ചിറ്റൂർ ∙ രണ്ടു പഞ്ചായത്തുകളിലെ കൃഷിക്കും ശുദ്ധജല ആവശ്യത്തിനുമായി റഗുലേറ്റർ നിർമിച്ചു. ഉദ്ഘാടനം കഴിഞ്ഞ് 4 വർഷത്തോളമായിട്ടും പ്രയോജനപ്പെടുന്നില്ലെന്നു കർഷകർ.
പെരുവെമ്പ്, പൊൽപുള്ളി പഞ്ചായത്തുകളുടെ ജലക്ഷാമം പരിഹരിക്കുന്നതിനായാണ് ചിറ്റൂർ പുഴയ്ക്കു കുറുകെ വടകരപ്പള്ളിയിൽ റഗുലേറ്റർ നിർമിച്ചത്. 18 കോടി രൂപ ചെലവിൽ നിർമിച്ച റഗുലേറ്റർ 2022ൽ ഉദ്ഘാടനവും ചെയ്തു.
എന്നാൽ നാളിതുവരെയായി ഇതിന്റെ ഉപയോഗം ഒരാൾക്കും ലഭിച്ചിട്ടില്ല.
മൂലത്തറയിൽ നിന്നു ഇടതുകര കനാൽ വഴി ലഭിക്കുന്ന വെള്ളമുപയോഗിച്ചാണ് ഈ പഞ്ചായത്തുകളിലെ ഭൂരിഭാഗം കൃഷിയും ചെയ്യുന്നത്. എന്നാൽ കനാലിന്റെ വാലറ്റ പ്രദേശങ്ങളായ മടിയപ്പാടം, മാവുക്കാട്, മുരുകൻകോട്, അത്തിക്കോട്, ഓലശേരി, പൊൽപുള്ളി, കുറ്റിരാംകുന്ന് ചൂരിക്കാട്, വടകരപ്പള്ളി എന്നിവിടങ്ങളിൽ മിക്കപ്പോഴും രണ്ടാംവിള നെൽക്കൃഷി ഉണങ്ങി നശിക്കുകയാണ് പതിവ്. അതുകൊണ്ടുതന്നെ പല കർഷകരും രണ്ടാംവിള ഉപേക്ഷിച്ചിരുന്നു.
ഇതിനെല്ലാം പരിഹാരം കാണാനാണ് റഗുലേറ്റർ നിർമിച്ച് പുഴയിൽ വെള്ളം കെട്ടിനിർത്തി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി മുഖേന ഈ കൃഷിയിടങ്ങളിലേക്കു വെള്ളമെത്തിക്കുന്ന പദ്ധതിക്കു തുടക്കമിട്ടത്.
കോടികൾ ചെലവിട്ട് റഗുലേറ്റർ നിർമിക്കുകയും കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തുകയും ചെയ്തു. എന്നാൽ ഉദ്ഘാടന ദിവസം തുറന്ന റഗുലേറ്ററിലെ ഷട്ടറുകൾ ഇന്നും അടച്ചിട്ടില്ല.
പുഴയിൽ വെള്ളം കെട്ടിനിർത്താനോ കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാനോ ഒരു നടപടിയും ഉണ്ടായിട്ടില്ല. റഗുലേറ്റർ ഉപയോഗപ്പെടുത്തിയാൽ ഇരു പഞ്ചായത്തുകളിലായുള്ള 600 ഏക്കർ കൃഷിക്കും ഒട്ടേറെ ശുദ്ധജല സ്രോതസ്സുകൾക്കും അതിന്റെ പ്രയോജനം ലഭിക്കും.
എത്രയും പെട്ടെന്ന് റഗുലേറ്റർ ജനങ്ങൾക്കും കർഷകർക്കും പ്രയോജനപ്പെടുന്ന തരത്തിൽ പ്രവർത്തനക്ഷമമാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
ചില സാങ്കേതിക തടസ്സങ്ങളാണ് റഗുലേറ്റർ പ്രവർത്തിപ്പിക്കുന്നതിനു തടസ്സമായിരുന്നത്. തടസ്സങ്ങൾ പരിഹരിച്ചു.
ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്കുള്ള ഫണ്ട് ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വലിയ മോട്ടറുകൾ ഉൾപ്പെടെ സ്ഥാപിച്ച് പുഴയുടെ ഇരുവശങ്ങളിലെയും കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന തരത്തിൽ ഉടൻ പ്രവൃത്തികൾ ആരംഭിക്കുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ ഓഫിസിൽ നിന്നും അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

