അടൂർ മണക്കാല അന്തിച്ചിറ കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ നടന്ന കവർച്ചയ്ക്ക് പിന്നിൽ സ്ഥിരം കുറ്റവാളിയെന്ന് പൊലീസ് വ്യക്തമാക്കൽ. കൊല്ലം ചന്ദനതോപ്പു കുറുവേലിൽ താഴേതിൽ പ്രസാദ് (62) അഥവാ അമ്പലം പ്രസാദും സംഘവുമാണ് ക്ഷേത്രത്തിന്റെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണവും സ്വർണത്താലികളും കവർന്നത്.
എറണാകുളം തൃക്കരിപ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മോഷണകേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് കോട്ടൂർ ക്ഷേത്രത്തിലെ കവർച്ചാ വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് കോടതി റിമാൻഡ് ചെയ്ത അമ്പലം പ്രസാദിനെ അടൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ഇന്നലെ ക്ഷേത്രത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.
ക്ഷേത്രത്തിൽ നിന്നും നഷ്ടപ്പെട്ട ഏകദേശം ഒൻപതിനായിരത്തോളം രൂപ പ്രതി ധൂർത്തടിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രസാദിന് പുറമെ മറ്റ് രണ്ടുപേർ കൂടി ഈ മോഷണ സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ മാസം 11-ാം തീയതി രാത്രിയിലാണ് പ്രസാദും കൂട്ടാളികളും ചേർന്ന് കോട്ടൂർ ക്ഷേത്രത്തിൽ അക്രമം അഴിച്ചുവിട്ടത്.
ശ്രീകോവിലിനും ഉപദേവതകൾക്കും മുന്നിലുണ്ടായിരുന്ന 11 കാണിക്കവഞ്ചികളും തകർക്കുകയും, ഓഫീസ് മുറിയുടെ പൂട്ട് പൊളിച്ച് സൂക്ഷിച്ചിരുന്ന പണവും മേശപ്പുറത്തുണ്ടായിരുന്ന സ്വർണത്താലികളും സംഘം അപഹരിക്കുകയായിരുന്നു. ഇതിന് തൊട്ടുമുമ്പുള്ള ആഴ്ച അടൂർ നെല്ലിമൂട്ടിൽപ്പടിയിൽ നിന്നും ഒരു സ്കൂട്ടറും പ്രതികൾ മോഷ്ടിച്ചിരുന്നു.
ഇതിനുശേഷം കോട്ടൂർ ക്ഷേത്രത്തിലെത്തി മോഷണം നടത്തിയ സംഘം ഏനാത്ത് എത്തി ബസ് മാർഗം തിരുവനന്തപുരത്തേക്ക് കടന്നു. വർക്കലയിൽ ലോഡ്ജ് മുറിയെടുത്ത് താമസിച്ച ശേഷമാണ് സംഘം തൃക്കരിപ്പൂരിലേക്ക് യാത്ര തിരിച്ചത്.
അവിടെ റിട്ടയേർഡ് ഐ.എ.എസ് ഉദ്യോഗസ്ഥന്റെ വീട്ടിൽക്കയറി വീണ്ടും മോഷണം നടത്തി. ഈ കേസന്വേഷണത്തിനിടയിലാണ് പ്രസാദും കൂട്ടുപ്രതികളായ ഹസൻ സന്തോഷ്, ബാബു (കല്യാണരാമൻ) എന്നിവർ പിടിയിലാകുന്നത്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കോട്ടൂർ ക്ഷേത്രത്തിലെ കവർച്ചാ വിവരങ്ങൾ പൊലീസിന് ലഭിച്ചത്. നിലവിൽ അടൂർ പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രസാദിനെ ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി.
മറ്റു പ്രതികളെ തൃക്കരിപ്പൂർ പൊലീസിന്റെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുന്നതാണ്. സിഐ ആർ.
രാജീവ്, എസ്എച്ച്ഒ പങ്കജ് കൃഷ്ണ, എസ്ഐ അനൂപ് രാഘവൻ, എസ്സിപിഒ സുരേഷ്കുമാർ, സിപിഒ ബൈജു എന്നിവരടങ്ങിയ സംഘമാണ് ഇന്നലെ തെളിവെടുപ്പിന് നേതൃത്വം നൽകിയത്. മുൻപ് ഈ ക്ഷേത്രത്തിൽ മോഷണം നടത്തിയതിന് നാട്ടുകാർ പിടികൂടി മർദ്ദിച്ചിട്ടുള്ളതിന്റെ വൈരാഗ്യമാണ് വീണ്ടും ഇവിടെയെത്താൻ പ്രേരിപ്പിച്ചതെന്നും, ഇനിയും ഈ ക്ഷേത്രത്തിൽ മോഷണം നടത്തുമെന്നാണ് കരുതുന്നതെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തിയതായി സൂചനയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

