കോന്നി ∙ ഒൻപതാം ക്ലാസ് വിദ്യാർഥിയുടെ കയ്യൊടിഞ്ഞതിനെ തുടർന്ന് കോന്നി ഗവ. മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയയിൽ പിഴവെന്ന് പരാതി.
പ്ലാസ്റ്ററിട്ടപ്പോൾ കൈ വളഞ്ഞെന്നാണു പരാതി. അരുവാപ്പുലം സ്വദേശി ഷാജഹാനാണ് പൊലീസിൽ പരാതി നൽകിയത്.
നവംബർ 15ന് അരുവാപ്പുലത്തെ കളിക്കളത്തിൽ വീണാണ് ഷാജഹാന്റെ മകൻ തൻസീറിന്റെ (14) വലതുകയ്യുടെ കുഴയ്ക്ക് മുകൾ ഭാഗത്തായി ഒടിവുണ്ടായത്. തുടർന്ന് മെഡിക്കൽ കോളജിൽ ചികിത്സ തേടുകയായിരുന്നു.
നവംബർ 24ന് ശസ്ത്രക്രിയ നടത്തുകയും രണ്ട് ആഴ്ച കഴിഞ്ഞ് കുത്തിക്കെട്ട് എടുക്കുകയും ചെയ്തു. എന്നാൽ, കുഴയുടെ ഭാഗത്ത് വളവ് കണ്ടതോടെ വീണ്ടും പ്ലാസ്റ്റർ ഇട്ടു.
മൂന്ന് ആഴ്ചകഴിഞ്ഞ് എക്സ് റേ എടുത്തപ്പോൾ അസ്ഥി യോജിച്ചില്ലെന്നും ബോൾട്ട് ഇട്ടത് ഊരിയ നിലയിലുമായിരുന്നെന്നും വീട്ടുകാർ പറഞ്ഞു. ഈ മാസം രണ്ടിന് പ്ലാസ്റ്റർ മാറ്റിയപ്പോഴും കൈയുടെ കുഴ വളഞ്ഞുതന്നെയാണ് ഇരുന്നത്.
ഇതു സംബന്ധിച്ച് ചോദിച്ചപ്പോൾ ഫിസിയോതെറപ്പി ചെയ്താൽ മതിയെന്ന നിർദേശിക്കുകയും ചെയ്തതായി വീട്ടുകാർ പറഞ്ഞു. ഇതിനായി സ്വകാര്യ ആശുപത്രിയെ സമീപിച്ചപ്പോൾ ഈ അവസ്ഥയിൽ ഫിസിയോതെറപ്പി ചെയ്യാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു.
തുടർന്നു വീട്ടുകാർ വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി. അപ്പോഴാണ് പറയുന്നത് വീണ്ടും ശസ്ത്രക്രിയ നടത്തണമെന്ന്.
ഇതോടെ വീട്ടുകാർ എംഎൽഎക്കും പൊലീസിനും പരാതി നൽകുകയായിരുന്നു.
കയ്യുടെ ഒടിഞ്ഞ് വിടവായ ഭാഗത്ത് തുടയിൽ നിന്നുള്ള അസ്ഥിയെടുത്ത് പിടിപ്പിക്കുന്ന ശസ്ത്രക്രിയയാണ് നടത്തേണ്ടിയിരുന്നത്. ഇതോടെ വീട്ടുകാർ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്നു കഴിഞ്ഞ ദിവസം വീണ്ടും ശസ്ത്രക്രിയ നടത്തുകയും ചെയ്തു.
മൂന്നര മാസത്തിനിടെ രണ്ട് ശസ്ത്രക്രിയകൾ നടത്തി ഏറെ വേദന അനുഭവിക്കേണ്ടി വന്നു.
ഇൻഷുറൻസ് ഇല്ലാത്തതിനാൽ ആദ്യത്തെ ശസ്ത്രക്രിയയ്ക്ക് 70,000 രൂപ ചെലവായതായും ഇതു കൂടാതെ സ്വകാര്യ ആശുപത്രിയിലെ ചികിത്സ ചെലവും കണ്ടെത്തേണ്ടിയിരിക്കുന്നതായും ഷാജഹാൻ പറയുന്നു. അതേസമയം, കുട്ടിയുടെ കയ്യുടെ രണ്ട് എല്ലുകളും ഒടിഞ്ഞിരുന്നതായും ശസ്ത്രക്രിയ നടത്തി ആദ്യം എക്സ് റേ എടുത്തപ്പോൾ കുഴപ്പമില്ലായിരുന്നതായും പിന്നീട് അകൽച്ചയുണ്ടായതിനാൻ വീണ്ടും ശസ്ത്രക്രിയ നടത്തേണ്ട
സാഹചര്യമാണുണ്ടായതെന്നും ആശുപത്രി അധികൃതർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

