പത്തനംതിട്ട ∙ കലഞ്ഞൂർ കുടുത്ത സ്വദേശി അനന്തുവിനെ കമ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്രീകുമാറിന് ജീവപര്യന്തം കഠിന തടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
പത്തനംതിട്ട ജില്ലാ അഡീഷനൽ സെഷൻസ് കോടതി (3) ജഡ്ജ് എസ്.മിനിമോളാണു വിധി പറഞ്ഞത്.
തന്റെ ഭാര്യയുമായി അനന്തുവിന് അടുപ്പമുണ്ടായിരുന്നു എന്ന് പ്രതിക്കു സംശയമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണു കൊലപാതകം നടന്നത്.
2023 ഫെബ്രുവരി അഞ്ചിനായിരുന്നു സംഭവം.
അനന്തുവിനെ കാണാനില്ല എന്ന് അനന്തുവിന്റെ പിതാവ് രാജൻ കൂടൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അന്നത്തെ കൂടൽ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന ദിജേഷ് അന്വേഷണം തുടങ്ങി.
ഇതിനിടെ സമീപപ്രദേശത്ത് കുടുത്ത കനാലിൽ നിന്നു അനന്തുവിന്റെ മൃതദേഹം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അൽപം അകലെയായി കനാലിൽ നിന്നു തന്നെ ഇരുമ്പ് കമ്പിയും രക്തം പുരണ്ട
വസ്ത്രങ്ങളും ലഭിച്ചു. അന്വേഷണത്തിൽ വസ്ത്രങ്ങൾ അനന്തുവിന്റേതല്ല എന്ന് മനസിലാക്കിയ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
ഇതോടെയാണു പ്രതി ശ്രീകുമാറിന് അനന്തുവുമായി പ്രശ്നങ്ങളുണ്ടായിരുന്നു എന്നു പൊലീസ് മനസിലാക്കിയത്. അന്വേഷണത്തിൽ ശ്രീകുമാർ ഒളിവിൽ ആണെന്നും കനാലിൽ നിന്നും ലഭിച്ച രക്തം പുരണ്ട
വസ്ത്രങ്ങൾ ശ്രീകുമാറിന്റേതാണെന്നും തെളിഞ്ഞു.
വിശദമായ അന്വേഷണത്തിനൊടുവിൽ കുളത്തുമൺ എന്ന സ്ഥലത്ത് വനപ്രദേശത്തിനോടു ചേർന്ന് ഒളിവിലായിരുന്ന ശ്രീകുമാറിനെ അറസ്റ്റ് ചെയ്തു.
കേസന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത് കൂടൽ പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന പുഷ്പ കുമാർ ആണ്. ദൃക്സാക്ഷികൾ ആരും ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകൾ കൊണ്ടും ശാസ്ത്രീയ തെളിവുകൾ കൊണ്ടും ആണ് പ്രതിക്കെതിരെ കുറ്റം തെളിയിച്ച് ശിക്ഷ വാങ്ങി നൽകാനായത് എന്ന് കേസിൽ പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഭിഭാഷകൻ വി.ബിന്നി പറഞ്ഞു.
കോടതി നടപടികളിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ മഹേഷ് സഹായിയായി പ്രവർത്തിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

