർഷിക വൃത്തിയിൽ തങ്ങൾക്കു തുണയാകുന്ന കാളകളെ ആരാധിക്കുകയാണ് സങ്കൽപം. കാളകളെ കുളിപ്പിച്ച് അലങ്കരിച്ചു കൊമ്പുകളിൽ ചായം പൂശി പൂജിക്കും.
ഇൗ ദിവസം തമിഴ്നാട് ഗ്രാമങ്ങളിൽ ജല്ലിക്കെട്ടു നടത്തുന്നതും പതിവാണ്. 17നു കാണും പൊങ്കൽ ദിവസത്തെ പ്രധാന പരിപാടി ബന്ധുക്കളുടെ വീടുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തുകയാണ്. പൊങ്കൽ ആഘോഷത്തോടനുബന്ധിച്ചു തമിഴ്നാട്ടിൽ 15 മുതൽ 18 വരെ യുള്ള 4 ദിവസങ്ങൾ (ഞായർ ഉൾപ്പെടെ) തുടർ അവധിയാണ്.
കന്യാകുമാരി ജില്ലയിലും പൊങ്കൽ ആഘോഷത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും പൊങ്കൽ ആഘോഷം നടന്നു വരുന്നു. പൊങ്കലിനോടനുബന്ധിച്ചു നാഗർകോവിലിലെ അപ്ടാ, വടശ്ശേരി പച്ചക്കറി മാർക്കറ്റുകളിൽ കരിമ്പ്, മഞ്ഞൾക്കുല, കിഴങ്ങുവകകൾ എന്നിവയുടെ വൻശേഖരം എത്തിക്കഴിഞ്ഞു. ഒരു കരിമ്പിനു 50–70 രൂപയാണ് വില. മധുര മേലൂരിൽ നിന്നാണ് കരിമ്പ് നാഗർകോവിൽ മാർക്കറ്റിൽ എത്തുന്നത്.
തലപ്പൊങ്കലിനു (ആദ്യ പൊങ്കൽ) പൊങ്കൽപ്പടി കൊടു ക്കുന്ന സമ്പ്രദായവും തമിഴകത്തു നിലവിലുണ്ട്. സുരക്ഷാനടപടികളുടെ ഭാഗമായി ജില്ലയൊട്ടാകെ 1500 പൊലീസുകാരെ നിയോഗിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

