പത്തനംതിട്ട ∙ മിന്നലും കാറ്റും തീവ്രമഴയും ഒരുമിച്ചെത്തുന്ന മേയ് മധ്യകേരളത്തെ സംബന്ധിച്ച് ഏറ്റവും അപകടമാസം.
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ദുരന്ത സാധ്യത ഏറിയത്. കൊച്ചി സർവകലാശാലാ ഗവേഷകരായ ഇ.കെ.
കൃഷ്ണകുമാർ, എസ്. അഭിലാഷ്, സി.എസ് അഭിരാം നിർമൽ, എച്ച്.
കുറുപ്പ് പ്രഭാത് എന്നിവരുടെ പഠനത്തിലാണ് മുന്നറിയിപ്പ്. അധികൃതരുടെയോ ദുരന്തനിവാരണ വകുപ്പിന്റെയോ ശ്രദ്ധയിൽപ്പെടാതിരുന്ന ഇക്കാര്യം ജിയോമാറ്റിക്സ് നാച്വറൽ ഹസാർഡ്സ് ആൻഡ് റിസ്ക് എന്ന ജേണലിൽ ഏതാനും മാസങ്ങൾ മുൻപാണു പ്രസിദ്ധീകരിച്ചത്.
തീവ്രതയേറി മിന്നൽ; ചുഴലിസമാനം കാറ്റ്
അതിശക്തമായി പെയ്തിറങ്ങുന്ന വേനൽമഴയ്ക്കു കാരണമായ കൂമ്പാരമേഘങ്ങളിൽ നിന്നുള്ള മിന്നലിന്റെ തീവ്രത ഏറിയിട്ടുണ്ടെന്നതാണ് പ്രധാന കണ്ടെത്തൽ.
കോട്ടയം, പത്തനംതിട്ട ജില്ലകളിൽ മിന്നലുകളുടെ എണ്ണം വർധിച്ചു.
മഴയ്ക്കൊപ്പം എത്തുന്ന ചുഴലിസമാനമായ കാറ്റിൽ വൻനാശഷ്ടങ്ങളാണ് സംഭവിക്കുന്നത്. വൻമരങ്ങൾ പോലും കടപുഴകുന്നു.
അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റാനും കൊമ്പുകോതാനും മഴക്കാലം വരെ കാത്തിരിക്കരുത് എന്നതാണ് ഇതിൽ നിന്നു ജില്ലാ ഭരണകൂടത്തിനും പഞ്ചായത്തുകൾക്കും ജനങ്ങൾക്കുമുള്ള മുന്നറിയിപ്പ്.
വൃക്ഷസമൃദ്ധമായ കേരളത്തിൽ റോഡരികിൽ പോലും അപകടകരമായ മരങ്ങൾ നിന്നാലും മുറിച്ചു മാറ്റാൻ കൃത്യമായ സംവിധാനമില്ല. ഇതിനായി യന്ത്രവൽക്കൃത സംവിധാനങ്ങളും പരിശീലനം ലഭിച്ച തൊഴിൽ സേനയും ഉൾപ്പെടുന്ന ട്രീ മാനേജ്മെന്റ് ബോർഡ് പഞ്ചായത്തു തലങ്ങളിൽ രൂപീകരിക്കണം.
വിലയേറിയ തേക്കും പ്ലാവും ആഞ്ഞിലിയും മറ്റുമരങ്ങളും തുച്ഛവിലയ്ക്ക് വെട്ടിയെടുത്തു കടത്തുന്ന രീതിയാണ് ഇപ്പോൾ നാട്ടിൻപുറങ്ങളിൽ വ്യാപകം. നട്ടുവളർത്തുന്ന കർഷകന് കാര്യമായ ലാഭമൊന്നും തടിവെട്ടുമ്പോൾ കിട്ടുന്നില്ല.
ഈ രീതി മാറ്റി സംസ്ഥാനത്തെ പ്രകൃതിദത്ത തടിസമ്പത്ത് ഗൃഹോപകരണ നിർമാണത്തിലും വീടു നിർമിതിക്കും ഉപയോഗിക്കാനും കൂടി പ്രയോജനപ്പെടുന്ന വിധത്തിലാവണം വൃക്ഷ വിനിയോഗ ബോർഡ് പ്രവർത്തിക്കേണ്ടത്.
മിന്നൽ പ്രളയത്തിൽ റോഡുകൾ മുങ്ങുന്നത് എന്തുകൊണ്ട്
തീവ്രമഴമൂലമുണ്ടാകുന്ന മിന്നൽപ്രളയമാണ് മറ്റൊരു ഭീഷണി. പഴയകാലത്തെപോലെയല്ല ഇപ്പോഴത്തെ മഴ.
24 മണിക്കൂറിൽ പെയ്തിരുന്ന മഴ 24 മിനുട്ടിൽ പെയ്തിറങ്ങുകയാണ്. പഴയകാല എൻജിനീയറിങ് കണക്കു പ്രകാരമുള്ള ഓടകളോ പാത്തികളോ ഇപ്പോഴത്തെ മിന്നൽപ്രളയത്തെ നേരിടാൻ പര്യാപ്തമല്ല.
റോഡുകളും മറ്റും മഴ പെയ്യുമ്പോൾ തടാകമാകുന്നതിനു കാരണമിതാണ്. മുൻ കാലങ്ങളിൽ പുരയിടങ്ങളിലും നീർത്തടങ്ങളിലും പാടങ്ങളിലും തോടുകളിലും ഏറെ നേരം തങ്ങി നിന്ന് മണ്ണിലേക്ക് ഇറങ്ങുന്നതായിരുന്നു മഴവെള്ളത്തിന്റെ രീതി.
ഇപ്പോൾ വീട്ടുമുറ്റങ്ങൾ പോലും ടൈൽ ഇട്ട് അടച്ചിരിക്കുന്നതിനാൽ മണ്ണിലേക്കുള്ള മഴവെള്ളത്തിന്റെ കിനിഞ്ഞിറങ്ങൽ ഇല്ലാതായി.
തെങ്ങിനു തടമെടുക്കൽ പോലെയുള്ള പരമ്പരാഗത കാർഷിക ശീലങ്ങളും അന്യം നിന്നു. ഇതിനു പരിഹാരം കാണാനും പഞ്ചായത്ത് തലത്തിൽ കൃഷിഭവനുകളും കർഷക കൂട്ടായ്മകളും നടപടി സ്വീകരിക്കണം.
അന്തരീക്ഷ താപനം മൂലം മേഘങ്ങളിൽ പഴയതിലും കൂടുതൽ നീരാവി നിറയുന്നു. തലയ്ക്കു മുകളിൽ നിൽക്കുന്ന ജലബോംബുകളാണ് ഇപ്പോഴത്തെ കൂമ്പാര മേഘങ്ങളെന്ന് പഠനം നടത്തിയ ഡോ.
എസ് അഭിലാഷും മറ്റും അഭിപ്രായപ്പെട്ടു.
മണ്ണിടിച്ചിലും കല്ലുവീഴ്ചയും
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകൾ സംയോജിക്കുന്ന പീരുമേട് മലനിരകൾക്കു താഴെയും പമ്പ– കക്കി– ഗൂഡ്രിക്കൽ വനമേഖലയ്ക്കു താഴെയും വൻ തോതിൽ കൂമ്പാര മേഘങ്ങൾ പെയ്തിറങ്ങാൻ സാധ്യതയുണ്ടെന്നാണ് പഠനം പറയുന്നത്. ഇത് കനത്ത മഴയ്ക്കും മണ്ണിടിച്ചിലിനും കാരണമാകും.
മലയോര പാതകളിൽ ഏതു സമയത്തും എവിടെയും മണ്ണിടിച്ചിലോ പാറവീഴ്ചയോ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. വിദേശരാജ്യങ്ങളിലെ പല മലമ്പാതകളിലും ഷൂട്ടിങ് സ്റ്റോണുകളെ സൂക്ഷിക്കുക എന്ന അപകട
മുന്നറിയിപ്പ് കാണാം.
ഈ മുന്നറിയിപ്പു നമ്മുടെ നാട്ടിലും വയ്ക്കേണ്ട സ്ഥിതിയിലേക്കാണ് തീവ്രമഴ നാടിനെ എത്തിച്ചിരിക്കുന്നത്.പാറപൊട്ടിക്കലും മണ്ണെടുപ്പും മൂലം മധ്യകേരളത്തിലെ പല ഇടനാടൻ കുന്നുകളും തലയറ്റ നിലയിലാണ്.
നാടിന്റെ ജലഗോപുരങ്ങളായ ഇത്തരം മലകളിലും പാറക്കെട്ടുകളിലുമാണ് പ്രകൃതി ജലം പിടിച്ചു വച്ച് വേനലിൽ ഉറവയായി നൽകുന്നത്. പ്രകൃതിയുടെ ഈ രഹസ്യം മറന്നതോടെ പെയ്യുന്നമഴ മണ്ണിലേക്ക് ഇറങ്ങാതെ അപ്പാടെ റോഡുകളിലൂടെയും മറ്റും കുത്തിമറിഞ്ഞെത്തുന്നു.
മൂല്യമേറിയ മേൽമണ്ണും ഇങ്ങനെ നഷ്ടമാകുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

