പത്തനംതിട്ട ജില്ലയിലെ സീതത്തോട്ടിൽ കനത്ത മഴയെത്തുടർന്ന് റോഡിലേക്ക് കൂറ്റൻ പാറ അടർന്നു വീണത് വലിയ ഭീഷണിയാകുന്നു.
ആങ്ങമൂഴി–സീതത്തോട് റൂട്ടിൽ മുരികിനി ഭാഗത്താണ് യാത്രാതടസ്സമുണ്ടായ സംഭവം നടന്നത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് റോഡിന്റെ പകുതിയോളം ഭാഗം മറച്ചുകൊണ്ട് വൻപാറ പതിച്ചത്.
തിരുവല്ലാലുങ്കൽ പ്രകാശിന്റെ പുരയിടത്തിൽ നിന്നുള്ള പാറയാണ് റോഡിലേക്ക് പതിച്ചത്. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും ഒരു വശത്തേക്ക് മാത്രമായി ചുരുക്കി.
പാറ നീക്കം ചെയ്യുന്നതിൽ ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയുണ്ടായതായി വ്യാപക ആക്ഷേപമുണ്ട്.
പഞ്ചായത്തും പൊലീസും നിരന്തരം ആവശ്യപ്പെട്ടിട്ടും മരാമത്ത് അധികൃതരുടെ ഭാഗത്തുനിന്നും നിരുത്തരവാദപരമായ സമീപനമാണ് ഉണ്ടായത്. പാറ പൊട്ടിച്ച് മാറ്റാൻ ആവശ്യപ്പെട്ടുകൊണ്ട് മൂഴിയാർ സ്റ്റേഷൻ എസ്എച്ച്ഒ എ.ആർ രവീന്ദ്രൻ അടക്കമുള്ള ഉദ്യോഗസ്ഥർ ബന്ധപ്പെട്ട
വിഭാഗത്തെ പലതവണ ബന്ധപ്പെട്ടെങ്കിലും റാന്നിയിൽ നിന്നും തൊഴിലാളികൾ തിരിച്ചിട്ടുണ്ടെന്ന മറു മാത്രമാണ് ലഭിച്ചത്. ഒടുവിൽ സംഭവസ്ഥലത്ത് മണിക്കൂറുകളോളം മൂഴിയാർ പൊലീസ് ക്യാമ്പ് ചെയ്ത ശേഷമാണ് വൈകിട്ടോടെ ബ്രേക്കറുമായി തൊഴിലാളികൾ എത്തിയത്.
റോഡ് നിർമാണ വേളയിൽ പാറക്കൂട്ടങ്ങളുടെ അടിഭാഗത്തെ മണ്ണ് ഒലിച്ചുപോയതും നിലവിലുള്ള കനത്ത മഴയും സ്ഥിതി കൂടുതൽ വഷളാക്കിയിട്ടുണ്ട്. പ്രകാശിന്റെ പുരയിടത്തിൽ തന്നെ മറ്റൊരു പാറകൂടി അപകടാവസ്ഥയിൽ നിൽപ്പുണ്ട്.
കൂടാതെ, സമീപവാസിയായ രാമകൃഷ്ണന്റെ പുരയിടത്തിലും റോഡിനോടു ചേർന്ന് അപകടാവസ്ഥയിൽ ആറ് കൂറ്റൻ പാറകളാണുള്ളത്. ഇവ പൊട്ടിച്ച് മാറ്റാൻ വലിയ തുക ആവശ്യമാണ്.
അടിഭാഗത്തെ മണ്ണ് ഒലിച്ചുപോയ നിലയിലുള്ള ഈ പാറകൾ ഏത് നിമിഷവും നിലംപൊത്താമെന്ന ഭീതിയിലാണ് സമീപവാസികൾ കഴിയുന്നത്. അടിയന്തരമായി ഈ പാറകൾ പൊട്ടിച്ച് മാറ്റുന്നതിനുള്ള സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

