തിരുവനന്തപുരം∙ റോഡ് കയ്യേറിയും ഗതാഗതം തടസ്സപ്പെടുത്തിയും പ്രവർത്തിക്കുന്ന തട്ടുകടകൾക്ക് എതിരെ പൊലീസ് നടപടി. വഴുതക്കാട് കോട്ടൺഹിൽ സ്കൂളിന് മുൻവശം, വെള്ളയമ്പലം– ശാസ്തമംഗലം റോഡ്, കേശവദാസപുരം എംജി കോളജിന് മുൻവശം എന്നിവിടങ്ങളിൽ അനധികൃതമായി പ്രവർത്തിച്ചു വന്ന തട്ടുകടകളാണ് അടപ്പിച്ചതെന്നു പൊലീസ് പറഞ്ഞു.
പൊലീസ് നൽകിയ നോട്ടിസ് വകവയ്ക്കാതെ മിനിയാന്ന് പ്രവർത്തിച്ച തട്ടുകടകൾക്കു കർശന മുന്നറിയിപ്പ് നൽകി. ഭക്ഷണം പാഴാകാതിരിക്കാൻ 11 വരെ പ്രവർത്തനാനുമതി നൽകിയെങ്കിലും പരിശോധന കർശനമാക്കുമെന്നു പൊലീസ് അറിയിച്ചു.
അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾക്കെതിരെ ജനമൈത്രി യോഗങ്ങളിൽ മിക്ക റസിഡന്റ്സ് അസോസിയേഷനുകളും പരാതിപ്പെടാറുണ്ട്.
കോട്ടൺഹിൽ ഭാഗത്തെ ഗതാഗത തടസ്സം സംബന്ധിച്ച് പ്രദേശവാസികൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം പൊലീസ് നടപടിയുണ്ടായത്. ശ്രീമൂലം ക്ലബ്ബിന് മുൻവശം മുതൽ കോട്ടൺഹിൽ എൽപി സ്കൂളിനു മുൻവശം വരെയും കേശവദാസപുരം എംജി കോളജിന് മുൻവശം മുതൽ പരുത്തിപ്പാറ ജംക്ഷൻ വരെയും വൈകുന്നേരം തട്ടുകടകൾ പ്രവർത്തിക്കുന്നുണ്ട്.
ഇവിടങ്ങളിൽ ഭക്ഷണം കഴിക്കാനെത്തുന്നവർ റോഡ് വക്കിൽ വാഹനം പാർക്ക് ചെയ്യുന്നതു കാരണം ഏറെ തിരക്കേറിയ റോഡുകളിൽ കുരുക്കുണ്ടാകുന്നത് പതിവാണ്. ഇതാണ് പരാതിക്കിടയാക്കിയത്. പൊലീസിന്റെ നടപടിയിൽ പ്രതിഷേധവുമായി തട്ടുകട
നടത്തിപ്പുകാർ രംഗത്തെത്തി. വഴിയാത്രക്കാർക്കു തടസ്സം സൃഷ്ടിക്കാതെയാണ് തട്ടുകടകൾ പ്രവർത്തിക്കുന്നതെന്ന് കടയുടമകൾ പറയുന്നു. ചില തട്ടുകടകൾ മാത്രമാണ് പൊലീസ് അടപ്പിക്കുന്നതെന്നും മറ്റു ചിലർക്ക് പ്രവർത്തിക്കാൻ അനുമതി നൽകുന്നുണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
3 മാസമായി ഹെൽത്ത് ഇൻസ്പെക്ടറില്ല
സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലും ഹോട്ടലുകളിലും തട്ടുകടകളിലും ഭക്ഷ്യ സുരക്ഷാ പരിശോധന നടത്തേണ്ട
കോർപറേഷന്റെ സെക്രട്ടേറിയറ്റ് ഹെൽത്ത് സർക്കിളിൽ 3 മാസമായി ഹെൽത്ത് ഇൻസ്പെക്ടറില്ല. മുൻപ് ഉണ്ടായിരുന്ന ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതിനെതിരെ ഹെൽത്ത് ഇൻസ്പെക്ടർ കോടതിയെ സമീപിച്ചിരിക്കുകയാണ്.
പകരം ചുമതല നൽകിയ ഉദ്യോഗസ്ഥന് ജനന, മരണ റജിസ്ട്രേഷന്റെ ചുമതലയും നൽകിയിട്ടുള്ളതിനാൽ ഹെൽത്ത് സർക്കിളിലെ പ്രവർത്തനം താളം തെറ്റി. 3 മാസം മുൻപ് മറ്റൊരു ഹെൽത്ത് ഇൻസ്പെക്ടർ സ്ഥലംമാറി വന്നെങ്കിലും ചുമതല നൽകിയിട്ടില്ല.
വൻകിടക്കാരെന്ന് പൊലീസ്
ബെനാമി പേരിൽ, വൻകിടക്കാരാണ് നഗരത്തിലെ മിക്ക തട്ടുകടകളും നടത്തുന്നതെന്ന് പൊലീസും ഭക്ഷ്യ സുരക്ഷാ വകുപ്പും.
ഗൂഗിൾ പേ വഴി പണം അടയ്ക്കാൻ സൗകര്യമുള്ള തട്ടുകടകളിൽ നടത്തിയ പരിശോധനയിൽ പല പേരുകളിൽ നടത്തുന്ന ചില കടകളിലെ വരുമാനം ഒരു അക്കൗണ്ടിലേക്കാണു പോകുന്നതെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഉച്ചയ്ക്ക് ഹോട്ടലിൽ പാകം ചെയ്യുന്ന ഭക്ഷണം ചിലർ വൈകിട്ട് തട്ടുകടകളിൽ വിളമ്പുന്നതെന്നു കണ്ടെത്തിയെന്നും വില കുറച്ച് ഭക്ഷണം കിട്ടുന്നതിനാൽ ഉപഭോക്താവിനും ചരക്കു സേവന നികുതി നൽകേണ്ടാത്തതിനാൽ ഹോട്ടലുകാർക്കും ഇതു ലാഭമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
വ്യവസ്ഥകൾ നടപ്പാക്കാതെ കോർപറേഷൻ
കെട്ടിട
നമ്പർ ഇല്ലാതെ പ്രവർത്തിക്കുന്നതിനാൽ തട്ടുകട നടത്തിപ്പിന് ലൈസൻസ് നൽകാൻ കോർപറേഷൻ ആരോഗ്യ വിഭാഗത്തിന് കഴിയില്ല.
ദേശീയ നഗര ഉപജീവന മിഷൻ (ദീന ദയാൽ അന്ത്യോദയ യോജന– നാഷനൽ അർബൻ ലൈവ്ലിഹുഡ് മിഷൻ) എന്ന കേന്ദ്ര പദ്ധതി പ്രകാരമാണ് തട്ടുകടകൾക്കു ലൈസൻസ് അനുവദിക്കുന്നത്. 25 ചതുരശ്ര അടി വിസ്തീർണം മാത്രമേ പാടുള്ളൂ, ലൈസൻസ് നേടുന്നവർ നേരിട്ട് കട നടത്തണം, ഭാര്യ, മക്കൾ ഉൾപ്പെടെ അടുത്ത ബന്ധുക്കളെ സഹായികളാക്കാം, കട
നടത്തുന്നവർക്ക് ഹെൽത്ത് കാർഡും ഭക്ഷ്യ സുരക്ഷാ ലൈസൻസും നേടിയിരിക്കണം തുടങ്ങിയ കർശന വ്യവസ്ഥകളോടെയാണ് ലൈസൻസ് അനുവദിക്കുന്നത്.
എന്നാൽ കോർപറേഷൻ പരിധിയിൽ പ്രവർത്തിക്കുന്നതിൽ 102 കടകൾക്ക് മാത്രമാണ് എൻയുഎൽഎം ലൈസൻസ് അനുവദിച്ചിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു.അതേസമയം, തട്ടുകടകൾക്കു പ്രത്യേക വൈൻഡിങ് സോൺ അനുവദിക്കണമെന്ന ഹൈക്കോടതി ഉത്തരവും കോർപറേഷൻ നടപ്പാക്കിയിട്ടില്ല. ഗതാഗതക്കുരുക്കും പാർക്കിങ് പ്രശ്നവും പരിഗണിച്ചാണ് പ്രത്യേക മേഖല തട്ടുകടകൾക്ക് അനുവദിക്കണമെന്ന് കോടതി നിർദേശിച്ചത്.
ഇതു പരിശോധിക്കാൻ കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ സാന്നിധ്യത്തിൽ കൊച്ചി കോർപറേഷൻ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്താറുണ്ടെങ്കിലും ഇവിടെ പേരിന് പോലും പരിശോധനയില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]