പച്ചപ്പനയോലയുടെ മണവും ഗ്രാമീണ കരവിരുതിന്റെ ഭംഗിയും സമന്വയിച്ച വേറിട്ട കാഴ്ചയ്ക്കു സാക്ഷ്യം വഹിച്ച് ചാത്തമംഗലം എൻഐടി മൈതാനം.
അറുപത്തിയെട്ടാമത് സംസ്ഥാന സ്കൂൾ കായിക മേളയെ വരവേൽക്കാനായി പ്രകൃതിസൗഹൃദ സന്ദേശവുമായി ജില്ലാ ശുചിത്വ മിഷനും ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റിയും ചാത്തമംഗലം ഗ്രാമപഞ്ചായത്തും ചേർന്ന് ഒരുക്കിയ വല്ലം മെടയൽ മത്സരത്തിലാണ് പഴമയുടെ ഓർമ പുതുക്കലും ഗ്രാമീണ തനിമയും ഒത്തുചേർന്നത്. അന്യം നിന്നുപോകുന്ന നാടൻ കൈത്തൊഴിലിന് പുതുജീവൻ നൽകിയതിനൊപ്പം, കായികമേള പൂർണമായും മാലിന്യമുക്തമാക്കുക എന്ന ഹരിതസന്ദേശം നൽകാനും മത്സരത്തിനായി.
നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 21 പ്രാദേശിക കലാകാരന്മാരും മുതിർന്നവരുമാണ് മത്സരത്തിൽ മാറ്റുരച്ചത്. പരിസരങ്ങളിലെ തോട്ടങ്ങളിൽ നിന്ന് ശേഖരിച്ച പച്ച തെങ്ങോലകൾ ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ അതിമനോഹരമായ വല്ലങ്ങളാണ് മത്സരാർഥികൾ തത്സമയം മെടഞ്ഞത്.
പൂർണമായും പ്ലാസ്റ്റിക് രഹിതമായി നിർമിച്ച വല്ലങ്ങൾ കായികമേളയുടെ വിവിധ വേദികളിൽ മാലിന്യ ശേഖരണത്തിനായി ഉപയോഗിക്കും. കായിക മാമാങ്കത്തിൽ പൊതുജനപങ്കാളിത്തം ഉറപ്പാക്കുന്നതിനൊപ്പം, പുതിയ തലമുറയ്ക്ക് അന്യംനിന്നു പോകുന്ന നാടൻ കരവിരുതുകളെക്കുറിച്ച് അറിവു പകരുക എന്ന ലക്ഷ്യവുമായാണ് മത്സരം സംഘടിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുനീർ എരവത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.
നദീറ അധ്യക്ഷത വഹിച്ചു. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ.
അനീഷ്, ദേശീയ അധ്യാപക അവാർഡ് ജേതാവ് നിയാസ് ചോല, ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി കൺവീനർ പി.സി. അബ്ദുറഹീം, ടി.
മനോജ്, രാജൻ മാസ്റ്റർ വടകര, പി. കൃഷ്ണകുമാർ, കെ.
പ്രീത, ടി. റിയാസ് കക്കാട്, ജുബ്ന, ഷഫീഖ് കോവൂർ, മുജീബ് കക്കാട് തുടങ്ങിയവർ സംസാരിച്ചു.
ആവേശകരമായ മത്സരത്തിൽ ചേനോളി സ്വദേശി കെ.എം. ഗോവിന്ദൻ ഒന്നാം സ്ഥാനവും വെള്ളലശ്ശേരി സ്വദേശി പി.
നിഷ രണ്ടാം സ്ഥാനവും വെള്ളന്നൂർ സ്വദേശി സ്നേഹ പ്രഭ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നും രണ്ടും സ്ഥാനക്കാർക്ക് സ്വർണപ്പതക്കവും പങ്കെടുത്ത മുഴുവൻ ആളുകൾക്കും പ്രോത്സാഹന സമ്മാനങ്ങളും സമ്മാനിച്ചു.
വേസ്റ്റ് മെറ്റീരിയലുകൾ ഉപയോഗിച്ച് മനോഹരമായി കുട്ട നിർമിച്ച് ഖദീജ ചോല മത്സരരംഗത്ത് വേറിട്ട
കാഴ്ചയൊരുക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

