സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള ബവ്കോയുടെ പുതിയ മദ്യബ്രാൻഡായ ‘മിന്നൽ മാജിക്’ ബ്രാൻഡി ഈ മാസം അവസാനത്തോടെ ഔട്ട്ലെറ്റുകളിൽ ലഭ്യമാകും. ‘ജവാൻ’ റമ്മിന് പിന്നാലെ സർക്കാർ അവതരിപ്പിക്കുന്ന മദ്യമെന്ന നിലയിൽ വിപണിയിൽ ഇതിനകം വലിയ തോതിലുള്ള ആവശ്യകത ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ മുൻ മന്ത്രി എം.ബി.രാജേഷ് ഇതിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചിരുന്നുവെങ്കിലും, അന്ന് പ്രവർത്തനങ്ങൾ പൂർണതോതിൽ ആരംഭിക്കാൻ സാധിച്ചിരുന്നില്ല. നിർമാണഘട്ടത്തിലെ സാങ്കേതിക തടസ്സങ്ങളും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും പദ്ധതിയെ മന്ദഗതിയിലാക്കിയിരുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷാവസാനം തിരക്കിട്ട് ഉദ്ഘാടനം നടത്തിയെങ്കിലും കെട്ടിടത്തിന്റെ സിവിൽ ജോലികൾ പൂർത്തിയായിരുന്നില്ല. പുതിയ സാമ്പത്തിക വർഷത്തിലേക്ക് കടന്നതോടെ പ്രവർത്തനാനുമതികൾ പുതുക്കുന്നതടക്കമുള്ള നടപടികൾക്കായി വീണ്ടും കാലതാമസം നേരിട്ടു.
കൂടാതെ, മദ്യനിർമാണത്തിന് അത്യന്താപേക്ഷിതമായ ഇഎൻഎ (എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ) ലഭ്യമാക്കുന്നതിനുള്ള അനുമതികൾ നേടിയെടുക്കുന്നതിലും പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടായി. നിലവിൽ പ്രതിസന്ധികളെല്ലാം തരണം ചെയ്ത് നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി രണ്ട് ലക്ഷം ലീറ്റർ ഉൾപ്പെടെ മൊത്തം മൂന്ന് ലക്ഷം ലീറ്റർ ഇഎൻഎ ഇതിനകം സംഭരിച്ചിട്ടുണ്ട്. ഗ്രേപ് സ്പിരിറ്റിന്റെ സ്റ്റോക്ക് കൂടി എത്തുന്നതോടെ നിർമാണം പൂർണസജ്ജമാകും.
പ്രതിദിനം 9,000 കെയ്സ് മദ്യം ഉൽപ്പാദിപ്പിക്കാനാണ് നിലവിൽ ലക്ഷ്യമിടുന്നത്. അര ലീറ്റർ കുപ്പികളിലായാകും ‘മിന്നൽ മാജിക്’ ബ്രാൻഡി വിപണിയിൽ എത്തുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

