പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഒഴിവുവന്ന നാലു വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ നാലിടത്തും യുഡിഎഫിന് ഉജ്ജ്വല വിജയം.
കുറ്റൂർ പഞ്ചായത്തിലെ ഓതറ, കുന്നന്താനം പഞ്ചായത്തിലെ വള്ളോക്കുന്ന്, റാന്നി പഞ്ചായത്തിലെ ബ്ലോക്കുപടി, അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലി എന്നീ വാർഡുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പഞ്ചായത്തംഗമായിരിക്കെ അടൂർ എംഎൽഎയായതോടെ സി.വി.ശാന്തകുമാർ രാജിവച്ച വാർഡാണു കല്ലേലി.
ഓതറയിൽ പഞ്ചായത്തംഗം മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മറ്റു രണ്ടിടങ്ങളിൽ ജോലി ലഭിച്ചതിനെത്തുടർന്നു പഞ്ചായത്തംഗത്വം രാജിവച്ചതാണ് ഇവിടെ ഉപതിരഞ്ഞെടുപ്പിലേക്കു നയിച്ചത്.
ആകെ 67.31 ശതമാനം പോളിങ്ങാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. ആകെ 2788 പേർ വോട്ട് രേഖപ്പെടുത്തി.
റാന്നി പഞ്ചായത്തിലെ ബ്ലോക്ക്പടി വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എം.ആർ. രമ്യമോൾ 5 വോട്ടിന് വിജയിച്ചു.
രമ്യമോളക്ക് 287 വോട്ടും എൽഡിഎഫ് സ്ഥാനാർഥി ജിസി സാബുവിന് 282 വോട്ടും എൻഡിഎയുടെ മേഘാ ജയന് 16 വോട്ടും ലഭിച്ചു. 71.77% പോളിങ് രേഖപ്പെടുത്തിയ ഇവിടെ, ആകെയുള്ള 815 വോട്ടർമാരിൽ 585 പേർ വോട്ടു ചെയ്തു.
ഇതിൽ 344 സ്ത്രീകളും 241 പുരുഷൻമാരുമാണു ഉൾപ്പെടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 544 വോട്ടുകളാണു ചെയ്തത്.
അന്നു യുഡിഎഫ് സ്ഥാനാർഥി 86 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു വിജയിച്ചത്. അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലി വാർഡിൽ നടന്ന മത്സരത്തിൽ യുഡിഎഫിലെ അനില സുരേഷ് 112 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം കണ്ടത്.
അനില സുരേഷ് (യുഡിഎഫ്) – 381, സുമതി രമണൻ (എൽഡിഎഫ്) -269, ബി. മായ (എൻഡിഎ) – 32 എന്നിങ്ങനെയാണ് ഇവിടെ വോട്ട് നില.
പഞ്ചായത്ത് അംഗമായിരുന്ന സി.വി.ശാന്തകുമാർ അടൂർ എംഎൽഎ ആയതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വന്നത്. അരുവാപ്പുലം പഞ്ചായത്ത് 6–ാം വാർഡായ കല്ലേലിയിൽ 63.8% പോളിങ് നടന്നു.
ആകെ 1069 വോട്ടർമാർ ഉള്ളതിൽ 682 പേർ വോട്ട് ചെയ്തു. 367 സ്ത്രീകളും 315 പുരുഷന്മാരുമാണ് ഇവിടെ വോട്ട് രേഖപ്പെടുത്തിയത്.
കുന്നന്താനം പഞ്ചായത്തിലെ വള്ളോക്കുന്ന് വാർഡിൽ രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർഥി രാധാമണിയമ്മ വിജയം സ്വന്തമാക്കിയത്. സിപിഎമ്മിൽ നിന്ന് വാർഡ് തിരിച്ചു പിടിക്കുകയായിരുന്നു യുഡിഎഫ് ഇവിടെ ചെയ്തത്.
ഈ വാർഡിൽ എൻഡിഎ ആണ് രണ്ടാമത് എത്തിയത്. യുഡിഎഫ്- 276, എൻഡിഎ- 274, എൽഡിഎഫ് 259 എന്നതാണ് അന്തിമ വോട്ട് നില.
കുന്നന്താനം പഞ്ചായത്ത് രണ്ടാം വാർഡായ വള്ളോക്കുന്നിലെ ഉപതിരഞ്ഞെടുപ്പിൽ 1160 വോട്ടർമാരിൽ 809 പേർ വോട്ട് രേഖപ്പെടുത്തി. 69.74 ശതമാനമാണു ഇവിടെ പോളിങ് ശതമാനം രേഖപ്പെടുത്തിയത്.
358 പുരുഷന്മാരും 451 സ്ത്രീകളുമാണു ഇവിടെ വോട്ട് ചെയ്തത്. കുറ്റൂർ പഞ്ചായത്തിലെ ഓതറ വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിലെ രതീഷ്മോൻ രവി 148 വോട്ടിനു വിജയിച്ചു.
രതീഷിന്റെ പിതാവ് രവി പഞ്ചായത്ത് അംഗമായിരിക്കെ മരിച്ചതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കുറ്റൂർ പഞ്ചായത്തിലെ എട്ടാം വാർഡായ ഓതറയിൽ 64.84% പോളിങ് രേഖപ്പെടുത്തി.
1098 വോട്ടർമാരിൽ 712 പേർ വോട്ട് രേഖപ്പെടുത്തിയതിൽ 342 പുരുഷന്മാരും 370 സ്ത്രീകളുമാണു ഉൾപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

