കൊല്ലങ്കോട് ∙ നെൽക്കൃഷിയിൽ മുഞ്ഞയുടെ ആക്രമണം രൂക്ഷം, വിളവിനെ ബാധിക്കുമെന്ന ആശങ്കയിൽ കർഷകർ. കൊല്ലങ്കോട്, പല്ലശ്ശന, എലവഞ്ചേരി, കൊടുവായൂർ പഞ്ചായത്തുകളിലെ നെൽപാടങ്ങളിലാണു കീടബാധ. കൊല്ലങ്കോട് കൃഷിഭവൻ പരിധിയിലും സ്ഥിതി രൂക്ഷമാണ്.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഒന്നാം വിള രണ്ടു തവണ കൃഷിയിറക്കേണ്ടി വന്ന കർഷകർക്കു കീട ആക്രമണം ഇരുട്ടടിയാണ്.
കീടങ്ങൾ നെൽചെടിയുടെ തണ്ടിൽ നിന്നു നീരൂറ്റിക്കുടിക്കുന്നതിനാൽ തണ്ടും ഇലകളും ആദ്യം ഓറഞ്ചു കലർന്ന മഞ്ഞ നിറത്തിലാവുകയും പിന്നീടു കരിഞ്ഞുണങ്ങുകയും ചെയ്യും.ആദ്യം ഒരു ഭാഗത്തായിരിക്കും ആക്രമണം.
പിന്നീട് അതു വട്ടത്തിൽ മറ്റുള്ള ഭാഗങ്ങളിൽ കൂടി വ്യാപിക്കുന്നു. ചെടികൾ തട്ടി നോക്കിയാൽ കീടങ്ങൾ പറക്കുന്നതായി കാണാൻ കഴിയും.
കതിരുവന്ന പാടങ്ങളെ മുഞ്ഞ ബാധിച്ചാൽ വിളവു തീരെ ലഭിക്കില്ല.
കർഷകർ ദിവസവും കൃഷിയിടത്തിൽ എത്തി നെൽചെടികൾ ഇളക്കി മുഞ്ഞബാധ ഉണ്ടോ എന്ന് ഉറപ്പുവരുത്തിയ ശേഷം പാടത്തു വെള്ളം ഉണ്ടെങ്കിൽ തുറന്നു വിടണം. യൂറിയ പോലുള്ള നൈട്രജൻ വളങ്ങളുടെ പ്രയോഗം ഒഴിവാക്കുകയും വേണം. ഒരു നുരിയിൽ 25-30 കീടങ്ങൾ കാണുന്നു എങ്കിൽ കൃഷി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു കീടനാശിനികൾ ഉപയോഗിക്കണം.
അശാസ്ത്രീയമായ കീടനാശിനി പ്രയോഗം ഗുണകരമല്ലെന്നും കൃഷി ഉദ്യോഗസ്ഥർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

