ചെർപ്പുളശ്ശേരി∙ വേനലവധിക്ക് ഇനി ദിവസങ്ങൾ മാത്രം. സൂര്യകാന്തിപ്പാടം കാണാനും പൂക്കളുടെ നടുവിൽ നിന്ന് ‘സെൽഫി’യെടുക്കാനും ഇനി കർണാടകയിലെ ഗുണ്ടൽപേട്ടിലേക്കൊന്നും പോകേണ്ട.
ചളവറ ചെട്ടിത്തൊടി മുസ്താഖി നഗറിലെത്തിയാൽ മതി.
കർഷകനായ ചളവറ പൊട്ടിക്കല്ലിങ്ങൽ സെയ്താലി (63) ആണ് തന്റെ ഒന്നരയേക്കർ സ്ഥലത്ത് പുതുപരീക്ഷണമെന്ന നിലയിൽ സൂര്യകാന്തിക്കൃഷി നടത്തി വിജയത്തിലെത്തിയത്. പാറകൾ നിറഞ്ഞ വളപ്പിലേക്ക് 480ൽ അധികം ലോഡ് മണ്ണ് എത്തിച്ചാണ് നിലമൊരുക്കിയത്.
ഗുണ്ടൽപേട്ട്, മൈസൂരൂ എന്നിവിടങ്ങളിൽ നിന്നു കൊണ്ടുവന്ന സൂര്യകാന്തിവിത്താണ് വിതച്ചത്. മൂന്നു മാസം പിന്നിട്ടപ്പോൾ ഉത്തരേന്ത്യൻ പാടങ്ങളെ അനുസ്മരിപ്പിക്കുംവിധം പൂത്തുലഞ്ഞു നിൽക്കുന്ന സൂര്യകാന്തിത്തോട്ടമൊരുങ്ങി.
പശ്ചാത്തലത്തിൽ ‘ഫോട്ടോഷൂട്ട്’ നടത്താനും തോട്ടത്തിൽ ഇറങ്ങി ‘സെൽഫി’യെടുക്കാനും ദൂരദിക്കുകളിൽ നിന്നുൾപ്പെടെ ദിവസവും നൂറുകണക്കിനാളുകൾ ഇവിടെ എത്തുന്നുണ്ട്.
വർഷങ്ങളായി നെൽക്കൃഷിയും വാഴക്കൃഷിയും ചെയ്തുവരുന്നുണ്ട് സെയ്താലി. പച്ചക്കറിക്കൃഷിയിൽ മുള്ളങ്കി, തക്കാളി, വെണ്ട, മത്തൻ, കുമ്പളം, ചേന, പച്ചമുളക്, പടവലം, പാവയ്ക്ക തുടങ്ങിയവയും കൃഷിചെയ്യുന്നു.
ഇതിനിടെയാണ് അധികമാരും കൈവയ്ക്കാത്ത സൂര്യകാന്തിക്കൃഷിയിലേക്കിറങ്ങിയത്. ഇതു വിജയിച്ചതിലും പൂക്കൾ കാണാൻ ആളുകൾ എത്തുന്നതിലും അതിയായ ആഹ്ലാദമുണ്ടെന്ന് സെയ്താലിയും ഭാര്യ റസിയയും പറഞ്ഞു.
സൂര്യകാന്തിയുടെ വിളവെടുപ്പ് രണ്ടാഴ്ചയ്ക്കകം നടത്താനാണു തീരുമാനം.
വിളവെടുത്ത പൂക്കളിൽ നിന്ന് എണ്ണയെടുക്കാനും ശേഷിക്കുന്നവയിൽ നിന്നു വിത്തുണ്ടാക്കി അടുത്ത സീസണിൽ കൂടുതൽ സ്ഥലത്തു കൃഷിയിറക്കാനുമാണു സെയ്താലി ലക്ഷ്യമിടുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

