സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ സാന്ത്വന പരിചരണ രംഗത്തു സേവനം അനുഷ്ഠിക്കുന്ന രണ്ടായിരത്തിലധികം കമ്യൂണിറ്റി നഴ്സുമാരുടെ ശമ്പളം ഏഴു മാസമായി മുടങ്ങിയിരിക്കുന്നു. പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി ഫണ്ട്, പഞ്ചായത്ത് തനത് ഫണ്ട്, പാലിയേറ്റീവ് മാനേജ്മെന്റ് ഫണ്ട് എന്നിവയിൽ നിന്നും ഓരോ മാസത്തെ വേതനം മുൻപ് നൽകിയെങ്കിലും പിന്നീട് ഇതിനുള്ള അനുമതി ലഭിക്കാതെ വന്നു.
വേതനത്തിന് പുറമെ കിടപ്പുരോഗികൾക്കുള്ള മരുന്നുകൾ, പരിചരണ സാമഗ്രികൾ എന്നിവയുടെ വിതരണവും ഹോംകെയർ യൂണിറ്റിന് രോഗികളുടെ ഭവനങ്ങളിൽ എത്തുന്നതിനുള്ള വാഹന വാടകയും പൂർണ്ണമായും നിലച്ചിരിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടിൽ തുക വകയിരുത്തിയായിരുന്നു പദ്ധതി നടത്തിവന്നിരുന്നത്.
എന്നാൽ, കഴിഞ്ഞ സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്കു പദ്ധതി വിഹിതമായി നീക്കിവച്ച അവസാന ഗഡുവും, ഈ സർക്കാർ അധികാരമേറ്റതിനു ശേഷം നൽകേണ്ട ആദ്യ ഗഡുവും ഇതുവരെ അനുവദിച്ചിട്ടില്ല.
സാന്ത്വന പരിചരണത്തിനായി തുക നീക്കിവയ്ക്കാതെ തദ്ദേശ സ്ഥാപനങ്ങളിൽ മറ്റു പദ്ധതികൾക്ക് അനുമതി നൽകരുതെന്നാണ് കർശന നിബന്ധനയുള്ളത്. അതത് പ്രദേശങ്ങളിലെ ആശ വർക്കർമാർ, ജനപ്രതിനിധികൾ, അങ്കണവാടി ജീവനക്കാർ എന്നിവർ ചേർന്നാണ് രോഗികളെ കണ്ടെത്തി കമ്യൂണിറ്റി നഴ്സുമാരെ വിവരം അറിയിക്കുന്നത്.
തുടർന്ന് ഇവർ അതത് ആരോഗ്യകേന്ദ്രങ്ങളിൽ പേര് റജിസ്റ്റർ ചെയ്യും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയോ കുടുംബാരോഗ്യ കേന്ദ്രങ്ങളിലെയോ ഡോക്ടർമാർക്കാണ് പദ്ധതിയുടെ നിർവഹണ ചുമതലയുള്ളത്.
കിടപ്പുരോഗികളുടെ വീടുകളിലെത്തി ഹോംകെയർ യൂണിറ്റാണ് ആവശ്യമായ പരിചരണം നൽകിയിരുന്നത്. അഞ്ചോ ആറോ പേർ അടങ്ങുന്നതാണ് ഒരു യൂണിറ്റ്.
ഇവർക്ക് അനുവദിച്ചിരുന്ന ഭക്ഷണത്തിനുള്ള തുകയും നിലവിൽ മുടങ്ങിയിട്ടുണ്ട്. ഇതോടെ ജീവനക്കാർ സ്വന്തമായി പണം ചെലവഴിക്കേണ്ട
ദയനീയ സാഹചര്യമാണ് നിലവിലുള്ളത്. കിടപ്പുരോഗികൾക്കുള്ള മരുന്നുകൾ, ഭക്ഷണക്കിറ്റുകൾ, അവരുടെ വീട്ടിലെ കുട്ടികൾക്കായുള്ള പഠനോപകരണങ്ങൾ എന്നിവ വാങ്ങാൻ സ്പോൺസർമാരെ കണ്ടെത്തുക, പാലിയേറ്റീവ് കുടുംബസംഗമം, പാലിയേറ്റീവ് ദിനാചരണം എന്നിവ സംഘടിപ്പിക്കുക തുടങ്ങിയ വിവിധ ചുമതലകളും ഈ നഴ്സുമാർ നിർവഹിക്കുന്നുണ്ട്.
25750 രൂപയാണ് ഇവർക്ക് മാസശമ്പളമായി നിശ്ചയിച്ചിട്ടുള്ളത്. പാലക്കാട് ജില്ലയിൽ മാത്രം 106 പേരാണ് ഈ തസ്തികയിൽ ജോലി ചെയ്തുവരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

