പാലക്കാട് ∙ ആക്രിക്കച്ചവടത്തിൽ സംസ്ഥാനത്തിനു കോടികളുടെ നികുതിനഷ്ടം സംഭവിക്കുമ്പോൾ കൈക്കൂലി വാങ്ങി നേട്ടമുണ്ടാക്കുന്നത് ജിഎസ്ടി വകുപ്പിലെ ചില ഉദ്യോഗസ്ഥർ. കള്ളക്കടത്ത് പിടികൂടുകയാണെന്നു കണക്കുണ്ടാക്കുകയും പിഴ കുറച്ചു കൊടുത്ത് കൈക്കൂലി വാങ്ങുകയുമാണ് അഴിമതിക്കാർ ചെയ്യുന്നത്.
കഴിഞ്ഞ ദിവസം ചരക്കു ലോറി ഉടമകളിൽ നിന്ന് 3.5 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ ജിഎസ്ടി എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പി.എൻ.സുമൻ ഇത്തരത്തിലാണ് അഴിമതി നടത്തിയിരുന്നത്.
അറസ്റ്റിലായ സുമനെ റിമാൻഡ് ചെയ്തു. ഓഫിസിൽനിന്നു രേഖകൾ കണ്ടെടുത്തു.
ഉദ്യോഗസ്ഥരിൽ നിന്നു വിജിലൻസ് വിവരങ്ങൾ ശേഖരിച്ചു. ആക്രിക്കച്ചവടത്തിന്റെ മറവിൽ 209 കോടി രൂപയുടെ നികുതി വെട്ടിപ്പ് സംസ്ഥാനത്തു നടന്നതായി കഴിഞ്ഞ വർഷം ഓപ്പറേഷൻ ‘പാം ട്രീ’ എന്ന പേരിൽ നടത്തിയ റെയ്ഡിൽ ജിഎസ്ടി വകുപ്പു കണ്ടെത്തിയിരുന്നു.
ഈ കാലയളവിൽ രണ്ടു കോടി രൂപ മാത്രമായിരുന്നു പതിവായി നടത്തുന്ന റെയ്ഡിലൂടെ പിടിച്ചെടുത്തത്. വ്യാജ റജിസ്ട്രേഷനുകൾ ഉപയോഗിച്ചു നടത്തുന്ന ആക്രിക്കച്ചവടത്തിന് ചില ഉദ്യോഗസ്ഥർ കൂട്ടു നിൽക്കും.
തുടർച്ചയായി നടത്തുന്ന വ്യാപാരത്തിന് ഉദ്യോഗസ്ഥരുടെ പിന്തുണ വേണമെന്നതിനാൽ കൈക്കൂലി നൽകുന്ന കാര്യം കച്ചവടക്കാർക്ക് പുറത്തുപറയാൻ കഴിയില്ല. അനധികൃതമായ പഴയ ഇരുമ്പു പിടികൂടിയവരിൽ നിന്നു വൻതുക പിഴ ഈടാക്കാനുള്ള അധികാരം എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്കുണ്ട്. പിടികൂടുന്ന വാഹനങ്ങളിൽ നിന്നു വൻതുക പിഴ വേണമെന്നു ചിലർ ആവശ്യപ്പെടും.
എട്ടോ പത്തോ ലക്ഷം രൂപയുടെ പിഴ ചെറിയ തുകയിൽ ഒതുക്കാമെന്നു പറയും.
ഇതിനു കൈക്കൂലി വാങ്ങും. ചില കേസുകളിൽ കൃത്യമായി പിഴ ഈടാക്കുകയും വണ്ടി വിട്ടുനൽകാൻ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്യും. 5 എൻഫോഴ്സ്മെന്റ് സ്ക്വാഡുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്.
എറണാകുളം സെൻട്രൽ സോണിനു കീഴിൽ ഉൾപ്പെടുന്ന 5 ജില്ലകളിലൊന്നാണ് പാലക്കാട്. അതുകൊണ്ടുതന്നെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ വകുപ്പിനു നിരീക്ഷിക്കാൻ കഴിയുന്നില്ലെന്നാണ് ആക്ഷേപം.
സുമനു പുറമേ മറ്റു ചില ഉദ്യോഗസ്ഥർക്കെതിരെയും വിജിലൻസിനും ജിഎസ്ടി വകുപ്പിനും പരാതി ലഭിച്ചിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

