തിരുവനന്തപുരം∙ ന്യൂട്രാസ്യൂട്ടിക്കല്‍സ് മേഖലയിലെ ഗവേഷണവും സാങ്കേതിക വികസനവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ സ്ഥാപിച്ച സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ ന്യൂട്രാസ്യൂട്ടിക്കല്‍സ് മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിച്ചു. കേരള ഡവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന് സ്ട്രാറ്റജിക് കൗണ്‍സില്‍, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്പറേഷന് എന്നിവയുടെ പിന്തുണയോടെ കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെയുമാണ് പദ്ധതി നടപ്പാക്കുന്നത്.
കേന്ദ്രത്തിന്റെ വികസനത്തിനായി അഞ്ചുവര്‍ഷത്തേക്ക് 13.99 കോടി രൂപ കിഫ്ബി അനുവദിച്ചിട്ടുണ്ട്.
ന്യൂട്രാസ്യൂട്ടിക്കല്‍സ് മേഖലയിലെ ഈ കേന്ദ്രം കേരളത്തിലെ ശാസ്ത്ര-സാങ്കേതിക മുന്നേറ്റത്തിനും പ്രതിരോധാരോഗ്യ മേഖലയിലെ പുരോഗതിക്കും പുതിയ ദിശ നല്‍കുമെന്ന് ഓണ്‍ലൈനിലൂടെ നല്കിയ ഉദ്ഘാടന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി (IAV) ക്യാമ്പസിലാണ് കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.
കേന്ദ്രത്തിനായി പാര്‍ക്കില്‍ അഞ്ച് ഏക്കര്‍ ഭൂമി അനുവദിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ ഗവേഷണം, സാങ്കേതിക വികസനം, ന്യൂട്രാസ്യൂട്ടിക്കല്‍ ഉല്പന്നങ്ങളുടെ ശാസ്ത്രീയ സ്ഥിരീകരണം എന്നിവയ്ക്കാണ് പ്രധാന പ്രാധാന്യം നല്‍കുകയെന്ന് കേന്ദ്രത്തിന്റെ പ്രവര്‍ത്തനരേഖ അവതരിപ്പിച്ച സെന്ററിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഡോ. ഇ.ശ്രീകുമാര്‍ പറഞ്ഞു.
തുടര്‍ന്ന് ഗവേഷണ ഫലങ്ങള്‍ വ്യവസായ രംഗത്തേക്ക് എത്തിക്കുന്നതിനായി ഉല്പാദനം, സാങ്കേതിക കൈമാറ്റം, വ്യാപാരവൽകരണം എന്നിവയ്ക്ക് പിന്തുണ നല്കുന്ന എന്റര്‍പ്രൈസ് വിഭാഗം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മുഖ്യപ്രഭാഷണം നടത്തിയ സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. സി.അനന്ത രാമകൃഷ്ണന്, ശാസ്ത്ര ഗവേഷണ മേഖലയില്‍ കേരള സര്‍ക്കാര്‍ സ്വീകരിക്കുന്ന ഇടപെടലുകളെ അഭിനന്ദിച്ചു.
ഇത്തരം പദ്ധതികള്‍ സംസ്ഥാനത്തിന്റെ ബയോ ഇക്കണോമിയെയും ന്യൂട്രാസ്യൂട്ടിക്കല്‍ മേഖലയെയും കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ചിറയിന്‍കീഴ് എംഎല്‍എ വി.ശശി അധ്യക്ഷനായി.
മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി.ദത്തന്, കെഎസ്സിഎസ്ടിഇ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രഫ. കെ.പി.സുധീര്‍, കെഎസ്സിഎസ്ടിഇ മെമ്പര്‍ സെക്രട്ടറി പ്രെഫ.
എ.സാബു, കെ-ഡിസ്ക് മെമ്പര്‍ സെക്രട്ടറി പി.വി.ഉണ്ണികൃഷ്ണന്, ആര്‍ജിസിബി പ്രതിനിധി ഡോ. ആശ നായര്‍, ലൈഫ് സയന്‍സസ് പാര്‍ക്ക് സിഇഒ ഡോ.
പ്രവീണ്‍.കെ.എസ് എന്നിവര്‍ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി, സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ മൈക്രോബയോം, ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബോട്ടാണിക് ഗാര്ഡന് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി എന്നിവയുമായി ധാരണാപത്രങ്ങള്‍ കൈമാറി. സെന്റര്‍ ഓഫ് എക്സലന്‍സിലെ ചീഫ് സയന്റിസ്റ്റ് ഡോ.
റൂബി ജോണ്‍ ആന്റോ നന്ദി രേഖപ്പെടുത്തി.
പ്രകൃതിദത്ത ഉറവിടങ്ങളില്‍ നിന്നുള്ള ആരോഗ്യപ്രദമായ ഘടകങ്ങളെ കണ്ടെത്തി അവയെ ശാസ്ത്രീയമായി സ്ഥിരീകരിച്ച് ന്യൂട്രാസ്യൂട്ടിക്കല്‍ ഉല്പന്നങ്ങളാക്കി വികസിപ്പിക്കുന്നതിനുള്ള പ്രധാന ഗവേഷണ കേന്ദ്രമായാണ് സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ ന്യൂട്രാസ്യൂട്ടിക്കല്‍സ് പ്രവര്‍ത്തിക്കുക. അക്കാദമിക് സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, എംഎസ്എംഇകള്‍, വ്യവസായ മേഖലകള്‍ എന്നിവയെ ബന്ധിപ്പിക്കുന്ന ഗവേഷണ-വാണിജ്യ പ്ലാറ്റ്ഫോമായി ഈ കേന്ദ്രം പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

