പാലക്കാട് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറും ചലച്ചിത്ര, നാടക സംവിധായകനുമായ ശ്രീജി ബാലകൃഷ്ണൻ (54) അന്തരിച്ചു. തിരുവനന്തപുരം വെള്ളായിക്കടവ് ശ്രീധന്യയിൽ താമസക്കാരനായിരുന്ന അദ്ദേഹം, ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി പാലക്കാട് യാക്കരയിലെ ലോഡ്ജിൽ താമസിച്ചുവരികയായിരുന്നു.
വ്യാഴാഴ്ച രാവിലെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ അദ്ദേഹം ചികിത്സ തേടിയിരുന്നു. തുടർന്ന് വൈകിട്ട് മൂന്നരയോടെ ശുചിമുറിയിൽ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ തന്നെ അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം.
2024-ൽ പുറത്തിറങ്ങിയ ‘ചന്ദ്രനും പൊലീസും’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ശ്രീജി ബാലകൃഷ്ണൻ. ചലച്ചിത്ര മേഖലയ്ക്ക് പുറമെ 13 നാടകങ്ങളും നിരവധി ഡോക്യുമെന്ററികളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
എക്സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. ബാലകൃഷ്ണൻ തമ്പി, ജലജകുമാരി എന്നിവരാണ് മാതാപിതാക്കൾ.
ധന്യയാണ് ഭാര്യ. നിരഞ്ജൻ, ആര്യൻ എന്നിവർ മക്കളാണ്.
മൃതദേഹം ഇന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.

