പാലക്കാട് സിവിൽ സ്റ്റേഷന് പിൻവശത്ത് ന്യൂ സിവിൽ നഗറിൽ നിന്ന് പണ്ടാരക്കാവ്, ഗവ.മെഡിക്കൽ കോളജ് ഭാഗത്തേക്കു പോകുന്ന റോഡിൽ തോട്ടപാലത്തിനു സമീപം ശുദ്ധജല വിതരണ പൈപ്ലൈൻ ചോർന്ന് വലിയ ഗർത്തം രൂപപ്പെട്ടു. തുടർന്ന് ഇതുവഴിയുള്ള ഗതാഗതത്തിന് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തി.
നിലവിൽ ഇരുചക്രവാഹനങ്ങൾ മാത്രമാണ് ഇവിടം വഴി കടത്തിവിടുന്നത്. കാർ അടക്കമുള്ള മറ്റ് വാഹനങ്ങൾ വഴിതിരിച്ചുവിട്ടാണ് കടത്തിവിടുന്നത്.
പാലത്തിന്റെ അരികുഭിത്തിയോടു ചേർന്നുള്ള പ്രധാന ശുദ്ധജല വിതരണ പൈപ്ലൈൻ പൊട്ടി വെള്ളത്തോടൊപ്പം മണ്ണും കുത്തിയൊലിച്ചാണ് റോഡിൽ വലിയ കുഴി രൂപപ്പെട്ടത്. താഴെ തോടായതിനാൽ ചോർച്ച സമയബന്ധിതമായി ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.
ഏകദേശം ഒരു വർഷം മുൻപും സമാനമായ രീതിയിൽ ഈ പാലത്തിനു സമീപം കുഴി രൂപപ്പെട്ടിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. വാർഡ് കൗൺസിലർ എം.മോഹൻബാബു വിവരം അറിയിച്ചതിനെത്തുടർന്ന് ജല അതോറിറ്റി ജീവനക്കാർ സ്ഥലത്തെത്തി ചോർച്ച പരിഹരിച്ചു.
തുടർന്ന് രമേഷ് പിഷാരടി എംഎൽഎ, നഗരസഭാധ്യക്ഷൻ പി.സ്മിതേഷ് എന്നിവർ പ്രദേശം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. ഗവ.മെഡിക്കൽ കോളജ് ഭാഗത്തുള്ള ദേശീയപാതയിൽ നിന്ന് പാലക്കാട് സിവിൽ സ്റ്റേഷനിലേക്കുള്ള പ്രധാന ബൈപാസ് റോഡാണിത്.
പാലത്തിന് സമീപം രൂപപ്പെട്ട ഗർത്തം ഉടൻ നികത്തുമെന്നും തുടർന്ന് ഭാഗികമായി ഗതാഗതം അനുവദിക്കുമെന്നും നഗരസഭാധ്യക്ഷൻ പി.സ്മിതേഷ്, കൗൺസിലർമാരായ എം.മോഹൻബാബു, കെ.പ്രേമ എന്നിവർ അറിയിച്ചു.
സുരക്ഷ മുൻനിർത്തി പാലത്തിന്റെ ബലപരിശോധന നടത്തും. ഈ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്നും നഗരസഭാധികൃതർ വ്യക്തമാക്കി.
ന്യൂ സിവിൽ നഗറിൽ സമാന്തര റോഡ് ഉള്ളതിനാൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായി തടസ്സപ്പെട്ടിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

