ആറന്മുളയുടെ സാംസ്കാരിക പൈതൃകത്തിൽ വലിയ സ്ഥാനമുള്ള മേപ്രം തൈമറവുംകര പള്ളിയോടത്തിന്റെ ചരിത്രവും വിശേഷങ്ങളും ശ്രദ്ധേയമാകുന്നു. വറ്റിവരണ്ട
വരട്ടാറിൽ തടയണ നിർമിച്ചു ജലാശയം തീർത്തു നീരണഞ്ഞ ചരിത്രമുള്ള പള്ളിയോടമാണു മേപ്രം തൈമറവുംകര. വരട്ടാറിന്റെ ശോച്യാവസ്ഥ കാരണം പമ്പയുടെ തീരത്തുള്ള വാഴാർ മംഗലം തെങ്ങുംപള്ളിൽ മഠത്തിലെ പുരയിടത്തിലായിരുന്നു വള്ളപ്പുര.
ചങ്ങങ്കരി വേണു ആചാരിയുടെ നേതൃത്വത്തിൽ 2007ൽ പുനർനിർമിച്ച പള്ളിയോടം വരട്ടാറിൽ മണൽചാക്കുകൾ അടുക്കി ജലനിരപ്പ് ഉയർത്തിയാണ് ആദിപമ്പയിലെത്തിച്ചത്. ഓതറ, മംഗലം കരക്കാരും കൈമെയ് മറന്നു സഹായിക്കുകയും ചെയ്തു.
ആറന്മുളയിൽ ആദ്യ കാലം മുതൽ ഉണ്ടായിരുന്ന പള്ളിയോടമാണു മേപ്രം. 1887ൽ മുണ്ടപ്പുഴ തച്ചൻമാർ നിർമിച്ച പള്ളിയോടം നശിച്ച ശേഷം മങ്കൊമ്പിൽ മുൻമന്ത്രി കെ.എം.കോരയിൽ നിന്നു ചുണ്ടൻ വാങ്ങി കോഴിമുക്ക് നാരായണൻ ആചാരിയുടെ മേൽനോട്ടത്തിൽ പണിതെടുത്തു.
മങ്കൊമ്പിൽ അമ്മയുടെ വാൾ സൂക്ഷിച്ചിട്ടുള്ള പള്ളിയോടത്തിൽ ദേവീ സാന്നിധ്യവും കുടികൊള്ളുന്നതായാണു വിശ്വാസം. ഉത്തൃട്ടാതി ജലോത്സവത്തിൽ 2012ലും 2016ലും ഒന്നാം സ്ഥാനമായ മന്നം ട്രോഫി നേടിയപ്പോൾ മങ്കൊമ്പിൽ അമ്മയ്ക്ക് സമർപ്പിക്കാനായി പള്ളിയോടം മങ്കൊമ്പിൽ പോയിരുന്നു.
1990ൽ രണ്ടാം സ്ഥാനവും 1975ലും 1993ലും 2011ലും മൂന്നാം സ്ഥാനവും നേടി. 2019ൽ ഫൈനലിൽ തുല്യ പോയിന്റ് നേടുകയും ടോസ് വഴി രണ്ടാം സ്ഥാനം നേടുകയും ചെയ്തു.
2022 ൽ ചമയത്തിനും 2023ൽ മികച്ച രീതിയിൽ പാടി കളിച്ചതിനുള്ള എവർറോളിങ് ട്രോഫിയും നേടി. കഴിഞ്ഞ വർഷം ഫൈനലിൽ നാലാം സ്ഥാനത്തെത്തുകയും ചെയ്തു.
തിരുവിതാംകൂർ രാജപ്രമുഖനിൽനിന്നു പാരിതോഷികം ഏറ്റു വാങ്ങിയ പള്ളിയോടം കൂടിയാണ് മേപ്രം തൈമറവുംകര. ശ്രീവേണുഗോപാലൻ പള്ളിയോട
സമിതിയുടെ ഉടമസ്ഥതയിലാണു പള്ളിയോടം. ആർ.ബാലചന്ദ്രൻപിള്ള, ടി.ജി.പ്രസന്നകുമാർ ഗൗരീശം എന്നിവരാണു പള്ളിയോട
പ്രതിനിധികൾ. ക്യാപ്റ്റൻ പി.ആർ.രഞ്ജിത്ത്.
പ്രധാന സവിശേഷതകൾ:
* ബി ബാച്ച്് പള്ളിയോടം.
* നീളം: 42.25 കോൽ.
* ഉടമ: 62 അംഗുലം.
* അമരപ്പൊക്കം: 16 അടി.
* അമരക്കാർ 4, പാട്ടുകാർ 7.
* നിലയാളുകൾ 7.
* തുഴച്ചിലുകാർ 46.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

