സേലം ∙ ‘എൻ നെഞ്ചിൽ കുടിയിരിക്കും സേലം മക്കളേ, വിജയിയെ നമ്പ്രിങ്ക്ളാ സ്റ്റാലിൻ സാറെ നമ്പ്രിങ്ക്ളാ…?’– ഉച്ചവെയിലിന്റെ കടുത്ത ചൂടിനിടയിലും ആയിരങ്ങളുടെ ആവേശം ചോരാത്ത മറുപടി ആരവമായി അലയടിച്ചു, ‘വിജയ്, വിജയ്…’. സേലം ജില്ലയിലെ ശീലനായ്ക്കൻപെട്ടിയിൽ തമിഴ് വെട്രി കഴകത്തിന്റെ (ടിവികെ) സമ്മേളനത്തിൽ അരമണിക്കൂറോളം പ്രസംഗിച്ച വിജയ് ഡിഎംകെ സർക്കാരിനെതിരെയാണ് ആഞ്ഞടിച്ചത്.
വരുന്ന തിരഞ്ഞെടുപ്പിൽ ടിവികെ അധികാരത്തിലേറുമെന്നും ജനങ്ങളുടെ മനസ്സറിഞ്ഞുള്ള മികച്ച ഭരണം കാഴ്ചവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെതിരെ കടുത്ത വിമർശനമുന്നയിച്ച വിജയ്, തമിഴ്നാട് സർക്കാർ ടിവികെ റാലിക്ക് ഏർപ്പെടുത്തുന്ന കർശന നിബന്ധനകൾ എന്തുകൊണ്ടാണ് ഡിഎംകെയുടെ സമ്മേളനത്തിന് ഇല്ലാത്തതെന്നും ചോദിച്ചു.
ജനങ്ങളുടെ നീതിക്കുവേണ്ടിയാണ് രാഷ്ട്രീയത്തിലേക്കു വന്നത്, എന്നാൽ തനിക്കും നീതിയില്ലാത്ത അവസ്ഥയാണ്.
ടിവികെയുടെ സമ്മേളനം നടത്താൻ വേണ്ടി അനുമതി തേടുമ്പോൾ സമയം, സ്ഥലം, പ്രസംഗം തുടങ്ങി കടുത്ത നിയന്ത്രണങ്ങളാണുള്ളത്. നാലു വർഷത്തിലേറെ ഭരിച്ച ഡിഎംകെ സർക്കാർ ഇപ്പോൾ നാട്ടുകാരോട് ചോദിക്കുകയാണ് നിങ്ങളുടെ സ്വപ്നം എന്താണെന്നു പറയൂ, അതു നടപ്പാക്കിത്തരാമെന്ന്.
നാട്ടുകാരുടെ ആവശ്യങ്ങൾ പോലും തിരിച്ചറിയാൻ കഴിയാത്ത സ്റ്റാലിൻ എങ്ങനെയാണ്, അവരുടെ സ്വപ്നം മനസ്സിലാക്കുന്നത്.
ഒരു പാർട്ടിയെയും ഇല്ലാതാക്കാനോ ശത്രുപക്ഷത്ത് നിർത്താനോ തങ്ങൾക്ക് ഉദ്ദേശ്യമില്ല. വെറുപ്പിന്റെ രാഷ്ട്രീയമല്ല, എല്ലാവരെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയമാണു മുന്നോട്ടുവയ്ക്കുന്നത്.
അണ്ണാ ഡിഎംകെയും ഡിഎംകെയും അതിന്റെ സ്ഥാപക നേതാക്കളുടെ ആദർശങ്ങളെല്ലാം മറന്നു. ടിവികെ ആരുടെയും ബി ടീമല്ല. താൻ ചില പാർട്ടിക്കാരെ വിമർശിക്കുന്നില്ലെന്നാണു പലരുടെയും ആരോപണം.
തമിഴ്നാട്ടുകാർ തുടർച്ചയായി ഡിലീറ്റ് ചെയ്തവരെക്കുറിച്ച് എന്തിനു പറയണം. ഇരുട്ടിലേക്ക് കല്ലെറിയുന്ന പോലെയാണ് അതെന്നു ബിജെപിയെ ഉന്നമിട്ടു വിജയ് പറഞ്ഞു.
കനത്തവെയിലിലും തളരാതെ ആവേശം
ഉച്ചയ്ക്കു പന്ത്രണ്ടോടെ ശീലനായ്ക്കൻപെട്ടിയിലെ ഗ്രൗണ്ടിൽ വിജയ് എത്തുമെന്നായിരുന്നു അറിയിപ്പ്.
പന്ത്രണ്ടരയോടെ വിജയ് എത്തി. എന്നാൽ രാവിലെ ഒൻപതോടെ ടിവികെയുടെ മഞ്ഞയും ചുവപ്പും നിറങ്ങളിലുള്ള ഷാളും തൊപ്പിയും വിസിൽ ചിഹ്നവുമായി അണികൾ സ്ഥലത്തെത്തിയിരുന്നു.
പ്രദേശത്ത് കനത്ത സുരക്ഷയാണു പൊലീസ് ഒരുക്കിയിരുന്നത്. സമ്മേളന നഗരിയിലേക്കു കയറുന്ന ഭാഗത്തു ടിവികെ വൊളന്റിയർമാരും പൊലീസും ചേർന്നാണ് ആളുകളെ നിയന്ത്രിച്ചത്. അണികൾക്കു നിൽക്കാൻ പ്രത്യേകം ഇരുമ്പുവേലികൾ തിരിച്ചു സ്ഥലം ക്രമീകരിച്ചിരുന്നു.
മൂവായിരത്തോളം പേരാണു സമ്മേളന നഗരിയിലെത്തിയത്. വെള്ളിയാഴ്ചയായതിനാൽ ജുമുഅ നിസ്കരിക്കാനുള്ളവർക്ക് അതിനുള്ള ക്രമീകരണവും സമ്മേളന സ്ഥലത്തിനടുത്തു ക്രമീകരിച്ചിരുന്നു.
ടിവികെ സമ്മേളനത്തിനിടെ അതിഥിത്തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
∙ വിജയ് പങ്കെടുത്ത ടിവികെ സമ്മേളനത്തിന് എത്തിയ അതിഥിത്തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു.
മഹാരാഷ്ട്ര സ്വദേശിയായ സൂരജാണ് (37) മരിച്ചത്. ഹൃദയാഘാതമാണെന്നാണു സൂചന.
കനത്ത വെയിലിൽ തളർന്നുവീണ സൂരജിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 20 വർഷത്തോളമായി സേലത്തു ഭാര്യയ്ക്കും മകൾക്കുമൊപ്പമായിരുന്നു താമസം.
വെള്ളി ആഭരണ നിർമാണം, കെട്ടിടനിർമാണം തുടങ്ങിയ മേഖലകളിൽ ജോലിചെയ്തിരുന്ന സൂരജിനു മുൻപു ഹൃദയ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്നും പറയുന്നു. എന്നാൽ, സമ്മേളന നടത്തിപ്പിലെ വീഴ്ചയാണ് യുവാവിന്റെ മരണത്തിനു കാരണമെന്ന് അണ്ണാ ഡിഎംകെ അടക്കമുള്ള പാർട്ടികൾ ആരോപണമുന്നയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

