വടക്കഞ്ചേരി ∙ ദേശീയപാത 544-ൽ വാണിയമ്പാറയിലെ അടിപ്പാത നിർമാണം പാതിവഴിയിൽ നിലച്ചു. മഴയ്ക്കു മുൻപ് നിർമാണം പൂർത്തിയാക്കിയില്ലെങ്കിൽ യാത്രക്കാർക്ക് ദുരിതമാകും.
മേയ് മാസം വരെയാണ് നിർമാണ കാലാവധി. പദ്ധതിക്കായി രണ്ടു തവണ സമയം നീട്ടി നൽകിയിട്ടും പകുതിപോലും പൂർത്തിയായിട്ടില്ല.
അടിപ്പാത നിർമാണം ഇഴഞ്ഞു നീങ്ങുന്നതിൽ നടപടി ആവശ്യപ്പെട്ട് കെ.രാധാകൃഷ്ണൻ എംപി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് കത്ത് നൽകി. ഇതുവരെ കേവലം 40 ശതമാനം പ്രവൃത്തികൾ മാത്രമാണ് പൂർത്തിയായതെന്നും കരാർ കാലാവധി അവസാനിക്കാറായിട്ടും തുടരുന്ന ഈ മെല്ലെപ്പോക്ക് അംഗീകരിക്കാനാവില്ലെന്നും എംപി കത്തിൽ ചൂണ്ടിക്കാട്ടി.
ദേശീയപാതയിൽ വാണിയമ്പാറയുൾപ്പെടെ 11 ഇടങ്ങളിലാണ് അടിപ്പാത നിർമാണം പുരോഗമിക്കുന്നത്.
2024 മാർച്ചിലാണ് നിർമാണം ആരംഭിച്ചത്. ആദ്യ കരാർ കാലാവധി 2025 സെപ്റ്റംബറിൽ അവസാനിച്ചെങ്കിലും പിന്നീട് ഡിസംബർ വരെ നീട്ടി നൽകി.
ഡിസംബറിലും പൂർത്തിയാകാതെ വന്നതോടെ 2026 മേയ് വരെ വീണ്ടും കാലാവധി നീട്ടുകയായിരുന്നു. ഇതിനിടെ നിർമാണം വൈകിച്ചതിനെ തുടർന്ന് കരാർ കമ്പനിക്ക് ദേശീയപാത അതോറിറ്റി പിഴയും ചുമത്തി.
ഈ മേയ് മാസവും പണി പൂർത്തിയാകില്ല. സാങ്കേതിക കാരണങ്ങളാൽ പണി വൈകുകയാണെന്നും കരാർ കാലാവധി വീണ്ടും നീട്ടി നൽകുമെന്നാണ് പ്രതീക്ഷയെന്നും കരാർ കമ്പനിയായ പിഎസ്ടി.
അധികൃതർ പറഞ്ഞു.
ഇവിടെ വാഹനങ്ങൾ ഇടുങ്ങിയ സർവീസ് റോഡുകളിലൂടെ തിരിച്ചുവിടുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു. മതിയായ സുരക്ഷാ ക്രമീകരണങ്ങളോ വെളിച്ചമോ ഇല്ലാത്തത് മൂലം ഇവിടെ അപകടങ്ങളും നടക്കുന്നു.
കാലവർഷം ആരംഭിക്കുന്നതോടെ സർവീസ് റോഡുകൾ തകരാനും ജനങ്ങളുടെ ദുരിതം ഇരട്ടിയാകാനും സാധ്യതയുള്ളതിനാൽ കൂടുതൽ തൊഴിലാളികളെയും യന്ത്രസാമഗ്രികളെയും വിന്യസിച്ച് വേഗത്തിൽ നിർമാണം പൂർത്തീകരിക്കണമെന്നും സർവീസ് റോഡുകൾ നവീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഇതിനിടയിൽ റോഡരികിൽ കോൺക്രീറ്റ് പാളികൾ കൂട്ടിയിട്ടതിനെ തുടർന്ന് നിരവധി അപകടങ്ങൾ നടക്കുന്നതായും പ്രദേശവാസികൾ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

