കോന്നി ∙ ഗവ. മെഡിക്കൽ കോളജിലെ ജനറേറ്ററിനു തീ പിടിച്ചു.
ഇവിടെ നിന്നുണ്ടായ പുക ആശുപത്രിക്കെട്ടിടത്തിലേക്കു കടന്നത് രോഗികളിലും ജീവനക്കാരിലും പരിഭ്രാന്തി പരത്തി. ഉടൻതന്നെ മുകളിലത്തെ നിലയിൽനിന്ന് രോഗികളെ താഴേക്കു മാറ്റി.
പീഡിയാട്രിക് ഐപിയിൽ 4 കുട്ടികൾ ഉണ്ടായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.
ജനറേറ്റർ മുറിയിൽനിന്ന് പുക ഉയരുന്നതു കണ്ട് ജീവനക്കാർ തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു.
വിവരമറിഞ്ഞ് ആദ്യം കോന്നിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയിലെ സ്റ്റേഷൻ ഓഫിസർ എസ്.കെ.സന്ദീപിന്റെയും തുടർന്ന് പത്തനംതിട്ടയിൽ നിന്ന് സ്റ്റേഷൻ ഓഫിസർ എ.സാബുവിന്റെയും നേതൃത്വത്തിൽ തീ അണയ്ക്കുകയായിരുന്നു.
ഡീസൽ ടാങ്കിലേക്ക് പടരുന്നതിനുമുൻപ് തീ നിയന്ത്രിക്കാനായത് വലിയ അപകടം ഒഴിവാക്കി. ആശുപത്രി കെട്ടിടത്തിനു പിൻഭാഗത്തായി മാറിയാണ് ജനറേറ്റർ റൂം പ്രവർത്തിക്കുന്നത്.
ഷോർട് സർക്യൂട്ട് മൂലം തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. 450 കിലോവാട്ടിന്റെ രണ്ട് ജനറേറ്ററുകളാണ് ഇവിടെയുള്ളത്.
ഇതിൽ ഒന്നിലാണ് തീ പിടിച്ചത്.
മെഡിക്കൽ കോളജ് ഭാഗത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നതിനാൽ ഉച്ചയ്ക്ക് ഒരു മണി മുതൽ ജനറേറ്റർ പ്രവർത്തിച്ചിരുന്നു. ഏകദേശം 600 ലീറ്റർ ഡീസൽ ഉണ്ടായിരുന്നതായാണ് കരുതുന്നത്.
ഉടൻ തന്നെ അടുത്ത ജനറേറ്റർ പ്രവർത്തിപ്പിച്ച് താൽക്കാലികമായി വൈദ്യുതി നൽകി. പൊലീസ് ഇൻസ്പെക്ടർ ബി.രാജഗോപാലിന്റെ നേതൃത്വത്തിൽ കോന്നി, കൂടൽ സ്റ്റേഷനുകളിലെ പൊലീസും സ്ഥലത്തെത്തിയിരുന്നു.
രോഗികളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റാൻ മെഡിക്കൽ വിദ്യാർഥികളും പങ്കാളികളായി.
പരിഭ്രാന്തി ഒഴിഞ്ഞതോടെ രോഗികളെ തിരികെ വാർഡിലേക്കു മാറ്റിയതായും കെഎസ്ഇബിയിൽനിന്ന് വൈദ്യുതി പുനഃസ്ഥാപിക്കുകയും ചെയ്തതായി ആശുപത്രി സൂപ്രണ്ട് ഡോ.എ.ഷാജി അറിയിച്ചു. നഷ്ടം തിട്ടപ്പെടുത്താൻ ഹൈറ്റ്സ് അധികൃതരോട് പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ നിർദേശിച്ചതായും സൂപ്രണ്ട് പറഞ്ഞു.
സഹായമായത് ഫയർ എക്സ്റ്റിങ്ഗ്യൂഷറുകൾ
∙ മെഡിക്കൽ കോളജിലെ ജനറേറ്ററിലുണ്ടായ തീ പിടിത്തം നിയന്ത്രണവിധേയമാക്കാൻ ആദ്യഘട്ടത്തിൽ ഉപയോഗിച്ചത് 60 ഓളം ഫയർ എക്സ്റ്റിങ്ഗ്യൂഷറുകൾ.
ആശുപത്രിയിലും ഓഫിസിലുമായുണ്ടായിരുന്ന ജീവനക്കാരും സെക്യൂരിറ്റി ജീവനക്കാരുമെല്ലാം ഫയർ എക്സ്റ്റിങ്ഗ്യൂഷർ എല്ലാം ഉപയോഗിച്ചാണ് തീ നിയന്ത്രിക്കാനുള്ള പ്രാഥമിക പ്രവർത്തനം നടത്തിയത്. ഇതുമൂലം തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞു.
വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്തംഗം എസ്.സന്തോഷ് കുമാർ, കോന്നി പഞ്ചായത്ത് പ്രസിഡന്റ് റോജി ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്തംഗം സുലേഖ വി.നായർ, വാർഡംഗം സുമ വർഗീസ് തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

