കോഴിക്കോട് ∙ കൃഷിമേഖലയിൽ മുന്നേറ്റം ലക്ഷ്യംവച്ച് 2 വർഷം മുൻപ് സർക്കാർ ഏറ്റെടുത്ത വേങ്ങേരി നഗര കാർഷിക മൊത്ത വിപണന കേന്ദ്രവും സ്ഥലത്തെ കോടിക്കണക്കിനു രൂപയുടെ ആസ്തിയും കൂട്ടിച്ചേർത്ത് സ്ഥാപിച്ച ‘കേരള അഗ്രോ ബിസിനസ് കമ്പനി’ (കാബ്കോ) പ്രവർത്തനം താളം തെറ്റി. രണ്ടു വർഷം പിന്നിട്ടിട്ടും തടമ്പാട്ടുതാഴം കേന്ദ്രത്തിലെ 25 ഏക്കർ സ്ഥലത്ത് വികസനം സാധ്യമാകാത്ത സാഹചര്യത്തിൽ കാബ്കോ വേങ്ങേരി മാർക്കറ്റിലെ വിവിധ ഭാഗങ്ങൾ സ്വകാര്യ മേഖലയ്ക്ക് കരാർ വ്യവസ്ഥയിൽ നൽകുന്നു.
ഇതിന്റെ ഭാഗമായി മാർക്കറ്റിൽ നേരത്തേ പ്രവർത്തിച്ച കന്റീൻ കെട്ടിടം ആധുനിക രീതിയിൽ അറ്റകുറ്റപ്പണി നടത്തി ടെൻഡർ വ്യവസ്ഥയിൽ കൈമാറാനാണ് പദ്ധതി. ഇതിനായി 25 ലക്ഷം രൂപയുടെ പ്രവൃത്തി ആരംഭിച്ചു.
അറ്റകുറ്റപ്പണി കഴിയുന്നതോടെ നൂറോളം വാഹനങ്ങൾക്ക് ഒരേ സമയം പാർക്കിങ് സൗകര്യമുള്ള റസ്റ്ററന്റായി കാബ്കോയുടെ വേങ്ങേരിയിലെ ഈ സ്ഥാപനം മാറും.
നേരത്തേ ഈ കെട്ടിടം കുടുംബശ്രീ നേതൃത്വത്തിൽ നടത്തിയിരുന്നു. എന്നാൽ വേണ്ടത്ര വിജയിച്ചില്ല.
തുടർന്ന് സ്ഥലം കാബ്കോ ഏറ്റെടുത്ത് സ്വന്തം നിലയിൽ വികസനം നടത്താനായിരുന്നു ലക്ഷ്യം. 2 വർഷം പിന്നിട്ടിട്ടും നടന്നില്ല.
അതോടെയാണ് വീണ്ടും കൃഷി വകുപ്പ് നടത്തിയ രീതിയിൽ പഴയ പോലെ സ്ഥലം കരാർ അടിസ്ഥാനത്തിൽ നടത്തിപ്പിനു നൽകുന്നത്.
25 ഏക്കർ ഭൂമിയിൽ 6 പവിലിയനുകളിലായി 118 മുറികളുണ്ട്. ഇതിൽ 116 മുറികളും ലേലത്തിൽ പോയി.
ശേഷിക്കുന്ന രണ്ടു മുറികൾ ഇന്നലെ ലേലത്തിൽ വച്ചു. രണ്ടാം പവിലിയനിൽ നേരത്തേ കൃഷിവകുപ്പിന്റെ മേൽനോട്ടത്തിൽ നടത്തിയ ‘ജില്ലാ കൃഷി ഹബ്’ 3 മാസം മുൻപ് സ്വകാര്യ പങ്കാളിത്തത്തോടെ എവർഗ്രീൻ എഫ്പിഒ ഗ്രൂപ്പിന് കൈമാറി.
കർഷകരുടെ ഉൽപന്നങ്ങൾ ശേഖരിച്ച് വിൽപന നടത്തുന്ന കൗണ്ടറിൽ ചെറുധാന്യങ്ങൾ, തേൻ, പച്ചക്കറികൾ, കശുവണ്ടി, നാടൻ വെളിച്ചെണ്ണ തുടങ്ങിയ ഉൽപന്നങ്ങളാണ് വിൽക്കുന്നത്. കൂടാതെ മാർക്കറ്റ് ഓഫിസിനു സമീപത്തെ ഒഴിഞ്ഞ സ്ഥലം സ്വകാര്യ വ്യക്തികൾക്ക് പച്ചക്കറി നടത്തുന്നതിന് മാസവാടകയ്ക്ക് നൽകിയിട്ടുണ്ട്.മാർക്കറ്റിന്റെ തെക്ക് ഭാഗത്തെ 2.5 ഏക്കർ ഭൂമിയിൽ ആധുനിക രീതിയിലുള്ള വെജിറ്റബിൾ ആൻഡ് കോക്കനട്ട് പാർക്ക് പദ്ധതി ആരംഭിക്കുന്നുണ്ട്.
ഇതിനായി സ്ഥലം ഒരുക്കൽ കഴിഞ്ഞു.
ഇതോടൊപ്പം കാബ്കോയുടെ നേതൃത്വത്തിൽ സ്ഥിരം എക്സിബിഷനുള്ള കൂറ്റൻ പവിലിയനും നിർമിക്കുന്നുണ്ട്. വിവാഹം, പൊതു സമ്മേളനങ്ങൾ, കൂടാതെ പ്രദർശന വിപണന മേള എന്നിവയ്ക്ക് യോജ്യമായ കെട്ടിടമാണ് നിർമിക്കുക.
നേരത്തേ 2022ൽ മാർക്കറ്റിൽ ‘അഗ്രി ഫെസ്റ്റ്’ എന്ന പേരിൽ മേള നടത്തിയിരുന്നു. ഈ പ്രദർശന വിപണന മേളയിൽ ഒന്നര ലക്ഷത്തോളം ജനങ്ങളാണ് 10 ദിവസം കൊണ്ട് പങ്കെടുത്തത്.
അഗ്രോ സൂപ്പർബസാർ ഓഫിസ് മാത്രമായി
കോഴിക്കോട് ∙ കർഷകർക്കാവശ്യമായ യന്ത്രങ്ങളും, വളം, അനുബന്ധ സാധനങ്ങളും സബ്സിഡി നിരക്കിൽ നൽകുന്നതിന് ഒരു വർഷം മുൻപ് വേങ്ങേരി മാർക്കറ്റിൽ കേരള അഗ്രി ഇൻഡസ്ട്രിയൽ കോർപറേഷൻ ലിമിറ്റഡിന്റെ കീഴിൽ ആരംഭിച്ച ‘അഗ്രോ സൂപ്പർ ബസാർ’ അടച്ചു പൂട്ടൽ ഭീഷണിയിൽ.
കഴിഞ്ഞ വർഷമാദ്യം 25 ലക്ഷം രൂപയിലേറെ മുടക്കി 2,500 സ്ക്വയർ ഫീറ്റിൽ പ്രവർത്തനം തുടങ്ങിയ സ്ഥാപനമാണ് മുറികൾ മാത്രമായി അവശേഷിക്കുന്നത്. നിലവിലുള്ള ജീവനക്കാരെ വിവിധ ഓഫിസിലേക്ക് മാറ്റിയും താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടും പ്രവർത്തനം നിലച്ച രീതിയിലാണ്.
പേരിനു ഒരു സർക്കാർ ജീവനക്കാരൻ മാത്രമാണുള്ളത്. അവശ്യ സാധനങ്ങൾ ഇല്ലാതെ മുറികൾ ഷട്ടറിട്ടു.
ഇപ്പോൾ ഓഫിസ് മാത്രമാണ് പ്രവർത്തിക്കുന്നത്. ഒരു കോടിയിലേറെ വിലവരുന്ന ട്രാക്ടർ, നിലം ഉഴുത് യന്ത്രങ്ങൾ തുരുമ്പെടുത്തതിനാൽ ലേലത്തിനു വിറ്റിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

