തിരുവനന്തപുരം ∙ വീടും മക്കളെയും പോലും കൈവിട്ട് 266 നാളുകൾ ഒരുമിച്ചു കഴിഞ്ഞ സമരപ്പന്തൽ അവർക്കു വീടുപോലെയായിരുന്നു. ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുമെന്ന ആശയൊഴിഞ്ഞ അവർ കണ്ണീരോടെ മടങ്ങി.
പൊള്ളുന്ന ചൂടിലും കനത്ത മഴയിലും വീറോടെ പൊരുതിയ ആശമാർ ഇന്നലെ തളർന്നു; ഇത്രനാൾ ഒരേ മനസ്സും ഹൃദയവുമായി പോരാട്ടം നയിച്ചവർ യാത്ര പറഞ്ഞു പിരിയുന്നതിന്റെ വേദനയിൽ. യാത്ര പറയുമ്പോൾ ചിലർ കെട്ടിപ്പിടിച്ചു കരഞ്ഞു.
ഒരുമിച്ചു ചിത്രങ്ങളെടുത്തു. പോകുമ്പോൾ പറഞ്ഞു: ‘ചരിത്രം സൃഷ്ടിച്ചാണു നമ്മൾ മടങ്ങുന്നത്.
അന്തിമവിജയംവരെ ഈ പോരാട്ടം തുടരും’.
വേറിട്ട പോരാട്ടത്തിനും പൊതുസമൂഹത്തിന്റെ വലിയ പിന്തുണയ്ക്കും വേദിയായ സമരപ്പന്തൽ പൊളിച്ചുനീക്കിയ ശേഷമാണ് ആശമാർ മടങ്ങിയത്. സമരം അവസാനിപ്പിക്കുന്നതിന് മുൻപ് ആവേശകരമായ സമരപ്രതിജ്ഞാ റാലി നടന്നു.
സ്ത്രീ ശക്തിയുടെ മഹത്തായ വിജയമാണു കണ്ടതെന്നു റാലി ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. 2026 ലെ യുഡിഎഫ് സർക്കാരിന്റെ ആദ്യ കാബിനറ്റിൽ ഓണറേറിയം വർധന നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
7000 രൂപ ഓണറേറിയം 21,000 രൂപയാക്കുക, വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി 10 മുതലായിരുന്നു സമരം.
സർക്കാർ 1000 രൂപ ഓണറേറിയം വർധിപ്പിച്ച പശ്ചാത്തലത്തിലാണ് സമരം അവസാനിപ്പിച്ചതെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ അറിയിച്ചു. ആവശ്യങ്ങൾ മുഴുവൻ അംഗീകരിക്കുന്നതുവരെ ജില്ലാ കേന്ദ്രങ്ങളിലും തദ്ദേശ സ്ഥാപനങ്ങളിലും സമരം തുടരും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

