തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ വാഹനങ്ങളുടെ പാർക്കിങ് ഫീസ് കുത്തനെ വർധിപ്പിച്ചു. യാത്രക്കാരെ കൊണ്ടുപോകാനോ കൊണ്ടുവരാനോ എത്തുന്ന വാഹനങ്ങൾക്കു വിമാനത്താവളത്തിനുള്ളിൽ അനുവദനീയമായ സൗജന്യ സമയപരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്.
നേരത്തെ 10 മിനിറ്റായിരുന്ന കുറഞ്ഞ സമയം 8 മിനിറ്റായാണ് കുറച്ചത്. ഈ സമയപരിധിക്കുള്ളിൽ ഇരുചക്രവാഹനങ്ങൾക്കും സ്വകാര്യ കാറുകൾക്കും മുൻപ് സൗജന്യമായി പ്രവേശിക്കാമായിരുന്നെങ്കിലും, പുതിയ ക്രമീകരണം അനുസരിച്ച് ഈ സൗജന്യ സേവനം സ്വകാര്യ കാറുകൾക്കു മാത്രമായി ചുരുക്കി.
ഇരുചക്രവാഹനങ്ങൾക്ക് ആദ്യത്തെ അര മണിക്കൂറിന് 50 രൂപയാണ് ഫീസ് ഈടാക്കുന്നത്. ഓട്ടോറിക്ഷകൾക്ക് ഈടാക്കിയിരുന്ന നിരക്ക് അര മണിക്കൂറിന് 20 രൂപയിൽ നിന്ന് 50 രൂപയായും ഉയർത്തിയിട്ടുണ്ട്.
സ്വകാര്യ കാറുകൾക്ക് 8 മിനിറ്റ് സൗജന്യ സമയം അനുവദിക്കുമ്പോൾ, ടാക്സി വാഹനങ്ങൾക്ക് രണ്ട് വ്യത്യസ്ത നിരക്കുകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. യാത്രക്കാരെ ഇറക്കാൻ എത്തുന്ന ടാക്സികൾക്ക് ആദ്യ 8 മിനിറ്റിന് 50 രൂപയും, യാത്രക്കാരെ കയറ്റാൻ എത്തുന്നവയ്ക്ക് 180 രൂപയുമാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്.
മുൻകാലങ്ങളിൽ 10 മിനിറ്റ്, 2 മണിക്കൂർ, 12 മണിക്കൂർ, 24 മണിക്കൂർ എന്നിങ്ങനെയായിരുന്നു സമയക്രമമെങ്കിൽ, നിലവിൽ അത് 8 മിനിറ്റ്, 30 മിനിറ്റ്, ഒരു മണിക്കൂർ, 2 മണിക്കൂർ, 3 മണിക്കൂർ, 4 മണിക്കൂർ, 24 മണിക്കൂർ എന്നിങ്ങനെ വിവിധ സമയപരിധികളാക്കി മാറ്റിയിട്ടുണ്ട്. ഇതിലൂടെ ഉയർന്ന നിരക്കുകൾ ഈടാക്കാനാണ് വിമാനത്താവള അധികൃതരുടെ തീരുമാനം.
കഴിഞ്ഞ ഒക്ടോബർ 1 മുതൽ പുതിയ നിരക്കുകൾ ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നു. വിമാനത്താവളത്തിലെ ജീവനക്കാർ, തൊഴിലാളികൾ, ടാക്സി ഡ്രൈവർമാർ എന്നിവർക്കെല്ലാം ഈ നിരക്കുവർധന വലിയൊരു തിരിച്ചടിയായി മാറിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

