തിരുവനന്തപുരം∙ മലയാള മനോരമ, മദ്രാസ് മെഡിക്കൽ മിഷന്റെ സഹായത്തോടെ സംഘടിപ്പിക്കുന്ന ‘ഹൃദയപൂർവം’ ക്യാംപിൽ ഇന്നു പരിശോധനയ്ക്ക് എത്താം. തമ്പാനൂർ റെയിൽ കല്യാണ മണ്ഡപത്തിൽ നടക്കുന്ന ക്യാംപിന് മദ്രാസ് മെഡിക്കൽ മിഷനിലെ വിദഗ്ധ ഡോക്ടർമാരാണ് നേതൃത്വം നൽകുന്നത്.
ഡോക്ടർമാരുടെ സംഘം തിരഞ്ഞെടുക്കുന്നവർക്കു സൗജന്യ ഹൃദയ ശസ്ത്രക്രിയയ്ക്കു സൗകര്യം ലഭിക്കും.
60 വയസ്സിൽ താഴെ, ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവർക്കാണു ശസ്ത്രക്രിയയ്ക്ക് അർഹത. കഴിഞ്ഞവർഷം ‘ഹൃദയപൂർവം’ പദ്ധതി വഴി ശസ്ത്രക്രിയ നടന്നവരുടെ തുടർപരിശോധനയും ഉണ്ട്.
ഇസിജി, ട്രെഡ്മിൽ, എക്കോ കാർഡിയോ ഗ്രാം തുടങ്ങിയ സൗകര്യങ്ങളും മദ്രാസ് മെഡിക്കൽ മിഷന്റെ മൊബൈൽ ഡയഗ്നോസ്റ്റിക് ക്ലിനിക്(എംഡിസി) അടക്കമുള്ള സംവിധാനങ്ങളും ക്യാംപിന്റെ ഭാഗമാണ്. റജിസ്ട്രേഷൻ രാവിലെ 9 മുതൽ 10 വരെ.
ക്യാംപ് വൈകിട്ടു സമാപിക്കും.
‘ഹൃദയപൂർവം’ ബ്രാൻഡ് അംബാസഡർ വീണ്ടും; ഇത്തവണ ക്യാംപിലേക്കു നയിച്ചത് 18 പേരെ
തിരുവനന്തപുരം∙ ഹൃദയതാളം വീണ്ടെടുക്കാൻ പരിശ്രമിക്കുന്ന ജീവിതങ്ങളെ ‘ഹൃദയപൂർവം’ ക്യാംപിലേക്കു നയിക്കുന്ന നന്മ നിറഞ്ഞ ഒരാൾ. പാലക്കാട് നിന്നെത്തിയ ജെൻസി ബാബുവിലൂടെ ഹൃദയാരോഗ്യ ക്യാംപിലെത്തി ജീവിതം തിരികെ പിടിച്ചവർ ഒട്ടേറെ.
11 വർഷങ്ങളായി ഹൃദയപൂർവം പദ്ധതിയിലേക്ക് പ്രതിഫലമൊന്നും വാങ്ങാതെ ഹൃദയതാളം നഷ്ടപ്പെട്ടവരെ നയിക്കുകയാണ് ഈ മണ്ണാർക്കാട് പാലക്കയം സ്വദേശിനി. ആയുർവേദ ഫാർമസിസ്റ്റായ ജെൻസി കടയിൽ മരുന്നു വാങ്ങാനെത്തുന്നവരുടെ പ്രയാസങ്ങൾ ചോദിച്ചറിഞ്ഞാണ് സഹായിക്കുന്നത്.
2014ൽ ആദ്യമായി പദ്ധതിയുടെ ഭാഗമായി. ബന്ധുക്കളും സുഹൃത്തുക്കളും വഴി ജെൻസി നേരിട്ടു പരിചയമില്ലാത്തവരെയും ഹൃദയപൂർവത്തിന്റെ ഭാഗമാക്കി മാറ്റി.
ഇത്തവണ ക്യാംപിലേക്കു നയിച്ചത് 18 പേരെ!
പതിവു തെറ്റിക്കാതെ എത്തി ‘ഹൃദയപൂർവം സീനിയർ’; 26 വർഷമായി ക്യാംപിൽ പങ്കെടുത്ത് പത്തനംതിട്ട സ്വദേശി
തിരുവനന്തപുരം∙ ‘ഹൃദയപൂർവം’ പദ്ധതിയോടൊപ്പം സഞ്ചരിക്കുന്നയാൾ, പത്തനംതിട്ട
കോഴഞ്ചേരി സ്വദേശി ടി.വി.രാധാകൃഷ്ണനെക്കുറിച്ച് ഇങ്ങനെ പറയാം. 1999ൽ പദ്ധതി ആരംഭിക്കുമ്പോൾ ആദ്യത്തെ ബാച്ചിൽ മദ്രാസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയനായ ആളാണ് രാധാകൃഷ്ണൻ.
ഹൃദയം തൊട്ടറിഞ്ഞ കരുതൽ, 26 വർഷമായി നേരിട്ട് അനുഭവിക്കുന്നതായി അദ്ദേഹം പറഞ്ഞു. 2015ൽ പദ്ധതിയുടെ ഭാഗമായി, ആൻജിയോപ്ലാസ്റ്റി നടത്തി സ്റ്റെന്റ് ഇട്ടിരുന്നു.
വിശ്വബ്രാഹ്മണ സമൂഹത്തിലെ പുരോഹിതനായ രാധാകൃഷ്ണൻ 25 വർഷമായി ശബരിമല ദർശനവും നടത്തുന്നു. ഇക്കുറിയും ക്യാംപിലെത്തി ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കിയാണു മടങ്ങുന്നത്.
അടുത്ത യാത്ര ശബരിമലയിലേക്കാണ്. ക്യാംപ് നൽകിയ കരുത്തിലും സമാധാനത്തിലും കാടും മേടും ചവിട്ടി അയ്യപ്പനെ വണങ്ങണമെന്ന് അദ്ദേഹം പറയുന്നു.
മന്ത്രിയെ സ്വീകരിച്ച ജോയൽ ‘ജോയ്ഫുൾ’
തിരുവനന്തപുരം∙ ‘ഹൃദയപൂർവം’ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വി.ശിവൻകുട്ടിയെ ‘ഹൃദയപൂർവം’ സ്വീകരിച്ചതിന്റെ സന്തോഷത്തിലാണു കൊല്ലം കുണ്ടറ സ്വദേശി ജോയൽ എസ്.യൂജിൻ.
പ്ലസ് ടു വിദ്യാർഥിയായ ജോയൽ 2016 മുതൽ ഹൃദയപൂർവത്തിന്റെ ഭാഗമാണ്. ജനിച്ച് 3ാം മാസത്തിലാണ് രോഗലക്ഷണങ്ങൾ കണ്ടത്.
ഹൃദയവാൽവുകളിൽ സുഷിരങ്ങൾ. തുടർന്ന് ശ്രീചിത്രയിൽ പ്രവേശിപ്പിച്ചു.
9ാം മാസത്തിൽ ആദ്യ ശസ്ത്രക്രിയ നടത്തി. തുടർന്നും രോഗം അലട്ടി.
ഹൃദയപൂർവം പദ്ധതിയെപ്പറ്റി അറിഞ്ഞ കുടുംബം കോട്ടയത്ത് നടന്ന ഹൃദയപൂർവം ക്യാംപിലെത്തിയതോടെ ശസ്ത്രകിയയ്ക്കു വഴിയൊരുങ്ങി. 2016ൽ ശസ്ത്രക്രിയയ്ക്കു വിധേയനായ ജോയലിന് 2018ൽ ആൻജിയോഗ്രാമും ലഭ്യമാക്കി.
ഫിഷറീസിൽ ജോലി ചെയ്യുന്ന പിതാവ് സുരേഷിന്റെയും അമ്മ ആനിയുടെയും ആശങ്കകൾക്കു പരിഹാരമായതോടെ എല്ലാ വർഷവും ക്യാംപ് സന്ദർശിക്കുന്നത് ശീലമാണ്. ഇക്കുറി അമ്മ ആനിയോടും സഹോദരൻ ആശിഷിനോടും ഒപ്പം ക്യാംപിലെത്തിയ ജോയലിന് മന്ത്രിയെ സ്വീകരിക്കാൻ അവസരവും ലഭിച്ചു.
ഹൃദയം നിറഞ്ഞ് മടക്കം; പാലക്കാട് സ്വദേശിയായ കുഞ്ഞിന് ക്യാംപിലൂടെ കൈത്താങ്ങ്
തിരുവനന്തപുരം∙ ‘ഹൃദയപൂർവം’ ക്യാംപിൽനിന്ന് പാലക്കാട് മലമ്പുഴയിലെ വീട്ടിലേക്ക് ജോബിനും അമ്മ ശോഭനയും മനസ്സു നിറഞ്ഞാണു മടങ്ങിയത്.
4 വർഷത്തെ കാത്തിരിപ്പിനൊടുവിൽ 2011ലാണ് ബേബി–ശോഭന ദമ്പതികളുടെ ജീവിതത്തിലേക്ക് ജോബിൻ കടന്നുവന്നത്. ജനിച്ചയുടൻ കുഞ്ഞിന് നീല നിറം തോന്നിയതിനെത്തുടർന്ന് പരിശോധിച്ചപ്പോഴാണ് ഹൃദയ വാൽവുകളിൽ സുഷിരങ്ങൾ കണ്ടെത്തിയത്.
നാലര മാസത്തിൽ തന്നെ ഹൃദയ ശസ്ത്രക്രിയ വേണ്ടിവന്നു. 5 വയസ്സു കഴിഞ്ഞപ്പോൾ രണ്ടാമതും ശസ്ത്രക്രിയ നടത്തി വാൽവ് മാറ്റിവച്ചു.
ദിവസവേതനക്കാരായ ബേബിക്കും ശോഭനയ്ക്കും ചികിത്സാച്ചെലവ് താങ്ങാനാകുന്നതിലും അപ്പുറമായിരുന്നു. തുടർചികിത്സയ്ക്ക് എങ്ങനെ പണം കണ്ടെത്തുമെന്ന് ആശങ്കപ്പെട്ടിരുന്നപ്പോഴാണ് കാസർകോട് നടന്ന ‘ഹൃദയപൂർവം’ ക്യാംപിനെത്തിയത്.
അവിടെനിന്നു ലഭിച്ച നിർദേശമനുസരിച്ച് തിരുവനന്തപുരം ക്യാംപിലും എത്തി. പരിശോധനയ്ക്കു ശേഷം മദ്രാസ് മെഡിക്കൽ മിഷനിൽ ആൻജിയോഗ്രാം ചെയ്യാൻ നിർദേശം ലഭിച്ചു.
കടബാധ്യതകളില്ലാതെ ചികിത്സ തുടരാമെന്ന പ്രതീക്ഷയോടെയാണു മടക്കം.
വറ്റാതെ ഹൃദയകാരുണ്യം
തിരുവനന്തപുരം∙ കൊല്ലം ശാസ്താംകോട്ട സ്വദേശിനിയായ സി.ശോഭന തന്റേതു രണ്ടാം ജീവിതമാണെന്ന് പറയും.
തൊഴിലുറപ്പ് ജോലിക്കിടെ പെട്ടെന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഹൃദയ വാൽവിൽ സുഷിരമുണ്ടെന്നു മനസ്സിലാക്കിയത്. ചികിത്സയ്ക്കു ലക്ഷങ്ങൾ വേണ്ടിവരുമെന്ന് അറിഞ്ഞപ്പോൾ പതറിപ്പോയി.
ഭർത്താവ് അനിൽകുമാറിന് സംസാര പരിമിതിയുണ്ട്. കേൾവിശേഷിയില്ല.
മൂത്ത മകനും ആരോഗ്യ പ്രശ്നങ്ങളുണ്ട്. ഈ ഘട്ടത്തിലാണ് ഹൃദയപൂർവം ക്യാംപിനെക്കുറിച്ച് അറിഞ്ഞതും ചെന്നൈയിൽ തുടർചികിത്സ നേടാനായതും.
ഇന്നലെ കുടുംബത്തിനൊപ്പം ശോഭന തുടർ പരിശോധനകൾക്ക് എത്തി. ഈ കാരുണ്യത്തിനും സമാശ്വാസത്തിനും നന്ദി– ശോഭന പറയുന്നു.
ഹൃദയപൂർവം വഴി ‘ഹൃദയസ്പർശം’; ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയരായവരുടെ വാട്സാപ് കൂട്ടായ്മ
തിരുവനന്തപുരം∙ ക്യാംപിലൂടെ പരിചയപ്പെട്ടു, ശസ്ത്രക്രിയയ്ക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ ആ ബന്ധങ്ങൾ ദൃഢമായി.
ഇപ്പോൾ ‘ഹൃദയപൂർവം’ പദ്ധതിയെക്കുറിച്ച് നാടാകെ അറിയിക്കുകയാണ് ഇവർ. 2024ൽ കൊല്ലത്തു നടന്ന ഹൃദയപൂർവം ക്യാംപിലൂടെ ഹൃദയശസ്ത്രക്രിയയ്ക്ക് അവസരമൊരുങ്ങിയ 10 പേരാണ് ‘ഹൃദയസ്പർശം’ എന്ന വാട്സാപ് കൂട്ടായ്മയിലൂടെ മനോരമയുടെ പദ്ധതിയെപ്പറ്റി നാടാകെ അറിയിക്കുന്നത്.
ഓരോ ഹൃദയപൂർവം ക്യാംപുകളും ഇവർക്ക് റീയൂണിയനുകളാണ്. എല്ലാവർക്കും ക്യാംപിൽ എത്താൻ കഴിയാറില്ലെങ്കിലും പരിചയപ്പെടുന്നവരോട് ഇവർ ഹൃദയപൂർവത്തെപ്പറ്റി വിശദീകരിക്കും.
സംഘത്തിൽനിന്ന് ഇത്തവണ ക്യാംപിൽ എത്തിയത് കൊട്ടാരക്കര സ്വദേശിയായ രാജേഷും കായംകുളം സ്വദേശിയായ അനിലും വൈപ്പിനിൽ നിന്നെത്തിയ രാജേഷും കരുനാഗപ്പള്ളിയിൽ നിന്നെത്തിയ രാധയുമാണ്. ‘‘ഓപറേഷനായി കോട്ടയത്തുനിന്ന് ചൈന്നെയിലേക്ക് നടത്തിയ യാത്രയിലാണ് ഞങ്ങളുടെ ബന്ധം ദൃഢമായത്. തുടർന്ന് തിരിച്ചുകിട്ടിയ ജീവിതത്തിന്റെ രഹസ്യം മറ്റുള്ളവരിലേക്കും എത്തിക്കാൻ തീരുമാനിച്ചു.
അങ്ങനെയാണ് 10 പേരുമുള്ള ‘ഹൃദയസ്പർശം’ എന്ന വാട്സാപ് കൂട്ടായ്മ രൂപീകരിച്ചത്’’. സംഘം പറഞ്ഞു.
പരിശോധനകൾക്കു ശേഷം കുഴപ്പങ്ങൾ ഒന്നുമില്ലെന്ന സന്തോഷത്തോടെയാണ് ഇവർ മടങ്ങുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

