സംസ്ഥാനത്ത് തിരുവനന്തപുരം മൃഗശാല വളപ്പിൽ മാത്രം കാണപ്പെടുന്ന അത്യപൂർവ വൃക്ഷത്തിന്റെ കേടുപാടുകൾ പരിഹരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ബ്രസീലിൽ നിന്ന് എത്തിച്ച അപൂർവ ഇനമായ ആരാറ നട്ട് വൃക്ഷം ശാസ്ത്രീയമായി സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
വൃക്ഷത്തിന്റെ ചുവടുഭാഗത്ത് കേടുപാടുകൾ കണ്ടെത്തിയതിനെ തുടർന്ന് വിദഗ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വനഗവേഷണ സ്ഥാപനത്തിലെ സീനിയർ ശാസ്ത്രജ്ഞൻ ഡോ.
കെ. സുജനപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൃഗശാലയിൽ നേരിട്ടെത്തി വൃക്ഷത്തിന്റെ ആരോഗ്യനില വിലയിരുത്തിയത്.
മരത്തിന്റെ ആയുസ്സ് വർധിപ്പിക്കുന്നതിനായി പ്രൂണിങ് അഥവാ ചില്ലകൾ വെട്ടി ഒതുക്കലും മറ്റ് അടിയന്തര ശാസ്ത്രീയ പരിപാലനങ്ങളും നടത്താൻ ഡോ. സുജനപാൽ നിർദേശം നൽകിയിട്ടുണ്ട്.
നിലവിൽ ഇതേ ഇനത്തിൽപെട്ട ഒരു ചെറിയ തൈ കൂടി മൃഗശാലാ പരിസരത്തുണ്ട്.
ഈ അപൂർവ വൃക്ഷത്തിന്റെ ജനിതക പൈതൃകം നിലനിർത്തുന്നതിന്റെ ഭാഗമായി വിത്തുകൾ ശേഖരിച്ച് കൂടുതൽ തൈകൾ ഉൽപാദിപ്പിക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. അപൂർവത എന്ത്? യൂഫോർബിയേസിയേ കുടുംബത്തിൽപെടുന്ന ഈ വൃക്ഷം ബ്രസീലിൽ നിന്നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിയത്.
ലോകത്തിലെ തന്നെ വളരെ ചുരുക്കം രാജ്യങ്ങളിലെ സസ്യോദ്യാനങ്ങളിലും ഗവേഷണ സ്ഥാപനങ്ങളിലും മാത്രമാണ് ‘ആരാറ നട്ട്’ മുൻകാലങ്ങളിൽ നട്ടു വളർത്തിയിട്ടുള്ളത്. അതിനാൽ തന്നെ തിരുവനന്തപുരം മൃഗശാലയിൽ സംരക്ഷിക്കപ്പെടുന്ന ഈ വൃക്ഷം സസ്യസംരക്ഷണ രംഗത്ത് ശാസ്ത്രീയമായും പൈതൃകപരമായും വലിയ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

