മേപ്പയൂർ ∙ വിവാഹവുമായി ബന്ധപ്പെട്ടു മണിക്കൂറുകളോളം റോഡിൽ ഗതാഗതം തടസ്സം സൃഷ്ടിച്ച സംഭവത്തിൽ വാഹന ഉടമകൾക്കെതിരെയും ഓടിച്ചവർക്കെതിരെയും നടപടിയെടുത്ത് മോട്ടർ വാഹന വകുപ്പ്. സംഭവത്തിൽ ഉൾപ്പെട്ട
7 വാഹനങ്ങളിൽ മൂന്നെണ്ണം പേരാമ്പ്ര ജോയിന്റ് ആർടിഒ ടി.എം.പ്രഗീഷിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തു. വാഹനങ്ങളുടെ റജിസ്ട്രേഷൻ റദ്ദാക്കുകയും ഓടിച്ചവരുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു.
വാഹനങ്ങൾ പേരാമ്പ്ര ആർടിഒ ഓഫിസിൽ ഹാജരാക്കിയിരുന്നു.
യഥാർഥ നമ്പർ പ്ലേറ്റ് മാറ്റി ഫാൻസി നമ്പർ പ്ലേറ്റ് ഉപയോഗിച്ചായിരുന്നു വാഹനം ഓടിച്ചതെന്നും സ്വകാര്യ വാഹനത്തിൽ ടാക്സി നമ്പർ പ്ലേറ്റ് ഉപയോഗിച്ചതായും സൈലൻസർ മാറ്റിയതായും കണ്ടെത്തി.
സംഭവത്തിൽ മേപ്പയൂർ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. പിടിച്ചെടുത്ത വാഹനങ്ങൾ മോട്ടർ വാഹന വകുപ്പ് മേപ്പയൂർ പൊലീസിനു കൈമാറി.
ബാക്കിയുള്ള 4 വാഹനങ്ങളും ഉടൻ പിടികൂടും. വാഹനം ഓടിച്ചവർ മോട്ടർ വാഹന വകുപ്പിന്റെ എടപ്പാളിലെ ട്രെയിനിങ് സെന്ററിൽ ഒരാഴ്ച റോഡ് സുരക്ഷാ ക്ലാസിൽ പങ്കെടുക്കുകയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു മാസം സാമൂഹിക സേവനം നടത്തുകയും ചെയ്യണം.
മഞ്ഞക്കുളത്തായിരുന്നു കാറിനു മുകളിൽ കയറിയും ഡോറിനു മുകളിൽ കയറിയിരുന്നും ബഹളമുണ്ടാക്കിയും മറ്റുള്ളവർക്കു യാത്രാതടസ്സമുണ്ടാക്കിയും മുപ്പതിലേറെ യുവാക്കൾ യാത്ര ചെയ്തത്. പ്രതിഷേധിച്ച നാട്ടുകാർ പ്രശ്നമുണ്ടാക്കിയ വാഹനങ്ങളുടെ വിവരങ്ങൾ പൊലീസിനു കൈമാറിയിരുന്നു.
പരിശോധനയ്ക്ക് എഎംവിഐമാരായ വി.പി.ശ്രീജേഷ്, പി.സജീർ, പി.എ.ഷിനു എന്നിവർ നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

