അട്ടപ്പാടി മേഖലയിൽ നിലവിൽ പ്രവർത്തനം നിലച്ചിരിക്കുന്ന സാമൂഹിക അടുക്കളകൾ അടിയന്തരമായി പുനരാരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി. കൂടാതെ കോട്ടത്തറ ട്രൈബൽ സ്പെഷ്യൽറ്റി ആശുപത്രിയിൽ പീഡിയാട്രിക് വിദഗ്ധർ ഉൾപ്പെടെയുള്ള ഡോക്ടർമാരുടെ സേവനം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രദേശത്തെ ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ കോട്ടത്തറ ആശുപത്രിയും അഗളി സാമൂഹികാരോഗ്യ കേന്ദ്രവും സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്ത ഉന്നതതല അവലോകന യോഗങ്ങളിലും അദ്ദേഹം സാന്നിധ്യം അറിയിച്ചു.
പ്രദേശത്ത് മുൻപ് 180 സാമൂഹിക അടുക്കളകൾ പ്രവർത്തിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 24 എണ്ണം മാത്രമായി ചുരുങ്ങിയത് എന്തുകൊണ്ടാണെന്ന് സമഗ്രമായ പരിശോധന നടത്തേണ്ടതുണ്ട്. 2022–23 സാമ്പത്തിക വർഷം മുതലുള്ള തുകയാണ് നിലവിൽ കുടിശികയായിട്ടുള്ളത്.
വനിതാ, ശിശു വികസന വകുപ്പും പട്ടികവർഗ വകുപ്പും ചേർന്ന് സാമൂഹിക അടുക്കളകളുടെ സംഘാടകർക്ക് ആകെ 6 കോടിയിൽപരം രൂപ നൽകാനുണ്ടെന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചു. കോട്ടത്തറ ആശുപത്രിയിലേക്ക് ശിശുരോഗ വിദഗ്ധർ, സ്ത്രീരോഗ വിദഗ്ധർ, അനസ്തീസിയോളജിസ്റ്റ് എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരെ ഉടൻ നിയമിക്കുമെന്ന് മന്ത്രി അറിയിച്ചു.
നവജാത ശിശുപരിചരണ വിഭാഗവും എമർജൻസി ഓപ്പറേഷൻ തിയറ്ററും ഉൾപ്പെടുന്ന പുതിയ ബ്ലോക്കിന്റെ നിർമ്മാണം നബാർഡ് സഹായത്തോടെ നടപ്പിലാക്കും. ആശുപത്രിയുടെ പ്രവർത്തനം 24 മണിക്കൂറും പൂർണ്ണസജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്.
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയും കോട്ടത്തറ ട്രൈബൽ സ്പെഷ്യൽറ്റി ആശുപത്രിയും സംയുക്തമായി ‘സ്പോക് ആൻഡ് ഹബ്’ മാതൃകയിൽ പ്രവർത്തിക്കും. ഇതിന്റെ ഭാഗമായി ഇരു ആശുപത്രികളിലെയും ശിശുരോഗ വിദഗ്ധർ പരസ്പരം ആശയവിനിമയം നടത്തി രോഗികൾക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കും.
തൃശൂർ മെഡിക്കൽ കോളജിലെ റേഡിയോളജിസ്റ്റിന്റെ സേവനം ആഴ്ചതോറും കോട്ടത്തറ ആശുപത്രിയിൽ ലഭ്യമാക്കും. അത്യാധുനിക സൗകര്യങ്ങളുള്ള പീഡിയാട്രിക് ആംബുലൻസ് സേവനവും ഉറപ്പാക്കും.
തൃശൂർ മെഡിക്കൽ കോളജിന്റെ സഹകരണത്തോടെ നിയോനേറ്റൽ പീഡിയാട്രിക് ഡിപ്പാർട്മെന്റിന്റെ പ്രവർത്തനം വിപുലപ്പെടുത്തും. ഫീൽഡ് സ്റ്റാഫിന്റെ അംഗബലം വർദ്ധിപ്പിക്കുന്നതോടൊപ്പം മൊബൈൽ മെഡിക്കൽ യൂണിറ്റ് സംവിധാനവും സജ്ജമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
പട്ടികജാതി – പട്ടികവർഗ വകുപ്പ് നടപ്പിലാക്കുന്ന ജനനി ജന്മരക്ഷാ പദ്ധതി പ്രകാരം നൽകിവരുന്ന 2000 രൂപയ്ക്ക് പകരം ഗർഭിണികൾക്ക് പാകം ചെയ്ത ഭക്ഷണം ലഭ്യമാക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കും. ഈ വിഷയം ബന്ധപ്പെട്ട
വകുപ്പ് മന്ത്രിയുമായി ചർച്ച ചെയ്യുമെന്നും, പ്രദേശത്ത് ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിന് ജലവിഭവ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി. പാലക്കാട് മെഡിക്കൽ കോളജ് തന്റെ വകുപ്പിന്റെ കീഴിലല്ലെങ്കിലും, അട്ടപ്പാടിയിലെ രോഗികൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ പാലക്കാട് ജില്ലാ ആശുപത്രിയുടെ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള നടപടികൾ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
കളക്ടർ കെ.സുധീർ, ആരോഗ്യവകുപ്പ് അഡീഷനൽ ഡയറക്ടർ ഡോ.റീത്ത, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.കെ ബിന്ദു തോമസ്, വിദഗ്ധ സമിതി അംഗങ്ങളായ ഡോ.വിഎച്ച്.ശങ്കർ, ഡോ.ഐ.റിയാസ്, ഡോ.സി.ആർ.രശ്മി, ഡോ.എസ്.ലക്ഷ്മി, കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ഡോ.ഷിജിൻ ജോൺ തുടങ്ങിയ പ്രമുഖർ അവലോകന യോഗത്തിൽ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

