ഷൊർണൂർ ∙ യാത്രക്കാരന്റെ ദേഹത്തു ചൂടുവെള്ളം ഒഴിച്ചുവെന്ന പരാതിയിൽ ട്രെയിനിലെ പാൻട്രികാർ മാനേജരെ അറസ്റ്റ് ചെയ്തു. നേത്രാവതി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന മുംബൈ സ്വദേശിയായ അഭിഷേക് ബാബുവിനാണു (24) പൊള്ളലേറ്റത്. പാൻട്രികാർ മാനേജരായ ഉത്തർപ്രദേശ് സ്വദേശി രാഗവേന്ദ്ര സിങ്ങിനെ (31) ഷൊർണൂർ റെയിൽവേ പൊലീസാണ് അറസ്റ്റ് ചെയ്തത്.
ഇയാളെ റിമാൻഡ് ചെയ്തു.
തിരുവനന്തപുരത്തേക്കു വന്ന നേത്രാവതി എക്സ്പ്രസിൽ വ്യാഴാഴ്ച രാത്രിയിലാണു മുംബൈയിൽ നിന്നു തൃപ്രയാർ തെമ്മാപ്പിള്ളി മാറാട്ട് അഷീഷ് (19), മുംബൈ സ്വദേശികളായ അനീഷ് (20), കിഷൻ (19), തേജസ്സ് (22), സിതേഷ് (24), അഭിഷേക് ബാബു (24) എന്നിവർ കയറിയത്. തൃശൂർ തൃപ്രയാറിലെ അഷീഷിന്റെ വീട്ടിലേക്കു വന്നതായിരുന്നു സംഘം.
കയ്യിൽ കരുതിയ വെള്ളം തീർന്നപ്പോൾ യുവാക്കൾ വെള്ളം ചോദിച്ചു പാൻട്രികാറിൽ ചെന്നു.
200 രൂപ നൽകിയപ്പോൾ 15 രൂപ കൂടി കൊടുക്കാൻ തൊഴിലാളി ആവശ്യപ്പെട്ടു. ഇതിന്റെ പേരിൽ തർക്കമായി.
തിരിച്ചു സീറ്റിലെത്തിയപ്പോഴാണു കൂട്ടത്തിൽ ഒരാളുടെ കണ്ണടയും തൊപ്പിയും മറന്നുവച്ചത് ഓർമവന്നത്.
അതു തിരിച്ചെടുക്കാൻ ചെന്നപ്പോൾ, രാവിലെ നൽകാം എന്നു ജീവനക്കാർ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ വീണ്ടും ചെന്നപ്പോൾ രാഗവേന്ദ്ര സിങ് സ്റ്റീൽ ബക്കറ്റിൽ ചൂടുവെള്ളമെടുത്ത് അഭിഷേക് ബാബുവിന്റെ ദേഹത്ത് ഒഴിച്ചുവെന്നാണു പരാതി.
വിവരം അറിയിച്ചതിനെത്തുടർന്നു ട്രെയിൻ തൃശൂർ എത്തിയപ്പോൾ പാൻട്രികാർ മാനേജരെ റെയിൽവേ പൊലീസ് പിടികൂടി.
കാലിലും പുറത്തും പൊള്ളലേറ്റ അഭിഷേക് ബാബുവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്ഐ അനിൽ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

