കോഴിക്കോട് ജില്ലയിൽ പ്രകൃതിക്ഷോഭത്തെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിച്ച അറുനൂറിലേറെ കുടുംബങ്ങൾ സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭിക്കാതെ പ്രതിസന്ധിയിൽ. ദുരന്തം സംഭവിച്ച് രണ്ട് വർഷം പിന്നിട്ടിട്ടും അർഹരായവർക്ക് സഹായം ലഭ്യമാക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്ന പരാതി വ്യാപകമാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജില്ലാ ഭരണകൂടം, വിവിധ സർക്കാർ വകുപ്പുകൾ എന്നിവിടങ്ങളിൽ നിരന്തരം പരാതികൾ നൽകിയിട്ടും നടപടികൾ അനിശ്ചിതമായി നീളുന്നതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. 2024 ജൂൺ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ ജില്ലയിലെ 600-ലേറെ പേർക്കായി 12 കോടി രൂപയാണ് ദുരിതാശ്വാസ ഫണ്ടിൽ നിന്നും അനുവദിക്കാനുള്ളത്.
കൃഷിനാശം നേരിട്ടവരും, വീടുകൾ ഭാഗികമായും പൂർണമായും നഷ്ടപ്പെട്ടവരും ഉൾപ്പെടെയുള്ളവർ വലിയ പ്രതീക്ഷയോടെ സഹായത്തിനായി കാത്തിരിക്കുകയാണ്. വീടുകളുടെ അറ്റകുറ്റപ്പണികളും തകർന്ന റോഡുകളുടെ പുനരുദ്ധാരണവും പൂർത്തീകരിക്കാനാവാതെ ജനം ദുരിതത്തിലായ അവസ്ഥയാണുള്ളത്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപായി നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനായി ജില്ലാ ഭരണകൂടം പ്രത്യേക പദ്ധതി ആസൂത്രണം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബറിൽ ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ, അർഹരായവരുടെ പട്ടിക കലക്ടർക്കും സർക്കാരിനും സമർപ്പിച്ചിരുന്നു.
തിരഞ്ഞെടുപ്പിന് ശേഷം ഫണ്ട് അനുവദിച്ചതായി ദുരന്ത നിവാരണ വകുപ്പിൽ നിന്നും ജില്ലാ ഭരണകൂടത്തിന് അറിയിപ്പ് ലഭിച്ചെങ്കിലും, തുക ഇതുവരെയും ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ എത്തിയിട്ടില്ല. നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് തുക ലഭിക്കുമെന്ന ജനങ്ങളുടെ പ്രതീക്ഷ അസ്ഥാനത്താവുകയായിരുന്നു.
തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ, കഴിഞ്ഞ ആഴ്ച ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ച റിമൈൻഡർ റിപ്പോർട്ട് വീണ്ടും ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
പുതിയ മന്ത്രിസഭ അധികാരമേറ്റ പശ്ചാത്തലത്തിൽ ഫണ്ട് അടിയന്തരമായി ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ. ഫണ്ട് വൈകിയത് റോഡ് പുനർനിർമാണം, വീടുകളുടെ അറ്റകുറ്റപ്പണി എന്നിവ സ്വന്തം നിലയ്ക്ക് ചെയ്ത കരാറുകാരെയും വലിയ തോതിൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
കൃഷിനാശം, മൃഗങ്ങൾക്കുണ്ടായ നഷ്ടം, ദുരിതബാധിതരുടെ പുനരധിവാസം എന്നിവയിൽ അടിയന്തരമായ സർക്കാർ ഇടപെടൽ അനിവാര്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

