വാളയാർ ∙ അട്ടപ്പള്ളത്ത് അതിഥിത്തൊഴിലാളി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട
കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ. ഇതു സംബന്ധിച്ചു നിയമോപദേശം തേടിയ ശേഷമാകും നടപടി.
അതിനു മുന്നോടിയായി പ്രതികൾക്കു ജാമ്യം അനുവദിച്ചുകൊണ്ടുള്ള മണ്ണാർക്കാട് എസ്സി–എസ്ടി സ്പെഷൽ കോടതി ഉത്തരവിന്റെ സർട്ടിഫൈഡ് കോപ്പി ലഭ്യമാക്കാൻ ഇന്നലെ അപേക്ഷ നൽകി. അതു ലഭിച്ചാലേ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുകയുള്ളൂ. തുടർന്നാകും ഹൈക്കോടതിയിൽ ഹർജി നൽകുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുക.
ഏതു വ്യവസ്ഥകൾ പ്രകാരമാണ് പ്രതികൾക്ക് ഉപാദികളോടെ ജാമ്യം ലഭ്യമാകാൻ കാരണമായതെന്ന് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. ഈ സാഹചര്യത്തിലാണ് ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാനും നിയമോപദേശം തേടാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുള്ളത്.
കേസിലെ 8 പ്രതികൾക്കും ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. കേസിലെ ആറാം പ്രതി വിനോദ്കുമാർ ഹൈക്കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയിട്ടുള്ളത്.
അടുത്ത ദിവസം ഇതു പരിഗണിക്കും. അതിനു മുൻപ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി നൽകാനാകും അന്വേഷണ സംഘത്തിന്റെ നീക്കം.
അറസ്റ്റിലായ ശേഷം രണ്ടു തവണ പ്രതികളുടെ റിമാൻഡ് നീട്ടിയിരുന്നു. ഈ സാഹചര്യം ഉൾപ്പെടെ പരിഗണിച്ചാണ് 8 പ്രതികൾക്കും ജാമ്യം അനുവദിച്ചതെന്നാണ് വിവരം. 14 MINUTES AGO 24 MINUTES AGO 40 MINUTES AGO ക്രൈം ബ്രാഞ്ചിനു വേണ്ടി ഓൺലൈനായി ഹാജരായ പാലക്കാട്ടെ പബ്ലിക് പ്രോസിക്യൂട്ടർ വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും പ്രതിഭാഗം അഭിഭാഷകരുടെ വാദം പരിഗണിച്ച് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
കേസിൽ ആകെ 9 പേരാണ് അറസ്റ്റിലായിരുന്നത്. 20 പ്രതികളുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് എസ്ഐടി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.
തമിഴ്നാട്ടിലേക്ക് ഉൾപ്പെടെ കടന്നുകളഞ്ഞ മറ്റു പ്രതികളെ പിടികൂടാൻ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച് കേസ് അന്വേഷണം ഊർജിതമാക്കാനാണ് ക്രൈം ബ്രാഞ്ച് എസ്ഐടിയുടെ നീക്കം. 60–90 ദിവസത്തിനുള്ളിൽ മുഴുവൻ പ്രതികൾക്കെതിരെയും കുറ്റപ്പത്രം നൽകുമെന്നാണു അന്വേഷണ സംഘം അറിയിച്ചിട്ടുള്ളത്.
ഇക്കഴിഞ്ഞ ഡിസംബർ 17നു വൈകിട്ടാണ് ഈസ്റ്റ് അട്ടപ്പള്ളത്തു ഛത്തീസ്ഗഡ് സ്വദേശി രാംനാരായൺ ഭാഗേൽ ആൾക്കൂട്ട
ആക്രമണത്തിനിരയായത്. അന്നു രാത്രി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.
ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പി.എം.ഗോപകുമാർ, വാളയാർ ഇൻസ്പെക്ടർ എൻ.എസ്.രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് (എസ്ഐടി) കേസ് അന്വേഷിക്കുന്നത്.
സത്യഗ്രഹവുമായി രാം നാരായൺ ഭാഗേലിന്റെ സഹോദരൻ
ആൾക്കൂട്ട കൊലപാതകത്തിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടു കൊല്ലപ്പെട്ട
രാം നാരായൺ ഭാഗേലിന്റെ സഹോദരൻ ശശികാന്ത് ഭാഗേലും ആക്ഷൻ കൗൺസിൽ ഭാരവാഹികളും കലക്ടറേറ്റിന് മുൻപിൽ സത്യഗ്രഹസമരം നടത്തി. ജസ്റ്റിസ് ഫോർ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലായിരുന്നു സമരം. കൗൺസിൽ ചെയർമാൻ കെ.ശിവരാമൻ, കൺവീനർ കെ.എസ്.നിസാർ, എം.സുലൈമാൻ, വിളയോടി ശിവൻകുട്ടി, അബ്ദുൽ ജബ്ബാർ, ഗഫൂർ വാടാനപ്പള്ളി, സജീവൻ കള്ളിച്ചിത്ര, സാബിർ പുലാപ്പറ്റ എന്നിവർ പ്രസംഗിച്ചു.
പ്രതികൾക്ക് ജാമ്യം ലഭിച്ചതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് കലക്ടർ അറിയിച്ചതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.
എസ്സി- എസ്ടി ആട്രോസിറ്റീസ്, മോബ് ലിഞ്ചിങ് കേസുകളിൽ ഇരകളുടെ ഭാഗം കേൾക്കണമെന്ന നിയമം മറികടന്നാണു പ്രതികൾക്ക് ജാമ്യം അനുവദിച്ചതെന്നു കൗൺസിൽ ഭാരവാഹികൾ ആരോപിച്ചു. ആർഎസ്എസ് പ്രവർത്തകരായ പ്രതികളോട് സർക്കാർ അനുകൂല നിലപാടാണു സ്വീകരിക്കുന്നതെന്നും ജാമ്യം നൽകിയതിനെതിരെ കുടുംബം ഹൈക്കോടതിയെ സമീപിക്കുമെന്നും അവർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

