കോഴഞ്ചേരി ∙ പുനർപുളിയിൽ നിന്നു ഗാർസീനിയ ആസിഡ് ഉത്പാദിപ്പിക്കുന്ന സാങ്കേതികവിദ്യയ്ക്ക് എംജി സർവകലാശാാലയിലെ 3 അധ്യാപകർക്കു സുസ്ഥിര സാങ്കേതികവിദ്യ പേറ്റന്റ് ലഭിച്ചു. കൊക്കം അഥവാ പുനർപുളി (ഗാർസീനിയ ഇൻഡിക്ക), കുടംപുളി (ഗാർസീനിയ ഗമ്മി-ഗുട്ട) എന്നീ പഴങ്ങളുടെ സത്തിൽ നിന്നു ഗാർസീനിയ ആസിഡ് വലിയ അളവിൽ വേർതിരിച്ചെടുക്കുന്നതിനുള്ള സാങ്കേതികവിദ്യയ്ക്കാണ് ഇന്ത്യൻ പേറ്റന്റ് ലഭിച്ചത്.
മല്ലപ്പള്ളി ബിഷപ്പ് ഏബ്രഹാം മെമ്മോറിയൽ കോളജിലെ രസതന്ത്ര ബിരുദാനന്തര ഗവേഷണ വിഭാഗം അസോഷ്യേറ്റ് പ്രഫസർ ഡോ.
റാണി ആർ. നായർ, കൊല്ലം ടികെഎം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ അസോഷ്യേറ്റ് പ്രഫസർ ഡോ.
ചിത്ര ഗോപിനാഥ്, അസി. പ്രഫസർ ഡോ.
എച്ച്. സിമിമോൾ, തേവര സേക്രഡ് ഹാർട്ട് കോളജിലെ അസോഷ്യേറ്റ് പ്രഫസർ ഡോ.
ഗ്രേസ് തോമസ് എന്നിവർക്കാണു പേറ്റന്റ് ലഭിച്ചത്.
സിട്രിക് ആസിഡിന്റെ സ്ട്രക്ചറൽ അനലോഗ് ആയ ഗാർസീനിയ ആസിഡ് ഒരു പ്രധാന ജൈവ സജീവ തന്മാത്രയായാണു പരിഗണിക്കപ്പെടുന്നത്. ഹൈഡ്രോക്സി സിട്രിക് ആസിഡ് (എച്ച്സിഎ) ലാക്ടോൺ രൂപത്തിൽ ഇതു സ്വാഭാവികമായി ഗാർസീനിയ വർഗ്ഗത്തിലെ ഫലങ്ങളിൽ കാണപ്പെടുന്നു.
ശരീരത്തിലെ കൊഴുപ്പിന്റെ ആഗിരണത്തെ സ്വാധീനിക്കുന്ന കഴിവു കാരണം അമിതവണ്ണ നിയന്ത്രണത്തിനായുള്ള ന്യൂട്രാസ്യൂട്ടിക്കൽ ഉത്പന്നങ്ങളിൽ ഇതു പ്രധാന ഘടകമാണ്. കൂടാതെ, ഇത് എടിപി – സിട്രേറ്റ് ലൈയാസ് (ATP-citrate lyase) എന്ന എൻസൈമിനെ തടയുന്നതിലൂടെ കൊഴുപ്പ് നിർമ്മാണ പ്രക്രിയ കുറയ്ക്കാൻ സഹായിക്കുന്നതായും പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഉദരസംബന്ധമായ അസുഖങ്ങൾക്കും അമിതവണ്ണം കുറയ്ക്കുന്നതിനുള്ള ആയുർവേദ സപ്ലിമെന്റുകളിലും ഗാർസീനിയ ആസിഡ് വ്യാപകമായി ഉപയോഗിക്കുന്നു.
അഷ്ടാംഗഹൃദയം, ചരക സംഹിത തുടങ്ങിയ ആയുർവേദ ഗ്രന്ഥങ്ങളിൽ ഈ തന്മാത്രയുടെ ഗുണഗണങ്ങൾ വിശദീകരിക്കുന്നുണ്ട്. കൂടാതെ ജൈവശാസ്ത്രപരമായ പ്രവർത്തനങ്ങളുള്ള ആന്റി-ട്യൂമർ ഏജന്റായ ക്രിസ്പിൻ, ആന്റി-എച്ച്ഐവി മരുന്നായ ഡരുണാവിർ തുടങ്ങിയ സങ്കീർണങ്ങളായ സംയുക്തങ്ങൾ കുറഞ്ഞ ചെലവിൽ ഗാർസീനിയ ആസിഡിൽ നിന്നു നിർമിക്കാനാകുന്നതും ശ്രദ്ധേയമാണ്.
ഉയർന്ന വിപണിമൂല്യമുള്ള ഗാർസീനിയ ആസിഡിന് 10 മില്ലിഗ്രാമിന് 22,000 രൂപവരെ വിലവരുന്നു.
പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു കിലോ പുനർപുളിയിൽ നിന്ന് ഏകദേശം 30–40 ഗ്രാം ഗാർസീനിയ ആസിഡ് വേർതിരിച്ചെടുക്കാനാകും. പരമ്പരാഗത രീതികളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ ഉയർന്ന ലഭ്യത, കുറഞ്ഞ സോൾവന്റ് ഉപയോഗം, കുറഞ്ഞ നിർമാണസമയം എന്നിവയാണ് ഈ സാങ്കേതികവിദ്യയുടെ പ്രത്യേകതകൾ.
കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച് ഇൻ ബേസിക് സയൻസിന്റെ (ഐഐആർബിഎസ്) സ്ഥാപക ഡയറക്ടറായിരുന്ന അന്തരിച്ച പ്രഫ.
ഡോ. ഇബ്നുസൗദിന്റെ മുൻ ഗവേഷണ വിദ്യാർഥികളാണ് ഇവർ 4 പേരും..
ഡോ. ഇബ്നുസൗദിന്റെ ഗവേഷക ഗ്രൂപ്പിൽ നിന്നു നേരത്തെയും ഇന്ത്യൻ, യുഎസ് പേറ്റന്റുകൾ നേടിയിട്ടുള്ളവരുമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

