ആറന്മുള ഗവ. എച്ച്എസ്എസിലെ വിദ്യാർഥികളും സ്കൂൾ ഡൈനിങ് ഹാളിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിലെ കുട്ടികളും ഒരുപോലെ പ്രതിസന്ധിയിൽ.
2018-ൽ 9.5 ലക്ഷം രൂപ ചെലവഴിച്ചാണ് ജില്ലാ പഞ്ചായത്ത് സ്കൂളിനായി ഡൈനിങ് ഹാളും കഞ്ഞിപ്പുരയും നിർമിച്ചത്. ഹൈസ്കൂൾ വിഭാഗത്തിലെ ഇരുനൂറ്റൻപതോളം കുട്ടികളിൽ 187 പേരാണ് ഇവിടെ ഉച്ചഭക്ഷണം കഴിക്കുന്നത്.
എന്നാൽ, കെട്ടിടം നിർമിച്ച കാലം മുതൽ അങ്കണവാടി ഇവിടെ പ്രവർത്തിക്കുന്നതിനാൽ, അൻപതു കുട്ടികൾക്ക് പോലും തികയാത്ത സാഹചര്യമാണ് നിലവിലുള്ളത്. സ്കൂളിലെ പഴയ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായാണ് അങ്കണവാടി ഡൈനിങ് ഹാളിലേക്ക് മാറ്റിയത്.
എന്നാൽ, എട്ടു വർഷങ്ങൾ പിന്നിട്ടിട്ടും അങ്കണവാടിക്ക് സ്ഥിരം കെട്ടിടം കണ്ടെത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഏഴ് കുട്ടികൾ പഠിക്കുന്ന അങ്കണവാടിയുടെ പഠനവും പാചകവും കളിയുപകരണങ്ങളും ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും ഈ ഒറ്റ മുറിയിലാണ് നടക്കുന്നത്.
ഉച്ചസമയത്ത് 187 സ്കൂൾ വിദ്യാർഥികൾ കൂടി എത്തുമ്പോൾ ഇവിടം അതീവ തിരക്കേറിയ സ്ഥലമായി മാറുന്നു. ഈ സാഹചര്യത്തിൽ, അങ്കണവാടി ഇവിടെനിന്നു മാറ്റി സ്ഥാപിക്കണമെന്ന് മല്ലപ്പുഴശ്ശേരി പഞ്ചായത്ത് അധികൃതരോട് ജില്ലാ പഞ്ചായത്ത് നിർദേശിച്ചു.
സ്കൂളിൽ പുതിയ കെട്ടിടം നിർമിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും നിർമാണ പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല. അങ്കണവാടി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുക മാത്രമാണ് നിലവിലെ പ്രശ്നത്തിന് ശാശ്വത പരിഹാരം.
ഇതിനായി പഞ്ചായത്ത് അടിയന്തരമായി ഇടപെടണമെന്നാണ് സ്കൂൾ അധികൃതരുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

