ചവറ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ മരിച്ച ചവറ പന്മന പൂജ ഭവനിൽ വേണുവിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന കമ്മിഷൻ എത്തിയില്ല. വേണുവിന്റെ ഭാര്യയുടെ മൊഴിയെടുക്കുന്നത് 20 ലേക്ക് മാറ്റി.
മൊഴി എടുക്കുന്നതു മാറ്റിയ അറിയിപ്പ് രേഖാമൂലം ലഭിച്ചതാകട്ടെ അന്വേഷണ സംഘത്തെ ഏറെ നേരം കാത്തിരുന്ന ശേഷവും. ഇന്നലെ ഉച്ചയ്ക്ക് 12ന് വീട്ടിലെത്തി നേരിൽക്കണ്ട് ഹിയറിങ് നടത്തുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ നിന്നു നേരത്തേ അറിയിപ്പ് ലഭിച്ചിരുന്നു.
എന്നാൽ ഇന്നലെ ഉച്ചയ്ക്ക് 1.05ന് സ്പീഡ് പോസ്റ്റിൽ എത്തിയ കത്ത് പോസ്റ്റ്മാൻ നൽകിയപ്പോഴാണ് മൊഴിയെടുപ്പ് മാറ്റിയ വിവരം അറിയുന്നത്.
തുടർന്ന് സിന്ധു അധികൃതരെ ബന്ധപ്പെട്ടപ്പോൾ അന്വേഷണ സംഘത്തിൽ ഉൾപ്പെട്ട ഡോക്ടറുടെ അടുത്ത ബന്ധു മരിച്ചതിനാലാണ് എത്താൻ കഴിയാതിരുന്നതെന്നും ഓഫിസിൽ നിന്നു ഫോണിൽ വിളിച്ച് അറിയിച്ചിട്ടുണ്ടെന്നുമായിരുന്നു മറുപടി.
ഇനി വീട്ടിൽ എത്തില്ലെന്നും അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ, മറ്റേതെങ്കിലും സർക്കാർ സ്ഥാപനങ്ങളിൽ വച്ചോ ആയിരിക്കും മൊഴി രേഖപ്പെടുത്തുക എന്നുമാണ് അധികൃതർ നൽകിയ വിശദീകരണം. പിന്നീട് സിന്ധു തിരുവനന്തപുരത്തെ മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയവുമായി ബന്ധപ്പെട്ടപ്പോൾ ഇ മെയിൽ സന്ദേശം അയച്ചിരുന്നുവെന്നും ഫോൺ വിളിച്ചു പറയാൻ കഴിഞ്ഞില്ലെന്നുമായിരുന്നു മറുപടി.
തുടർന്ന് ഫോൺ പരിശോധിച്ചപ്പോഴാണ് 17ന് രാവിലെ മൊഴിരേഖപ്പെടുത്തുന്നത് മാറ്റിയ വിവരം അറിയിച്ചു കൊണ്ടുള്ള ഇ മെയിൽ എത്തിയതായി മനസ്സിലായത്.
15ന് തയാറാക്കിയ കത്ത് 17നാണ് തപാലിൽ അയച്ചത്. മാധ്യമങ്ങൾ ഉൾപ്പെടെ വേണുവിന്റെ വീട്ടിലെത്തിയിരുന്നു. വേണുവിന്റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്താതെ അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിക്കാനുള്ള ശ്രമം വേണുവിന്റെ ഭാര്യ സിന്ധു മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും നൽകിയ പരാതിയെത്തുടർന്ന് മാറ്റുകയായിരുന്നു.
ഇതെത്തുടർന്ന് 12ന് തിരുവനന്തപുരത്ത് ഹിയറിങ് നടത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അസൗകര്യത്തെ തുടർന്ന് സിന്ധുവിനു പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് ഇന്നലെ വീട്ടിലെത്തി മൊഴിയെടുക്കാൻ തീരുമാനിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

