കോഴഞ്ചേരി∙ വേദിയിൽ പരിപാടി നടക്കുമ്പോൾ സ്റ്റേജിന്റെ പിന്നിലെ റൂമിൽ പഠനവും ഉറക്കവും നഷ്ടപ്പെടുകയാണ് ഈ കൊച്ചുകുഞ്ഞുങ്ങൾക്ക്. കാരണം അങ്കണവാടിക്കു തൊട്ടുചേർന്നാണു പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ. ടിബി ജംക്ഷൻ സ്റ്റേഡിയത്തിനു സമീപമുള്ള പഞ്ചായത്ത് കമ്യൂണിറ്റി ഹാളിനോടു ചേർന്നു പ്രവർത്തിക്കുന്ന അങ്കണവാടിയിലെ കുരുന്നുകൾക്കാണ് ഈ അവസ്ഥ. കമ്യൂണിറ്റി ഹാളിന്റെ വേദിയുടെ വശത്തുള്ള ഇടുങ്ങിയ ഒരു മുറിയും ഇടനാഴിയും സമീപത്തെ പടികളും ഉപയോഗപ്പെടുത്തിയാണ് അങ്കണവാടിയുടെ പ്രവർത്തനം.
നിരന്തരം പരിപാടികൾ നടക്കുന്ന കമ്യൂണിറ്റി ഹാളിൽ ഉച്ചഭാഷിണി വച്ചു കഴിഞ്ഞാൽ പിന്നെ കുട്ടികൾക്കു സ്വസ്ഥത ഇല്ലാത്ത സ്ഥിതിയാണ്.
ചെറിയ ഒരു മുറിയിൽ മൂന്ന് അലമാരകൾ, ഒരു ബെഞ്ച്, കസേരകൾ, മേശ, കുട്ടികൾക്കുള്ള കളിക്കോപ്പുകൾ, കിടക്കാനുള്ള പായകൾ, വിവിധ പാത്രങ്ങൾ എന്നിവയെല്ലാം സൂക്ഷിച്ചിരിക്കുന്നു. ഇതിനിടയിലാണു കുട്ടികൾ ഇരിക്കേണ്ടത്. കുഴൽക്കിണർ ഉണ്ടെങ്കിലും കലങ്ങി മറിഞ്ഞ വെള്ളമാണ്.
അതിനാൽ പാചകത്തിനും മറ്റുമുള്ള വെള്ളം അടുത്തുള്ള വീടുകളിൽ നിന്നു കോരിക്കൊണ്ടു വരേണ്ട ഗതികേടും ജീവനക്കാർ നേരിടുന്നു.
നേരത്തെ ഗവ.
സ്കൂളിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടി അവിടെ സ്കൂളിന്റെ പുതിയ കെട്ടിടം നിർമിക്കുന്നതിനു വേണ്ടി താൽക്കാലികമായി മാറ്റുകയായിരുന്നു. പുതിയ കെട്ടിടത്തിൽ സ്ഥലം ലഭ്യമാക്കുമെന്നാണ് അന്നു പറഞ്ഞിരുന്നത്. സ്കൂൾ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയെങ്കിലും അങ്കണവാടിക്ക് അവിടെ സൗകര്യം നൽകാൻ കഴിയില്ല എന്ന പിടിവാശിയിലാണു ബന്ധപ്പെട്ടവർ. ഗവൺമെന്റ് സ്കൂളിൽ അനുയോജ്യമായ സ്ഥലത്ത് അങ്കണവാടിക്കു സ്ഥലം ലഭ്യമാക്കാൻ കഴിയുമെന്നാണ് രക്ഷകർത്താക്കൾ പറയുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

