പത്തനംതിട്ട ∙ തദ്ദേശ തിരഞ്ഞെടുപ്പിലെ പത്രിക പിൻവലിക്കാനുള്ള സമയ പരിധി കഴിഞ്ഞപ്പോൾ വിമത ശല്യത്തിൽ വലയുകയാണു മുന്നണികൾ. അവസാനവട്ട
ചർച്ചകളിലും ഒത്തുതീർപ്പിലെത്താതെവന്ന സ്ഥലങ്ങളിൽ ഇനി പാർട്ടികൾ അച്ചടക്ക നടപടിയിലേക്കു പോകാനാണു സാധ്യത. സീറ്റ് കൊടുത്തെങ്കിലും സ്ഥാനാർഥിയാകാൻ ആളില്ലെങ്കിൽ ഘടക കക്ഷികൾ ആളെ വിട്ടുനൽകിയ സംഭവങ്ങളുമുണ്ടായി.
ഒരേ മുന്നണിയിലെ ഘടക കക്ഷികൾ തമ്മിൽ പല വാർഡുകളിലും ഏറ്റുമുട്ടുന്നുണ്ട്.
റാന്നി മേഖലയിലും വിമതർ ഒട്ടേറെ
പഴവങ്ങാടി പഞ്ചായത്തിലെ മക്കപ്പുഴ 2ാം വാർഡിൽ ബിജെപി സ്ഥാനാർഥി പി.സി.ബാബുവിനു റിബലുണ്ട്. ബിജെപി റാന്നി മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന രജനി പ്രമോദാണ് സ്ഥാനം രാജിവച്ച് സ്വതന്ത്രയായി മത്സരിക്കുന്നത്. പഴവങ്ങാടി കോതാനി 3ാം വാർഡ് പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റോയി ഉള്ളിരിക്കലിനെതിരെ വാർഡ് പ്രസിഡന്റ് ഷിബു പറങ്കിത്തോട്ടത്തിൽ സ്വതന്ത്രനായി രംഗത്തുണ്ട്.
വെച്ചൂച്ചിറ 14ാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ കേരള കോൺഗ്രസ് സ്ഥാനാർഥി മത്സരത്തിൽ ഉറച്ചുനിൽക്കുന്നു.
ഇരുവരും ഔദ്യോഗിക ചിഹ്നത്തിൽ യുഡിഎഫ് സ്ഥാനാർഥിയായിട്ടാണു മത്സരിക്കുന്നത്. നാറാണംമൂഴി പഞ്ചായത്തിൽ സിപിഐക്കു കൈമാറിയ നാറാണംമൂഴി വാർഡിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം സ്വതന്ത്രയായുണ്ട്. ഇവിടെ 8ാം വാർഡിൽ കോൺഗ്രസിലെ പൊന്നച്ചായിക്കെരെ കേരള കോൺഗ്രസ് നേതാവ് സിബി എലിപുലിക്കാട്ട് സ്വതന്ത്രനായി രംഗത്തുണ്ട്. വെച്ചൂച്ചിറ കൂത്താട്ടുകുളം വാർഡിലും കോൺഗ്രസിനു റിബലുണ്ട്.
പത്തനംതിട്ടയിൽ യുഡിഎഫിന് വിമതർ 3, എൽഡിഎഫിന് ഒന്ന്
യുഡിഎഫിന് നഗരസഭയിൽ 3 വിമതരുണ്ട്.
യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് ജാസിം കുട്ടിക്കെതിരെ 4 വിമതർ പത്രിക നൽകിയിരുന്നു. ഇതിൽ 3 പേർ പിന്മാറി.
യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിബിൻ ബേബി ഇവിടെ വിമതനായി മത്സരിക്കുന്നുണ്ട്. 24ാം വാർഡിൽ നിലവിലെ കൗൺസിലർ ആനി സജി ഔദ്യോഗിക സ്ഥാനാർഥി അനിൽ തോമസിനെതിരെ മത്സരിക്കുന്നുണ്ട്.
8ാം വാർഡിലും യുഡിഎഫിനു വിമതനുണ്ട്.
നഗരസഭയിലെ 14–ാം വാർഡിൽ സിപിഎമ്മിന്റെ മുൻ ബ്രാഞ്ച് സെക്രട്ടറി വിമതയായി രംഗത്ത്. കുലശേഖരപതി മുൻ ബ്രാഞ്ച് സെക്രട്ടറി എ.ഷഫീനയാണ് സ്വതന്ത്രയായി ജനവിധി തേടുന്നത്. വനിതാ വാർഡായ ഇവിടെ എൽഡിഎഫിനായി സിപിഐ സ്ഥാനാർഥിയാണ് മത്സരിക്കുന്നത്.
സ്ഥാനാർഥിയാകണമെന്ന് പാർട്ടി നേതൃത്വം നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്നും പിന്നീട് സിപിഐക്ക് സീറ്റ് കൈമാറിയത് അപ്രതീക്ഷിതമാണെന്നും ഷഫീന പറഞ്ഞു
സിപിഐക്കെതിരെ സിപിഎം മുൻ പഞ്ചായത്തംഗം
കോന്നി ∙ പഞ്ചായത്തിലെ 15–ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിക്കു വിമതനായി സിപിഎമ്മിലെ സ്ഥാനാർഥിയും മത്സരരംഗത്ത്. എൽഡിഎഫ് ഔദ്യോഗിക സ്ഥാനാർഥിയായി അരിവാൾ നെൽക്കതിർ അടയാളത്തിൽ മത്സരിക്കുന്ന കെ.ജി.ശിവകുമാറിനൊപ്പമാണ്.
സിപിഎമ്മിലെ മുൻ പഞ്ചായത്തംഗവും ലോക്കൽ നേതാവുമായ കെ.ജി.ഉദയകുമാർ ജീപ്പ് ചിഹ്നത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നത്. പാർട്ടി നിർദേശം അവഗണിച്ചാണ് ഉദയകുമാർ മത്സരിക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും സിപിഎം ഏരിയ നേതൃത്വത്തിന്റെ മൗനസമ്മതം ഇതിനു പിന്നിലുണ്ടെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.വിഷയം പഞ്ചായത്തിലെ മറ്റു വാർഡുകളിലും എൽഡിഎഫ് കൂട്ടുകെട്ടിനെ ബാധിക്കുമെന്നും ഒരു വിഭാഗം പറയുന്നു.
പ്രമാടം ∙ പഞ്ചായത്തിലെ 8–ാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിക്കൊപ്പം കോൺഗ്രസിലെ രാജൻ ജോർജും മത്സരരംഗത്ത്. അരുൺ കുമാറാണ് ഇവിടത്തെ യുഡിഎഫ് സ്ഥാനാർഥി.
ഈ വാർഡിൽ ബൾബ് അടയാളത്തിലാണ് രാജൻ ജോർജ് മത്സരിക്കുന്നത്.
അരുവാപ്പുലം ∙ പഞ്ചായത്തിലെ 8–ാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിക്കെതിരായി കോൺഗ്രസിന്റെ മുൻ പഞ്ചായത്തംഗം ബിമൽ കുമാർ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കും. ഇന്നലെ പത്രിക പിൻവലിക്കാത്തതിനാൽ ജീപ്പ് അടയാളത്തിലാണ് മത്സരിക്കുന്നത്.
അമ്പിളി സുരേഷാണ് ഇവിടത്തെ യുഡിഎഫ് സ്ഥാനാർഥി.
പ്രമാടം ∙ പഞ്ചായത്തിലെ 6–ാം വാർഡിൽ മുൻ എൽഡിഎഫ് പഞ്ചായത്തംഗം ദീപ എസ്.രാജൻ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കും. എൽഡിഎഫ് സ്ഥാനാർഥി ശ്രീകുമാരിക്കെതിരെയാണ് മൊബൈൽ ഫോൺ അടയാളത്തിൽ ദീപ മത്സരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

