വികസിത രാജ്യങ്ങളിൽ ഒരാൾക്ക് ശരാശരി ഏഴ് ജോഡി ചെരിപ്പുകൾ ഉപയോഗിക്കുമ്പോൾ, ഇന്ത്യയിൽ ഈ നിരക്ക് നിലവിൽ രണ്ടു ജോഡിയിൽ താഴെ മാത്രമാണെന്ന് വികെസി ഗ്രൂപ്പ് മേധാവി വി.കെ.സി.റസാഖ് വ്യക്തമാക്കി. എന്നാൽ 2030 ആകുമ്പോഴേക്കും രാജ്യത്ത് ഒരാൾക്ക് നാലു ചെരിപ്പ് എന്ന തോതിലേക്ക് ഉപഭോഗം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പോളി യൂറിത്തീൻ ചെരിപ്പുകളുടെ ഇന്ത്യൻ തലസ്ഥാനമായാണ് കേരളം അറിയപ്പെടുന്നത്. 2019 വരെ രാജ്യത്തെ ആകെ പിയു റെക്സിൻ ചെരിപ്പുകളുടെ 50 ശതമാനത്തിലധികം നിർമിച്ചിരുന്നത് കേരളത്തിലായിരുന്നു.
എങ്കിലും, പ്രളയത്തിനും കോവിഡിനും ശേഷം സംസ്ഥാനത്തെ നിർമാണ മേഖല കടുത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. ഈ വെല്ലുവിളികളെ അതിജീവിക്കാൻ നവീന സാങ്കേതികവിദ്യകളുടെ കടന്നുവരവ് അനിവാര്യമാണെന്നും, ത്രീഡി പ്രിന്റിങ് പോലുള്ള ആധുനിക പ്രവണതകൾ സ്വീകരിച്ചാൽ മാത്രമേ കേരളത്തിലെ ചെറുകിട
നിർമാതാക്കൾക്ക് വിപണിയിൽ പിടിച്ചുനിൽക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാദരക്ഷാ നിർമാണ രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് 3ഡി പ്രിന്റിങ് സാങ്കേതികവിദ്യ ഇപ്പോൾ രംഗപ്രവേശം ചെയ്തിരിക്കുകയാണ്.
ഫുട്വെയർ ഡിസൈൻ ആൻഡ് ഡവലപ്മെന്റ് സെന്ററും ഫുട്വെയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഓഫ് കേരളയും സംയുക്തമായി സംഘടിപ്പിച്ച ഫുട്വെയർ എക്സ്പോ കേരളയിലാണ് പുതിയ ഡിസൈനുകളും നിർമാണവും വേഗത്തിലാക്കാനും ചെലവു കുറയ്ക്കാനും സഹായിക്കുന്ന ഈ നൂതന പ്രിന്റർ ആദ്യമായി അവതരിപ്പിച്ചത്. പിയു റെക്സിൻ ഉപയോഗിച്ച് ചെരിപ്പും അനുബന്ധ മോൾഡുകളും നേരിട്ട് പ്രിന്റ് ചെയ്തെടുക്കാൻ സാധിക്കുന്ന ഈ യന്ത്രം ഇന്ത്യയിൽ തദ്ദേശീയമായി ലഭ്യമല്ല.
ചൈനയിൽ നിന്നാണ് നിലവിൽ ഈ പ്രിന്റർ എത്തിച്ചിട്ടുള്ളത്. സാധാരണയായി ചെരിപ്പ് നിർമാണ കമ്പനികൾ പുതിയ ഡിസൈനുകൾ തയാറാക്കി ഡൽഹിയിലേക്കോ ചൈനയിലേക്കോ അയക്കുകയാണ് പതിവ്.
തുടർന്ന് അവിടെനിന്ന് മോൾഡ് നിർമിച്ച് തിരികെ ലഭിക്കാൻ ഏകദേശം പത്തോളം ദിവസങ്ങൾ വേണ്ടിവരും. ഡൽഹിയിൽ നിന്നാണെങ്കിൽ നാല് മുതൽ ഏഴ് ദിവസങ്ങൾ വരെയാണ് ഇതിനായി കാത്തിരിക്കേണ്ടി വരുന്നത്.
മോൾഡിന്റെ സൈസിലോ രൂപത്തിലോ എന്തെങ്കിലും ഭേദഗതികൾ വരുത്തണമെങ്കിൽ വീണ്ടും ഡിസൈൻ അയച്ച് പുതിയ മോൾഡ് എത്തുന്നതുവരെ കാത്തിരിക്കേണ്ടി വരുന്ന വലിയ കാലതാമസവും ഇതുവഴി ഉണ്ടാകുന്നു. എന്നാൽ ഫാക്ടറികളിൽ 3ഡി പ്രിന്റിങ് യന്ത്രം ലഭ്യമായാൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകും.
തയാറാക്കിയ ഡിസൈൻ നേരിട്ട് യന്ത്രത്തിലേക്ക് നൽകി വെറും നാല് മണിക്കൂറിനുള്ളിൽ മോൾഡ് പ്രിന്റ് ചെയ്തെടുക്കാൻ സാധിക്കും. കട്ടി കൂടിയ പിയു റെക്സിൻ ഉപയോഗിച്ച് ആദ്യഘട്ടത്തിൽ മോൾഡ് തയാറാക്കി ഗുണനിലവാരം പരിശോധിക്കാം.
ഇതിൽ എന്തെങ്കിലും മാറ്റങ്ങൾ ആവശ്യമുണ്ടെങ്കിൽ വരുത്തിയ ശേഷം വീണ്ടും പ്രിന്റ് ചെയ്യാം. മോൾഡ് പൂർണമായും ഉറപ്പുവരുത്തിയ ശേഷം കട്ടി കുറഞ്ഞ സാധാരണ പിയു റെക്സിൻ ഉപയോഗിച്ച് ചെരിപ്പ് പ്രിന്റ് ചെയ്ത് പരീക്ഷിച്ചു നോക്കാവുന്നതാണ്.
തുടർന്ന് ഈ മോൾഡുകൾ ഉപയോഗിച്ച് വൻതോതിൽ പുതിയ ഡിസൈൻ ചെരിപ്പുകൾ നിർമിച്ച് വിപണിയിലിറക്കാം. രാജ്യത്ത് ആദ്യമായി എത്തുന്ന ഈ സാങ്കേതികവിദ്യയ്ക്ക് നിലവിൽ ഉയർന്ന ചെലവാണ് ഉള്ളത്.
ഒരു പ്രിന്ററിന് ഏകദേശം 20 ലക്ഷത്തിലധികം രൂപ വരും ചെലവ് വരുന്നത്. കൂടാതെ ഒരു ചെരിപ്പോ മോൾഡോ പ്രിന്റ് ചെയ്തെടുക്കാൻ ഏകദേശം 4000 രൂപയോളം വരും.
എങ്കിലും വരുംകാലങ്ങളിൽ പ്രിന്ററുകൾ കൂടുതൽ പ്രചാരത്തിലാകുന്നതോടെ നിർമാണച്ചെലവ് ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വി.കെ.സി.റസാഖ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

