തണ്ണിത്തോട് ∙ അടവിയിൽ കുട്ടവഞ്ചി സവാരി സുഗമമാക്കാൻ കല്ലാറ്റിൽ മണൽച്ചിറ നിർമിച്ചു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് കടവിന് സമീപം കല്ലാറിന് കുറുകെ മണലും ചെറിയ കല്ലുകളും കൂട്ടിയിട്ട് ചിറ കെട്ടിയത്.
മഴ പെയ്ത് മണൽച്ചിറ പൊട്ടിയാൽ വീണ്ടും ഇതേ പോലെ നിർമിക്കേണ്ടിവരുന്നതിനാൽ ഇത് പാഴ്ചെലവാണെന്ന ആക്ഷേപം നേരത്തെ തന്നെയുണ്ട്. കഴിഞ്ഞ ജനുവരിയിൽ ഇത്തരത്തിൽ മണൽച്ചിറ നിർമിച്ചിരുന്നതാണ്.
പിന്നീട് മഴയിൽ ചിറ തകർന്നുപോയെങ്കിലും തുടർന്ന് മഴയുണ്ടായിരുന്നതിനാൽ ബുദ്ധിമുട്ടുണ്ടായില്ല.
കഴിഞ്ഞ മാസം മുതൽ കല്ലാറ്റിലെ ജലനിരപ്പ് താഴ്ന്നുതുടങ്ങിയിരുന്നു. മണൽ നിരന്നതോടെ കടവിൽ നിന്ന് കുട്ടവഞ്ചി തുഴഞ്ഞുനീക്കാനാകാതെ വന്നതോടെ കഴിഞ്ഞ മാസം കടവിലെ തോട്ടിൽ തുഴച്ചിൽ തൊഴിലാളികളെ ഉപയോഗിച്ച് മണൽചാക്ക് അടുക്കിയിരുന്നു.
കല്ലാറ്റിൽ ജലനിരപ്പ് ഏറെ താഴ്ന്നതോടെ സുഗമമായ കുട്ടവഞ്ചി സവാരി ബുദ്ധിമുട്ടായതോടെ കഴിഞ്ഞ ദിവസങ്ങളിലായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണൽച്ചിറ നിർമിച്ചു. മുൻകാലങ്ങളിൽ ജലനിരപ്പ് താഴുമ്പോൾ തുഴച്ചിൽ തൊഴിലാളികളെ ഉപയോഗിച്ച് ചാക്കിൽ മണൽ നിറച്ച് കല്ലാറിന് കുറുകെ പല നിരകളായി അടുക്കി താൽക്കാലിക തടയണ നിർമിക്കുകയാണ് ചെയ്തിരുന്നത്.
എന്നാൽ കഴിഞ്ഞ 3 വർഷമായി ഇതിൽ മാറ്റം വരുത്തി മണൽ ചാക്ക് തടയണയ്ക്ക് പകരം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണൽ കൂട്ടിയിട്ട് ചിറ കെട്ടുകയാണ്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണൽ നീക്കം ചെയ്യുന്നതുവഴി മണൽ ഒലിച്ചുപോകുന്നതിനും കല്ലാറിന്റെ സ്വാഭാവിക ഭംഗി നശിക്കുന്നതിനും വൈകാതെ ജലനിരപ്പ് കുറയുന്നതിനും ഇടയാക്കുമെന്ന് ആരോപണമുണ്ട്.
കല്ലാറ്റിൽ കുട്ടവഞ്ചി സവാരി ആരംഭിച്ചിട്ട് 11 വർഷം കഴിഞ്ഞും ആസൂത്രണമില്ലാതെയാണ് ഇവിടെ പ്രവൃത്തികൾ നടപ്പാക്കുന്നത്.
കുറഞ്ഞ ചെലവിൽ മികച്ച വരുമാനം ലഭിക്കുമ്പോഴും യഥാസമയം ആവശ്യമായ സൗകര്യങ്ങളൊരുക്കാതെ പരാതികളുയരുമ്പോൾ മാത്രം എന്തെങ്കിലും കാട്ടിക്കൂട്ടുകയാണെന്ന് ആക്ഷേപമുണ്ട്. സ്ഥിരമായ സംവിധാനങ്ങളൊരുക്കാതെ കാലാകാലങ്ങളിൽ പാഴ്ചെലവ് വരുത്തി നഷ്ടമുണ്ടാക്കുകയാണെന്ന് ആരോപണമുയരുന്നു.
കല്ലാറിന് കുറുകെ സ്ഥിരം തടയണ നിർമിക്കാത്തത് ഇടയ്ക്കിടെ പണികൾ നടത്തി കൂടുതൽ ചെലവുണ്ടാക്കി അഴിമതി നടത്താനാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ ഇത്തരത്തിൽ നടത്തുന്ന പാഴ് ചെലവുകൾ സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യമുയരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

