കോഴിക്കോട് ∙ സിറ്റിയുടെ പൊലീസ് അതിർത്തി കാക്കുന്ന സുരക്ഷാ ക്യാമറകൾ കണ്ണടച്ചു. 3 വർഷം മുൻപ് ആഭ്യന്തര വകുപ്പ് ഒരു കോടിയിലേറെ രൂപ ചെലവിട്ടു സ്ഥാപിച്ച ക്യാമറകളാണ് ഇവ.
പൊലീസ് ആവശ്യപ്പെട്ടതിനെ തുടർന്ന് സ്വകാര്യ സ്ഥാപനങ്ങൾ സിറ്റിയിൽ സ്ഥാപിച്ച ക്യാമറകളിൽ പലതും പ്രവർത്തനം നിലച്ചു. ക്യാമറകൾ പ്രവർത്തിക്കാതായതോടെ പല കേസുകളിലും വിവരശേഖരണം നടക്കാതെ തുടരന്വേഷണം വഴിമുട്ടിയ അവസ്ഥയാണ്.
ജില്ലയിൽ മോട്ടർ വാഹന വിഭാഗത്തിന്റെ 63 എഐ ക്യാമറകളും സിറ്റിയിൽ 45 ക്യാമറകളും കൂടാതെ അതിർത്തി പ്രദേശത്ത് 24 ക്യാമറകളും ഉൾപ്പെടെ 132 എണ്ണമാണ് വിവിധ കേസുകളിൽ പൊലീസ് അന്വേഷണത്തിന് ആശ്രയിക്കുന്നത്.
ഇതിൽ നഗരത്തിൽ നിന്നു മറ്റു ജില്ലകളിലേക്ക് കടക്കുന്ന പ്രധാന റോഡുകളിൽ രാമനാട്ടുകര, എലത്തൂർ, പുറക്കാട്ടിരി, പടനിലം, മാവൂർ അതിർത്തി പ്രദേശം, ഇവിടേക്കുള്ള അനുബന്ധമായ ചെറിയ റോഡുകൾ എന്നിവിടങ്ങളിൽ സ്ഥാപിച്ച 24 ക്യാമറകളിൽ 21 എണ്ണവും നിശ്ചലമാണ്. കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തതാണ് പ്രശ്നം.
പൊലീസ് ആവശ്യപ്രകാരം സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും റോഡിൽ പലയിടങ്ങളിലായി സ്ഥാപിച്ച 45 ക്യാമറകളിൽ നഗരത്തിലെ 12 എണ്ണം പ്രവർത്തിക്കുന്നില്ല.
റോഡ് നിർമാണത്തിന്റെ ഭാഗമായി ഇളക്കി മാറ്റിയതും കണക്ഷൻ വേർപെട്ടതും ഉൾപ്പെടെയുള്ള പ്രശ്നങ്ങളാണ് കാരണം. എന്നാൽ മോട്ടർ വാഹന വിഭാഗത്തിന്റെ 63 ക്യാമറകളിൽ ഒന്ന് മാത്രമാണ് പ്രവർത്തന രഹിതമായത്.
അതിർത്തികളിലെ 24 ആധുനിക ക്യാമറകളുടെ അറ്റകുറ്റപ്പണി വാറന്റി കഴിഞ്ഞ മാർച്ചിൽ അവസാനിച്ചു. അതോടെ ക്യാമറ സ്ഥാപിച്ച സ്ഥാപനവുമായുള്ള കരാർ അവസാനിച്ചു.
ക്യാമറ അറ്റകുറ്റപ്പണി നടത്താൻ സ്വകാര്യ കമ്പനിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അറ്റകുറ്റപ്പണിക്ക് ഒരു കോടിയിലേറെ രൂപ ചെലവാകുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ക്യാമറയില്ല, തുമ്പില്ല
കോഴിക്കോട്∙ മെഡിക്കൽ കോളജ്, ടൗൺ പൊലീസ് പരിധിയിൽ നടന്ന 2 കേസുകളിൽ ക്യാമറ ദൃശ്യം ലഭിക്കാത്ത സാഹചര്യത്തിൽ പ്രതികളെ കണ്ടെത്താൻ കഴിയാതെ പൊലീസ്. കുതിരവട്ടം ഗവ.മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്നു കഴിഞ്ഞ മാസം കൊലപാതക കേസ് പ്രതി മതിൽ തുരന്ന് കടന്നുകളഞ്ഞ സംഭവത്തിൽ 27 ദിവസം പിന്നിട്ടിട്ടും പൊലീസിനു തുമ്പൊന്നും ലഭിച്ചില്ല.
ക്യാമറകൾ പണിമുടക്കിയതിനാൽ വ്യക്തമായ വിവരം ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.മാനാഞ്ചിറ എസ്ബിഐക്കു സമീപം രാവിലെ നടന്നു പോകുന്ന സ്ത്രീയുടെ സ്വർണമാല തട്ടിപ്പറിച്ചു യുവതി കടന്നുകളഞ്ഞ സംഭവത്തിൽ ഒരാഴ്ചയായിട്ടും പ്രതിയെ കുറിച്ച് സൂചന ലഭിച്ചില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

