തിരുവമ്പാടി ∙ നവീകരിച്ച തിരുവമ്പാടി – കൂടരഞ്ഞി പൊതുമരാമത്ത് റോഡിൽ പുതുമ മാറും മുൻപു കുഴികൾ രൂപപ്പെട്ടു. കഴിഞ്ഞയാഴ്ച റോഡ് പ്രവൃത്തി പൂർത്തിയാക്കി വെള്ളവര ഇട്ടിരുന്നു.
എന്നാൽ ഈ ഭാഗത്ത് കുഴികൾ രൂപപ്പെട്ടതോടെ ഇന്നലെ റോഡ് വെട്ടിപ്പൊളിച്ച് അറ്റകുറ്റപ്പണി ആരംഭിച്ചു. റോഡിന്റെ പലഭാഗത്തും കുഴികളും വിണ്ടു കീറിയും നിൽക്കുന്നതിനാൽ ഈ ഭാഗത്തെല്ലാം പാച്ച് വർക്ക് ചെയ്യണം എന്ന അവസ്ഥയാണ്.8 മീറ്റർ വീതി ഉണ്ടായിരുന്ന 2.5 കിലോമീറ്റർ റോഡ് ചവലപ്പാറ വരെ അതേ വീതിയിൽ നവീകരിക്കുന്നതിന് 3.30 കോടി രൂപയാണ് അനുവദിച്ചത്. ക്രമപ്രകാരം റോഡ് നവീകരണം നടന്നില്ലെന്ന ആക്ഷേപവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു.
ആവശ്യത്തിനു ടാർ ചേർക്കാതെയാണ് മെറ്റൽ ഇട്ടതെന്നും തോടിന്റെ കരയിൽ സംരക്ഷണ ഭിത്തി കെട്ടിയില്ലെന്നുമുള്ള പരാതി പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ മുൻപിൽ ജനപ്രതിനിധികളും നാട്ടുകാരും അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല.
തോടിന്റെ സംരക്ഷണ കെട്ടാൻ നടപടി എടുക്കുമെന്ന് എംഎൽഎ അറിയിച്ചു. ആ പ്രവൃത്തിയും നടത്തിയില്ല.റോഡിന്റെ പലഭാഗത്തും ഓടയ്ക്ക് സ്ലാബ് ഇല്ലാത്ത അവസ്ഥയുണ്ട്.
ഈ പ്രശ്നങ്ങൾ ഒന്നും പരിഹരിക്കാതെയാണു വെള്ളവര ഇട്ട് നിർമാണം പൂർത്തിയായി എന്ന പ്രതീതി വരുത്താൻ ശ്രമിച്ചത്. എന്നാൽ പലഭാഗത്തും കുഴികളും വിള്ളലും ഉണ്ടായതോടെ വീണ്ടും വെട്ടിപ്പൊളിച്ച് കുഴി അടയ്ക്കൽ നടത്തുകയാണ് ഇപ്പോൾ അധികൃതർ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

