ഷൊർണൂർ കാരക്കാട് കമ്പനിപ്പടിയിൽ വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കവളപ്പാറ ഐക്കോൺസ് ആശുപത്രിക്കു സമീപം ഗോകുലം വീട്ടിൽ ഗോപകുമാർ (29) ആണ് മരണപ്പെട്ടത്.
പട്ടാമ്പിയിൽ നിന്നും ഷൊർണൂർ പൊതുവാൾ ജംക്ഷൻ വഴി കവളപ്പാറ റോഡിലൂടെ കാരക്കാട്ടേക്ക് വരുന്നതിനിടെയായിരുന്നു അപകടം. കാരക്കാട് സ്വദേശിയായ ശ്യാം ശങ്കർ അടുത്തിടെ വാങ്ങിയ സെക്കൻഡ് ഹാൻഡ് കാർ ഓടിച്ചു വരികയായിരുന്ന ഗോപകുമാർ, വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റിലും സമീപത്തെ തെങ്ങിലും ഇടിക്കുകയായിരുന്നു.
അപകടസമയത്ത് വാഹനത്തിൽ ശ്യാം ശങ്കറും, കാരക്കാട് സ്വദേശിയായ സുധീഷും ഉണ്ടായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഗോപകുമാർ ഡ്രൈവിങ് സീറ്റിനും ബോണറ്റിനും ഇടയിൽ കുടുങ്ങി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
വിവരമറിഞ്ഞെത്തിയ ഷൊർണൂർ അഗ്നിരക്ഷാസേന വാഹനം വെട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ നിസ്സാര പരുക്കുകളോടെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഷൊർണൂർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഗോപകുമാറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

