കടമ്പനാട് ∙ പാഞ്ഞെത്തുന്ന വാഹനങ്ങളെ പേടിച്ച് ഒരു കുടുംബം. നിയന്ത്രണം നഷ്ടപ്പെട്ടാൽ വാഹനങ്ങൾ ചീറിപ്പാഞ്ഞെത്തുന്നതു വീട്ടിലേക്ക്.
അപകടം പതിവായിട്ടും വാസുദേവൻ പിള്ളയുടെയും കുടുംബത്തിന്റെയും ജീവനു സുരക്ഷയൊരുക്കാൻ നടപടിയില്ല.
വാഹനങ്ങൾ ചീറിപ്പായുന്ന റോഡരികിൽ ഭീതിയോടെയാണു നിലയ്ക്കൽ വടക്കടത്ത് പുത്തൻ വീട്ടിൽ വാസുദേവൻ പിള്ളയും കുടുംബവും കഴിയുന്നത്. കടമ്പനാട്- ഏഴംകുളം മിനി ഹൈവേയിൽ വേമ്പനാട്ട് മുക്കിനും നിലയ്ക്കലിനും ഇടയിൽ വരുന്ന വളവു മധ്യത്തു റോഡരികിലാണു വീട്.
റോഡിൽ നിന്നു വീട്ടിലേക്ക് ഒരു മീറ്റർ ദൂരംപോലുമില്ല. അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ വളവു തിരിയാതെ നിയന്ത്രണം വിട്ടു വാസുദേവൻ പിള്ളയുടെ വീട്ടിലേക്ക് ഇടിച്ചു കയറുന്നതു പതിവാണ്.
ഒട്ടേറെ തവണ വീട്ടിലേക്ക് വാഹനം ഇടിച്ചു കയറി നാശനഷ്ടം നേരിട്ടു. പൊതുമരാമത്ത് അധികൃതർക്കു പരാതി നൽകിയപ്പോൾ വളവിൽ സൂചകം സ്ഥാപിച്ചു.
സൂചകങ്ങളിൽ മിക്കതും പിന്നീടു വാഹനം ഇടിച്ചു തകർന്നു.
വീടിനു മുന്നിൽ സ്ഥാപിച്ചിരുന്ന സുരക്ഷാ തൂണുകൾ വാഹനം ഇടിച്ച് തകർന്നിട്ട് പുനഃസ്ഥാപിച്ചു നൽകിയില്ല. ഇപ്പോൾ വീടിന്റെ ഇറക്കിലെ തൂണുകളിൽ വീട്ടുകാർ ചുവന്ന നിറമുള്ള സ്റ്റിക്കർ പതിച്ച് ആശ്വാസം കണ്ടെത്തുകയാണ്.
വീടിനോടു ചേർന്നു കടയും നടത്തിയിരുന്നു. എന്നാൽ സുരക്ഷിതമല്ലെന്നു കണ്ട് ഉപേക്ഷിക്കേണ്ടി വന്നു.
50 വർഷമായി കുടുംബം ഇവിടെ താമസിക്കുകയാണ്.
റോഡ് നവീകരിച്ചിട്ട് പത്തു വർഷത്തിലേറെ കാലമായിട്ടും വാസുദേവൻ പിള്ളയുടെയും കുടുംബത്തിന്റെയും ജീവന് സുരക്ഷ ഒരുക്കാൻ അധികൃതർക്കായില്ല. വീടിനു മുന്നിൽ സുരക്ഷാ വേലി സ്ഥാപിച്ചു കിട്ടുന്നതിന് കാത്തിരിക്കുകയാണ് കുടുംബം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

