ഇരിങ്ങാലക്കുട ∙ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനവും മത്സരങ്ങൾ വൈകൽ തുടർക്കഥ.
കലോത്സവത്തിന്റെ പ്രധാന വേദിയായ മുനിസിപ്പൽ ടൗൺഹാളിൽ ഉദ്ഘാടനച്ചടങ്ങ് നീണ്ടു പോയതിനെ തുടർന്ന് ഏറെ വൈകിയാണ് ഒപ്പന മത്സരങ്ങൾ ആരംഭിച്ചത്. ഉച്ചയോടെ ഹയർ സെക്കൻഡറി വിഭാഗം ഒപ്പന ആരംഭിച്ചെങ്കിലും രാവിലെ മേക്കപ്പിട്ട് കാത്തിരുന്ന കുട്ടികൾ പലരും ക്ഷീണിതരായി തളർന്നു. മത്സരം കഴിഞ്ഞ ഉടൻ ഒരു ടീമിലെ മൂന്ന് കുട്ടികൾ തളർന്നു വീണു.
ഇവരെ ഉടൻ ആംബുലൻസിലും ഓട്ടോയിലുമായി ആശുപത്രികളിലെത്തിച്ചു. ഇന്നലെ രാവിലെ 9.30നാണ് കലോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ടൗൺഹാളിൽ നിശ്ചയിച്ചിരുന്നത്. എന്നാൽ ചടങ്ങ് തുടങ്ങിയത് തന്നെ മണിക്കൂർ വൈകിയാണ്.
ഉദ്ഘാടനവും ആശംസാ പ്രസംഗങ്ങളും കാരണം ചടങ്ങ് നീണ്ടതോടെ രാവിലെ മത്സരത്തിനൊരുങ്ങി വേദിയിലെത്തിയ ഒപ്പന മത്സരാർഥികൾ അടിമുടി വലഞ്ഞു.
തുടർന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി.എം. ബാലകൃഷ്ണൻ ഇടപെട്ടാണ് ആശംസാ പ്രസംഗങ്ങൾ ഒഴിവാക്കി ഉദ്ഘാടനച്ചടങ്ങ് വേഗത്തിൽ പൂർത്തിയാക്കിയത്.
എന്നാൽ ചടങ്ങ് പൂർത്തിയായി ഒരു മണിക്കൂർ കഴിഞ്ഞാണ് ഒപ്പന മത്സരങ്ങൾ തുടങ്ങിയതും.ഹയർ സെക്കൻഡറി വിഭാഗത്തിലെ ആദ്യ ടീം സ്റ്റേജിൽ അവതരണം തുടങ്ങിയപ്പോൾ സമയം 12.50 ആയിരുന്നു. ഇതിനിടയിൽ 12 മണിക്ക് വേദിയിലെത്താൻ നിർദേശം ലഭിച്ചിട്ടുള്ള യുപി വിഭാഗം കുട്ടികളും ടൗൺ ഹാളിലെത്തി. ചെറു ക്ലാസിലെ കുട്ടികൾ ഇതോടെ മണിക്കൂറുകളോളം വലഞ്ഞു.
പ്രധാന വേദിയിലേതിനു സമാനമായി മറ്റ് വേദികളിലും ഇന്നലെ മത്സരങ്ങൾ മണിക്കൂറുകൾ വൈകി. കലോത്സവ ഷെഡ്യൂൾ പ്രകാരം ഉച്ചയ്ക്കു 2.30ന് ആരംഭിക്കേണ്ട മിമിക്രി മത്സരങ്ങൾ തുടങ്ങിയത് വൈകിട്ട് ആറോടെയാണ്.
തൃശൂർ വെസ്റ്റ് മുന്നിൽ
ജില്ലാ സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനം രാത്രി 8.30 വരെയുള്ള പോയിന്റ് പ്രകാരം തൃശൂർ വെസ്റ്റ് ഉപജില്ല 547 പോയിന്റുമായി മുന്നിൽ.
ആദ്യ ദിനം ഒന്നാമതായിരുന്ന വലപ്പാട് ഉപജില്ല 540 പോയിന്റോടെ രണ്ടാം സ്ഥാനത്താണ്. 539 പോയിന്റ് നേടിയ തൃശൂർ ഈസ്റ്റ് ഉപജില്ലയാണ് മൂന്നാമത്. ആതിഥേയരായ ഇരിങ്ങാലക്കുട
536 പോയിന്റ് നേടി നാലാമതും 524 പോയിന്റോടെ കുന്നംകുളം അഞ്ചാം സ്ഥാനത്തുമുണ്ട്. സ്കൂളുകളിൽ 145 പോയിന്റ് നേടിയ മതിലകം സെന്റ് ജോസഫ്സ് എച്ച്എസ്എസാണ് ഒന്നാമത്. 136 പോയിന്റോടെ ചാലക്കുടി കാർമൽ എച്ച്എസ്എസ് രണ്ടാം സ്ഥാനത്തും 121 പോയിന്റ് നേടി ഇരിങ്ങാലക്കുട
നാഷനൽ എച്ച്എസ്എസ് മൂന്നാം സ്ഥാനത്തുമുണ്ട്.
മാതാപിതാക്കളുടെ ഇടപെടൽ കലയെ ബാധിക്കരുത്: ജയരാജ് വാരിയർ
ഇരിങ്ങാലക്കുട ∙ ശുദ്ധമായ ഹൃദയത്തിൽ മാത്രമേ കല കുടിയിരിക്കൂ എന്നും സ്കൂൾ കലോത്സവങ്ങളിൽ മാതാപിതാക്കളുടെ ഇടപെടലടക്കമുള്ള നീക്കങ്ങൾ ഉപേക്ഷിക്കണമെന്നും അത്തരം ശ്രമങ്ങൾ കലാ പ്രോത്സാഹനത്തെ ബാധിക്കരുതെന്നും നടനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാരിയർ.
ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 1977–ൽ സംസ്ഥാന സ്കൂൾ സ്കൂൾ കലോത്സവത്തിൽ ഓട്ടൻതുള്ളലിൽ പങ്കെടുത്തതിന്റെ ഓർമകൾ അദ്ദേഹം സദസ്സിൽ പങ്കുവച്ചു.
ജി.ദേവരാജൻ സംഗീതം നൽകി മൺമറഞ്ഞ ഭാവഗായകൻ പി.ജയചന്ദ്രൻ ആലപിച്ച ‘മാനത്തെത്തിയ മഴവിൽക്കൊടിയേ..മായരുതേ നീ മായരുതേ’ എന്ന ഗാനം പാടിയാണ് ജയരാജ് വാരിയർ പ്രസംഗം അവസാനിപ്പിച്ചത്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി.എം. ബാലകൃഷ്ണൻ അധ്യക്ഷനായി. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, കൂടിയാട്ട
കലാകാരൻ വേണുജി, കഥകളി കലാകാരൻ സദനം കൃഷ്ണൻകുട്ടി, കാലിക്കറ്റ് സർവകലാശാല ഫൈൻ ആർട്സ് ഡീൻ ഡോ.കവിത ബാലകൃഷ്ണൻ, സംവിധായകൻ പ്രേംലാൽ, ഹയർ സെക്കൻഡറി എറണാകുളം മേഖലാ ആർഡിഡി ഡോ.ഡി.ജെ. സതീഷ്, ഇരിങ്ങാലക്കുട
വിദ്യാഭ്യാസ ജില്ലാ ഓഫിസർ ടി.ഷൈല, കഥകളി കലാകാരൻ കലാനിലയം രാഘവൻ എന്നിവർ പ്രസംഗിച്ചു.
മുൻപേ ഗമിച്ചീടിന ഗോത്രകലകൾ
ഇരിങ്ങാലക്കുട ∙ സ്കൂൾ കലോത്സവങ്ങളിൽ ഗോത്ര കലാരൂപങ്ങളുടെ മത്സരങ്ങൾ അരങ്ങേറുന്നത് രണ്ടാം തവണയാണെങ്കിലും വിദ്യാർഥികൾക്കിടയിൽ ഇവയ്ക്കു വലിയ സ്വീകരണമാണ് ലഭിച്ചത്.
ഇതിനുദാഹരണമാണ് മണിക്കൂറുകളോളം നീളുന്ന മത്സരങ്ങൾ. ഗോത്ര വിഭാഗങ്ങളിലെ പ്രധാന കലാരൂപങ്ങളായ ഇരുളനൃത്തത്തിനും പണിയനൃത്തത്തിനും അതിന്റേതായ പ്രത്യേകതയും അവതരണ ശൈലിയും ഉണ്ട്.
ഇവ വേദിയിൽ അവതരിപ്പിക്കുമ്പോൾ ഇരുളർ, പണിയാന്മാർ എന്ന ഗോത്ര വിഭാഗക്കാരെയും അവരുടെ ജീവി രീതിയെയും പരിചയപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത്. വിദ്യാർഥികൾക്ക് ഗുരുക്കന്മാരായത് വയനാട്ടിലെ ഗോത്രസമുദായത്തിൽപെട്ടവരും ഈ നൃത്തങ്ങളിൽ പ്രത്യേക പരിശീലനം നേടിയവരുമാണ്. ഇരു ഗോത്ര കലകളുടെയും അവതരണ രീതി, ഉപകരണങ്ങൾ തുടങ്ങിയവ വ്യത്യസ്തമാണ്.
അവയുടെ ചുരുക്കം ഇങ്ങനെ:
പണിയനൃത്തം
വയനാട്ടിലെ ഗോത്ര സമുദായമായ പണിയന്മാരുടെ തനത് നൃത്ത രൂപമാണ് പണിയനൃത്തം. കലോത്സവ വേദിയിൽ അവതരിപ്പിക്കുന്നത് 12 –14 മിനിറ്റുകൾക്കുള്ളിലാണ്.
കമ്പളനാട്ടി, വട്ടക്കളി എന്നീ ഭാഗങ്ങളായാണ് അവതരണം. വയലോരത്ത് പുരുഷന്മാർ വാദ്യങ്ങൾ കൊട്ടുമ്പോൾ, ഞാറ് നടുന്നതിനിടയ്ക്കു സ്ത്രീകൾ കളിക്കുന്നതാണ് കമ്പളനാട്ടി.
പണിയ സമുദായക്കാർക്കിടയിൽ ആഘോഷങ്ങൾക്കിടെ കളിക്കുന്നതാണ് വട്ടക്കളി. പ്രത്യേകതകൾ: ∙ ടീം: 12 പേർ (4 പേർ പാടാനും വാദ്യങ്ങൾ കൊട്ടാനും) ∙ വാദ്യങ്ങൾ: ചീനി, 3 തരത്തിലുള്ള തുടികൾ (വലിയ മരം, നടുമരം, ചെറിയ മരം) ∙ വസ്ത്രം: ബ്ലൗസും മുണ്ടും നേര്യതും.
അവ മുട്ടിനൊപ്പം കയറ്റിക്കെട്ടി അരയിൽ തോർത്ത് ഉപയോഗിച്ച് ചുറ്റിക്കെട്ടും. ∙ ആഭരണങ്ങൾ: നാണയത്തുട്ടുകൾ കോർത്തുള്ള മുത്തുമാല, കുന്നിക്കുരു കൂട്ടിക്കെട്ടി വട്ടത്തിലുള്ള കമ്മൽ, കുപ്പിവളകൾ.
ഇരുളനൃത്തം
പാലക്കാട് അട്ടപ്പാടിയിലെ ഇരുള സമുദായത്തിൽപ്പെട്ടവരുടെ തനത് നൃത്തരൂപമാണ് ഇരുളനൃത്തം.
ജനനം, മരണം ഉൾപ്പെടെയുള്ള പ്രത്യേക ദിവസങ്ങളിലാണ് ഇരുളനൃത്തം അവതരിപ്പിക്കുന്നത്. വേദിയിൽ 15 മിനിറ്റാണ് അനുവദിച്ചിരിക്കുന്ന സമയം.
∙ ടീം: 12 പേർ (4 പേർ പാടാനും വാദ്യങ്ങൾ കൊട്ടാനും) ∙ വാദ്യങ്ങൾ: പെറേയ്, ദെവിൽ, ജാൽറ ∙ വസ്ത്രം: സാരി കെട്ടി ഉടുക്കുന്നത്. തലയിൽ മല്ലിപ്പൂവ് ചൂടും.
∙ ആഭരണങ്ങൾ: പണമാല, ഇരു വശങ്ങളിലും മൂക്കൂത്തി, തോട പോലെയുള്ള കമ്മലുകൾ, കുപ്പിവളകൾ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

