തിരുവനന്തപുരം ∙ നഗരത്തിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള എല്ലാ ഫ്ലെക്സ് ബോർഡുകളും കൊടികളും ബാനറുകളും ഒരാഴ്ചയ്ക്കകം നീക്കാൻ കരാർ കമ്പനിക്ക് നിർദേശം. നടന്നു കഴിഞ്ഞ പരിപാടികളുടെ ബോർഡുകൾ പോലും നീക്കം ചെയ്യുന്നില്ലെന്ന ‘മലയാള മനോരമ’ വാർത്തയുടെ അടിസ്ഥാനത്തിൽ റവന്യു ഓഫിസറുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തീരുമാനം.
അതേസമയം, അനുമതിയില്ലാതെ ഫ്ലെക്സ് ബോർഡുകളും കൊടികളും സ്ഥാപിച്ചതിനു ബിജെപി സിറ്റി ജില്ലാ കമ്മിറ്റിക്ക് 19.97 ലക്ഷം രൂപയുടെ പിഴ നോട്ടിസ് നൽകിയ റവന്യു വിഭാഗം തുടർ നടപടികൾ അവസാനിപ്പിച്ചു.
അനുമതിയില്ലാതെ സ്ഥാപിക്കുന്ന ബോർഡുകൾ കണ്ടെത്തി പിഴ ഈടാക്കേണ്ട ചുമതല സ്വകാര്യ കമ്പനിയെ ആണ് കോർപറേഷൻ ഏൽപിച്ചിരിക്കുന്നത്.
അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ നീക്കം ചെയ്യേണ്ട ചുമതലയും ഈ കമ്പനിക്കാണ്.
നടന്നു കഴിഞ്ഞ പരിപാടികളുടെ ബോർഡുകൾ അടിയന്തരമായി നീക്കാനാണ് കമ്പനിക്ക് നിർദേശം നൽകിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രധാന ജംക്ഷനുകളിൽ നിന്ന് ബോർഡുകൾ നീക്കിയതായി റവന്യു വിഭാഗം അധികൃതർ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തലസ്ഥാന സന്ദർശനത്തിനോട് അനുബന്ധിച്ച് നഗരത്തിലെമ്പാടും ബോർഡുകളും കൊടികളും സ്ഥാപിച്ചതിനാണ് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിക്ക് പിഴ നോട്ടിസ് നൽകിയത്.
രണ്ടു ദിവസത്തിനകം പിഴ ഒടുക്കണം എന്ന് ആവശ്യപ്പെട്ടാണ് കഴിഞ്ഞ മാസം 23ന് നോട്ടിസ് നൽകിയത്. പാർട്ടി ഇതുവരെ പിഴ അടയ്ക്കുകയോ അപ്പീൽ നൽകുകയോ ചെയ്തിട്ടില്ല.
ആദ്യ നോട്ടിസിന് മറുപടി നൽകിയില്ലെങ്കിൽ 7 ദിവസത്തിനകം രണ്ടാമത് നോട്ടിസ് നൽകണമെന്നാണ് ചട്ടം. ഇതിനും മറുപടി നൽകിയില്ലെങ്കിൽ ഹിയറിങ്ങിന് നോട്ടിസ് നൽകണം.
ശേഷം ജപ്തി നടപടികളിലേക്ക് കടക്കണം.
എന്നാൽ ആദ്യ നോട്ടിസ് നൽകി 11 ദിവസം പിന്നിട്ടിട്ടും റവന്യു വിഭാഗം തുടർ നടപടികൾ സ്വീകരിച്ചിട്ടില്ല. ബിജെപി ജില്ലാ കമ്മിറ്റിക്ക് പിഴ നോട്ടിസ് നൽകിയ റവന്യു ഓഫിസറെ സ്ഥാനം മാറ്റിയതു പോലെ തങ്ങൾക്കെതിരെയും അച്ചടക്ക നടപടി ഉണ്ടാകുമെന്ന ഭയമാണ് ഉദ്യോഗസ്ഥർ പിൻവാങ്ങാൻ കാരണമെന്നാണ് ആക്ഷേപം.
അനുമതിയില്ലാതെ ബോർഡുകൾ സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി ശക്തമായ നടപടി സ്വീകരിച്ചിട്ടും പിഴ നോട്ടിസ് നൽകുന്നതല്ലാതെ തുടർ നടപടികൾ എടുക്കുന്നില്ലെന്നും ആരോപണമുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

