ശബരിമല∙ മുന്നൊരുക്കങ്ങൾ പാളി. ക്യൂ നിൽക്കുന്നവർക്കു കുടിവെള്ളം കൊടുക്കാൻ സംവിധാനമില്ല.
തീർഥാടകർ തളർന്നു വീണു. സഹായത്തിനു കേന്ദ്രസേന എത്തിയില്ല.
ഫണ്ട് ഇല്ലാത്തതിനാൽ സേഫ്സോൺ പ്രവർത്തനം നിർജീവം.മണ്ഡല മകരവിളക്കു തീർഥാടനത്തിനുള്ള മുന്നൊരുക്കങ്ങൾക്ക് മുൻവർഷങ്ങളിൽ സർക്കാരും ദേവസ്വം ബോർഡും കാണിച്ച താൽപര്യം ഇത്തവണ ഉണ്ടായില്ല. തീർഥാടനത്തിനു നട
തുറക്കുന്ന ദിവസം ദേവസ്വം മന്ത്രി പമ്പയിലും സന്നിധാനത്തും എത്തി അവസാനവട്ട തയാറെടുപ്പുകൾ അവലോകനം ചെയ്യുന്നതാണ്.
അത് ഇത്തവണ ഉണ്ടായില്ല. ദേവസ്വം ബോർഡിന്റെ കാലാവധി നീട്ടികിട്ടില്ലെന്നു വന്നതോടെ കാര്യമായ ക്രമീകരണങ്ങൾ നടത്താതെയാണ് പഴയ ബോർഡ് സ്ഥാനം ഒഴിഞ്ഞത്.
നട
തുറക്കുന്നതിന്റെ തലേദിവസമാണ് കെ.ജയകുമാർ പ്രസിഡന്റായ പുതിയ ബോർഡ് സത്യപ്രതിജ്ഞ ചെയ്തത്. അതിനാൽ തീർഥാടനം തുടങ്ങിയിട്ടും ദേവസ്വം ബോർഡിന്റെ ക്രമീകരണങ്ങളായില്ല.സ്വർണക്കൊള്ളയെ തുടർന്നു പ്രത്യേക അന്വേഷണ സംഘവും അമിക്കസ്ക്യൂറിയും വിജിലൻസും പിടിമുറുക്കുയും പരിശോധന കർശനമാക്കുകയും ചെയ്തതോടെ കൃത്യമായ ഉത്തരവുകൾ ഇല്ലാതെ ഉയർന്ന ദേവസ്വം ഉദ്യോഗസ്ഥർ ആരും തന്നെ വേണ്ട
ക്രമീകരണങ്ങൾക്കു മുൻകൈ എടുക്കാതെ മടിച്ചു നിൽക്കുകയാണ്. ഇതും ദേവസ്വം ബോർഡിന്റെ തീർഥാടന ഒരുക്കങ്ങളെ ബാധിച്ചു.
കേന്ദ്രസേന എത്തിയില്ല
∙ കേന്ദ്ര ദ്രുത കർമസേന (ആർഎഎഫ്), കേന്ദ്ര ദുരന്തനിവാരണ സേന (എൻഡിആർഎഫ്) എന്നിവരുടെ സേവനം എല്ലാവർഷവും തീർഥാടന കാലത്ത് ലഭിക്കുന്നതാണ്.
പൊലീസിന്റെയും ദേവസ്വം ബോർഡിന്റെയും ആവശ്യപ്രകാരം സംസ്ഥാന സർക്കാരാണ് കേന്ദ്ര സേനയുടെ സഹായം തേടേണ്ടത്. ഇത്തവണ അപേക്ഷ നൽകുന്നതു വൈകി.
അപ്പോഴേക്കും ബിഹാർ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി അവർ പോയി. അതു കൂടാതെ ഡൽഹി സ്പേടനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ സംസ്ഥാനങ്ങളിലെയും തന്ത്രപ്രധാന കേന്ദ്രങ്ങളിൽ സുരക്ഷ കൂട്ടി.
ഇക്കാരണങ്ങളാൽ കേന്ദ്ര സേന ഇതുവരെയും എത്തിയില്ല. ഇന്ന് എത്തുമെന്ന പ്രതീക്ഷയിലാണ്.
സ്ട്രച്ചർ ചുക്കാൻ
∙തളർന്നു വീഴുന്നവരെ ദുരന്ത നിവാരണ സേന അപ്പോൾ തന്നെ സ്ട്രച്ചറിൽ ചുമന്ന് ആശുപത്രിയിൽ എത്തിക്കുമായിരുന്നു.
ഇപ്പോൾ എല്ലാത്തിനും അഗ്നിരക്ഷാസേന മാത്രമാണുള്ളത്.പണ്ട് അയ്യപ്പ സേവാസംഘമായിരുന്നു സൗജന്യ സേവനമായി സ്ട്രച്ചർ ചുമന്നിരുന്നത്. തീർഥാടകർ തളർന്നു വീഴുകയോ അപകടത്തിൽപ്പെടുകയോ ചെയ്താൽ സംഘം പ്രവർത്തകർ ഓടി എത്തി ആശുപത്രിയിൽ എത്തിക്കുമായിരുന്നു.
സംഘത്തിനെ ശബരിമലയിൽ നിരോധിച്ചതു കാരണം അവർ സേവനത്തിനില്ല. ദിവസ വേതനത്തിനു ദേവസ്വം ബോർഡ് കുറച്ചുപേരെ സ്ട്രച്ചർ ചുമക്കാൻ നിയോഗിച്ചിട്ടുണ്ട്.
പക്ഷേ അവരുടെ സേവനം കാര്യമായി തീർഥാടകർക്കു ലഭിക്കുന്നില്ല.
ശുദ്ധജലം ഇല്ലാതെ
∙ പതിനെട്ടാംപടി കയറാൻ 10 മണിക്കൂറിൽ കൂടുതൽ കാത്തുനിൽക്കേണ്ടിവന്നവർക്ക് ദാഹ ജലം കൊടുക്കാൻ വേണ്ടത്ര ജീവനക്കാരെ എത്തിക്കുന്നതിൽ ദേവസ്വം ബോർഡ് പൂർണമായും പരാജയപ്പെട്ടു. പതിനെട്ടാംപടി കയറാനുള്ള നീണ്ട
നിര ഇന്നലെ അപ്പാച്ചിമേട് വരെ തീർഥാടകരുടെ ക്യൂ നീണ്ടു. ശരംകുത്തിയിൽ തിളപ്പിക്കുന്ന ചുക്കുവെള്ളം പൈപ്പ് വഴി സന്നിധാനം വലിയ നടപ്പന്തൽ വരെ എത്തിക്കുന്നുണ്ട്, ക്യുലനിൽക്കുന്നതിന്റെ വശങ്ങളിൽ ഏതാനും സ്ഥലത്ത് ടാപ്പ് സ്ഥാപിച്ചിട്ടുണ്ട്.
തീർഥാടകർ അതിൽ നിന്നു വെള്ളം പിടിച്ചു കുടിക്കണമെന്നാണു ദേവസ്വം ബോർഡിന്റെ നിഗമനം. അതിനാൽ ക്യു നിൽക്കുന്നവർക്കു ചുക്കുവെള്ളം കൊടുക്കാനുള്ള താൽക്കാലിക ജീവനക്കാരുടെ എണ്ണം കുറച്ചു.
മതിൽ പോലെ തീർഥാടകർ തിങ്ങിനിറഞ്ഞു ക്യൂ നിൽക്കുന്നതിനാൽ ചുക്കുവെള്ളം കിട്ടുന്ന ടാപ്പ് ഭൂരിഭാഗം പേരുടെയും ശ്രദ്ധയിൽ വരില്ല. അതിനാൽ ദാഹജലം കിട്ടാതെ നിരവധി പേർ തളർന്നു വീണു.
ഭക്ഷണമില്ലാതെ
∙ 10 മണിക്കൂർ വരെ ക്യൂ നീണ്ടതോടെ ഭക്ഷണം കഴിക്കാതെ നിരവധി പ്രമേഹ രോഗികളായ തീർഥാടകർ തളർന്നു വീണു.
മുൻവർഷങ്ങളിൽ ക്യു നിൽക്കുന്നവർക്ക് ബിസ്കറ്റ് കൊടുക്കുന്നതിനു സംവിധാനം ഏർപ്പെടുത്താറുണ്ട്. ഇത്തവണ രണ്ട് സ്ഥലത്തു മാത്രമാണ് ബിസ്കറ്റ് വിതരണം നാമമാത്രമായി നടന്നത്.
പടികയറ്റാൻ
∙കഴിഞ്ഞ വർഷം പതിനെട്ടാംപടി കയറ്റാൻ പ്രത്യേക പരിശീലനം നൽകിയ പൊലീസുകാരെയാണ് ഇറക്കിയത്.
ഇത്തവണ ഇക്കാര്യത്തിൽ പൊലീസ് വേണ്ട താൽപര്യം കാണിച്ചില്ല.കെഎപിയുടെ വിവിധ ബറ്റാലിയനിൽ നിന്നുള്ള പൊലീസുകാരെയാണ് ഇത്തവണ രംഗത്തിറക്കിയത്.
കഴിഞ്ഞവർഷം മിനിറ്റിൽ 80 മുതൽ 85 പേരെ വരെ പടി കയറ്റിയ സ്ഥാനത്ത് ഇവർ 50ൽ താഴെ പേരെ മാത്രമാണ് പടി കയറ്റിയത്. വേഗം കുറഞ്ഞതോടെ ക്യൂവിന്റെ നീളം കൂടി.
മിക്കപ്പോഴും ദർശനത്തിനായി മേൽപാലത്തിൽ വളരെ കുറച്ചുപേർ മാത്രമാണ് ഉണ്ടായിരുന്നത്.
സേഫ്സോൺ
∙ ശബരിമല സേഫ്സോൺ പ്രവർത്തനത്തിന് ഇത്തവണ സർക്കാർ ഫണ്ട് അനുവദിച്ചില്ല. അതിനാൽ അപകടം ഉണ്ടാകുന്ന സ്ഥലത്തു പോലും ഓടി എത്താൻ മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

