ആറന്മുള ∙ മധ്യതിരുവിതാംകൂറിന്റെ രുചിയുടെ ഉത്സവമായ വള്ളസദ്യകൾക്ക് ഇനി ഒരു വർഷത്തെ കാത്തിരിപ്പ്. ആറന്മുള ക്ഷേത്രത്തിലെ പ്രസിദ്ധമായ വള്ളസദ്യകൾ ഇന്നലെ പൂർത്തിയായി.
ജൂലൈ 13ന് തുടങ്ങിയ വള്ളസദ്യ 82 ദിവസം പിന്നിട്ട് 524 വള്ളസദ്യകൾ നടത്തിയാണ് ഇന്നലെ അവസാനിച്ചത്. അവസാന ദിവസം 12 വള്ളസദ്യകളാണു നടന്നത്.
വിവിധ കാരണങ്ങളാൽ മാറ്റിവച്ച 29 വള്ളസദ്യകൾ അടുത്ത വർഷം നടക്കും. നവംബറിൽ അടുത്തവർഷത്തെ വള്ളസദ്യ ബുക്കിങ് ആരംഭിക്കും.
പഞ്ചപാണ്ഡവ ക്ഷേത്രദർശന ടൂർ പാക്കേജിൽ 344 ട്രിപ്പുകൾ കേരളത്തിന്റെ വിവിധ ഡിപ്പോകളിൽ നിന്ന് ആറന്മുളയിലേക്ക് എത്തി. ഇതുവഴി 15,000ൽ ഏറെ ഭക്തർ ആറന്മുള സദ്യയിൽ പങ്കെടുത്തു.
പന്ത്രണ്ടായിരത്തോളം ഭക്തർ സ്പെഷൽ പാസ് മുഖേനയും വള്ളസദ്യയിൽ പങ്കെടുത്തു.അഷ്ടമിരോഹിണി ഉൾപ്പെടെ മൂന്നു ലക്ഷത്തിൽപരം ആളുകൾ ഈ വർഷം ആറന്മുള വള്ളസദ്യകളിൽ വിവിധ ദിവസങ്ങളിലായി പങ്കെടുത്തു.
14 സദ്യ കരാറുകാരാണ് ഈ വർഷം സദ്യകൾ ഒരുക്കിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡും പള്ളിയോട
സേവാ സംഘവും നിർവഹണ സമിതിയുടെ നിർദേശപ്രകാരം വള്ളസദ്യകൾ ക്രമീകരിച്ചിരുന്നു. നിർവഹണ സമിതിയിൽ ഭക്തജന പ്രതിനിധിയായി ക്യാപ്റ്റൻ രവീന്ദ്രൻ നായരും ഉപദേശക സമിതി പ്രതിനിധിയായി ശശി കണ്ണങ്കേരിലും ദേവസ്വം പ്രതിനിധിയായി അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ആർ.രേവതി, അസിസ്റ്റന്റ് കമ്മിഷണർ ആർ.ശ്രീലേഖ എന്നിവർ അംഗങ്ങളായിരുന്നു.
പള്ളിയോട
സേവാസംഘം ഭാരവാഹികളായ കെ.വി.സാംബദേവൻ, പ്രസാദ് ആനന്ദഭവൻ, കെ.എസ്.സുരേഷ്, അജയ് ഗോപിനാഥ്, ശശികുമാർ കുറുപ്പ്, ബി കൃഷ്ണകുമാർ മുതവഴി, രവീന്ദ്രൻ നായർ കീഴുകര, മനേഷ് നായർ ഇടശേരിമല, ശശികുമാർ മാലക്കര, രമേഷ് കുമാർ മാലിമേൽ എന്നിവർ നേതൃത്വം നൽകി.സമാപന ദിവസമായ ഇന്നലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യാതിഥിയായി. അദ്ദേഹം കൊടിമരച്ചുവട്ടിൽ പറനിറയ്ക്കുകയും പള്ളിയോടങ്ങൾക്കു വെറ്റ, പുകയില സമർപ്പിക്കുകയും സദ്യയിൽ പങ്കെടുക്കുകയും ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

